ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമുള്ള പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനം ആരംഭിച്ചിരിക്കുകയാണ്. അഞ്ച് ടി-20കളും മൂന്ന് ഏകദിനങ്ങളുമാണ് പാക് പട കിവികളുടെ തട്ടകത്തിലെത്തി കളിക്കുന്നത്. ഇതില്‍ ടി-20 പരമ്പരയാണ് ആദ്യം.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ മോശം തോല്‍വിയേറ്റുവാങ്ങിയിരുന്നു. ഹാഗ്‌ലി ഓവലില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ടീമിന്റെ പരാജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യം 59 പന്ത് ബാക്കി നില്‍ക്കവെയാണ് ന്യൂസിലാന്‍ഡ് മറികടന്നത്.
KFC T20I series underway with a win! Tim Seifert (44) and Finn Allen (29*) steer the chase home for a 9-wicket victory on the back of a clinical bowling effort. Catch up on the scores at https://t.co/3YsfR1YBHU or through the NZC app. 📲
ടോസ് നേടിയ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ സന്ദര്‍ശകരെ ബാറ്റിങ്ങിനയച്ചു. തുടക്കം തന്നെ പാളിയാണ് പാകിസ്ഥാന്‍ ബാറ്റിങ് ആരംഭിച്ചത്. കൈല്‍ ജാമിസണെറിഞ്ഞ ആദ്യ ഓവറില്‍ ഒറ്റ റണ്‍സ് പോലും നേടാന്‍ പാകിസ്ഥാന് സാധിച്ചിരുന്നില്ല. ഓവറിലെ അവസാന പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസ് പുറത്താവുകയും ചെയ്തു.
രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ രണ്ടാം ഓപ്പണര്‍ ഹസന്‍ നവാസിന്റെ വിക്കറ്റും ടീമിന് നഷ്ടമായി. സില്‍വര്‍ ഡക്കായാണ് താരം മടങ്ങിയത്. 1.2 ഓവറില്‍ പൂജ്യത്തിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് പാകിസ്ഥാന്‍ തുടങ്ങിയത്.
രണ്ടാം വിക്കറ്റ് വീണ് കൃത്യം ആറാം പന്തില്‍ പാകിസ്ഥാന്റെ മൂന്നാം വിക്കറ്റും നഷ്ടമായി. ആറ് പന്തില്‍ ഒരു റണ്‍സ് നേടിയ ഇര്‍ഫാന്‍ ഖാന്‍ നൈസിയാണ് പുറത്തായത്. ആറ് പന്തില്‍ ഒറ്റ റണ്‍സുമായി അധികം വൈകാതെ ഷദാബ് ഖാനും മടങ്ങി.
തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ കിവികള്‍ പാകിസ്ഥാനെ 18.4 ഓവറില്‍ 91ന് പുറത്താക്കി.
Pakistan are all out for 91 in the first innings 🏏
30 പന്തില്‍ 32 റണ്‍സ് നേടിയ ഖുഷ്ദില്‍ ഷായാണ് പാകിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 20 പന്ത് നേരിട്ട് 18 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ രണ്ടാമത് മികച്ച റണ്‍ ഗെറ്ററായി. ഇവര്‍ക്ക് പുറമെ 17 പന്തില്‍ 17 റണ്‍സ് നേടിയ ജഹാനന്ദ് ഖാനാണ് പാകിസ്ഥാന്‍ നിരയില്‍ ഇരട്ടയക്കം കണ്ട ഏക താരം.
ന്യൂസിലാന്‍ഡിനായി ജേകബ് ഡഫി ഫോര്‍ഫര്‍ പൂര്‍ത്തിയാക്കി. മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയാണ് ഡഫി നാല് വിക്കറ്റ് നേടിയത്. കൈല്‍ ജാമിസണ്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ രണ്ട് വിക്കറ്റുമായി ഇഷ് സോധിയും മോശമാക്കിയില്ല. സാക്രി ഫോള്‍ക്‌സാണ് ശേഷിച്ച വിക്കറ്റ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് ആദ്യ വിക്കറ്റില്‍ തന്നെ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി തകര്‍ത്തടിച്ചു. ടീം സ്‌കോര്‍ 53ല്‍ നില്‍ക്കവെ ടിം സീഫെര്‍ട്ടിനെ അബ്രാര്‍ അഹമ്മദ് പുറത്താക്കി. 29 പന്തില്‍ 44 റണ്‍സാണ് താരം നേടിയത്.
കാര്യങ്ങള്‍ അധികം വെച്ചുനീട്ടാതെ ഫിന്‍ അലനും (17 പന്തില്‍ പുറത്താകാതെ 29) ടിം റോബിന്‍സണും (15 പന്തില്‍ പുറത്താകാതെ 18) കിവീസിനെ വിജയത്തിലേക്ക് നയിച്ചു.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 1-0ന് നിലയില്‍ മുമ്പിലാണ്. മാര്‍ച്ച് 18നാണ് പരമ്പരയിലെ രണ്ടാം മത്സരം. യൂണിവേഴ്‌സിറ്റി ഓവലാണ് വേദി.
Content highlight: Pakistan’s tour of New Zealand: NZ defeated PAK in 1st T20