ന്യൂദൽഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പാകിസ്ഥാന്റെ പരാമർശങ്ങൾ തള്ളി വിദേശകാര്യമന്ത്രാലയം.
വിവിധ മതവിഭാഗങ്ങളിലെ ന്യൂനപക്ഷങ്ങളെ പാകിസ്ഥാൻ ഭയാനകവും വ്യവസ്ഥാപിതവുമായ ഇരകളാക്കുന്നുവെന്നും അത് വസ്തുതയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
എത്ര വിരൽ ചൂണ്ടിയാലും അത് അവ്യക്തമാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനം വളരെയധികം ആശങ്കാജനകമാണെന്നും ക്രിസ്മസ് വേളയിൽ നടന്ന സംഭവങ്ങൾ അപലപനീയമാണെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രി താഹിർ ആൻഡ്രാബി പറഞ്ഞിരുന്നു.
ഇന്ത്യയിലെ ചില സ്ഥലങ്ങളിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പാകിസ്ഥാൻ വിദേശകാര്യ മന്ത്രി.
എന്നാൽ ഏറ്റവും മോശം റെക്കോർഡുള്ള ഒരു രാജ്യത്തിന്റെ പ്രസ്താവനകളെ തങ്ങൾ നിരസിക്കുന്നുവെന്നായിരുന്നു രൺധീർ ജയ്‌സ്വാളിന്റെ പ്രതികരണം.
രാജ്യത്ത് ക്രിസ്മസ് ആഘോഷത്തിനിടെ ആക്രമണങ്ങൾ നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അസമിലെ നൽബാരി ജില്ലയിൽ രൂപത സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനുനേരെ വി.എച്ച്.പി ബജ്‌രംഗ്ദൾ നേതാക്കൾ ജയ്‌ശ്രീറാം വിളിച്ച് ആക്രമണം നടത്തിയിരുന്നു.
20 ഓളം വരുന്ന ബജ്‌രംഗ്ദൾ, വി.എച്ച്.പി പ്രവർത്തകർ ജയ്‌ശ്രീറാം ജയ് ഹിന്ദു രാഷ്ട്ര എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ക്രിസ്മസ് അലങ്കാരങ്ങൾ തീയിടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
മൂന്ന് മാളുകളിലും സമാനമായ സംഭവങ്ങൾ അരങ്ങേറിയതായും ഇതും ആഘോഷത്തെ ബാധിച്ചതായും നൽബാരി ജില്ലാ ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.
Content Highlight: Pakistan says minorities in India are being attacked; India rejects remarks