എട്ടിന്റെ പണി; നിര്‍ണായക മത്സരത്തിന് മുമ്പേ തിരിച്ചടി, പാക് ക്യാമ്പില്‍ ആശങ്ക
icc world cup
എട്ടിന്റെ പണി; നിര്‍ണായക മത്സരത്തിന് മുമ്പേ തിരിച്ചടി, പാക് ക്യാമ്പില്‍ ആശങ്ക
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th October 2023, 8:52 pm

ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക മത്സരത്തിന് മുമ്പ് നിരാശാജനകമായ വാര്‍ത്തകളാണ് പാകിസ്ഥാന്‍ ക്യാമ്പില്‍ നിന്നും പുറത്തുവരുന്നത്. സൂപ്പര്‍ താരങ്ങളുടെ അനാരോഗ്യമാണ് പാകിസ്ഥാനെ ആശങ്കയിലാഴ്ത്തുന്നത്.

പേസ് സെന്‍സേഷന്‍ ഷഹീന്‍ ഷാ അഫ്രിദി, ഓപ്പണര്‍ അബ്ദുള്ള ഷഫീഖ്, ബാക്ക് അപ് സ്പിന്നര്‍ ഒസാമ മിര്‍ എന്നിവര്‍ക്ക് കടുത്ത പനി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

 

താരങ്ങള്‍ക്ക് നെഞ്ചില്‍ അണുബാധയുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പാക് ക്യാമ്പില്‍ അത്തരം പ്രശ്‌നങ്ങളില്ല എന്നാണ് പ്രമുഖ കായിക മാധ്യമമായ സ്‌പോര്‍ട്‌സ് തക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മേല്‍പറഞ്ഞ താരങ്ങളുള്‍പ്പടെ അഞ്ചോളം താരങ്ങള്‍ക്കാണ് നിലവില്‍ പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് ടീമുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഷഹീന്‍ അഫ്രിദി ആന്റിബയോടിക് ഡ്രിപ് സ്വീകരിക്കുന്നുണ്ടെന്നും അബ്ദുള്ള ഷഫീഖ് അടക്കമുള്ളവര്‍ ചികിത്സയിലാണെന്നും വൃത്തങ്ങള്‍ അറിയിച്ചു.

സമാന്‍ ഖാനും ഇത്തരത്തില്‍ മോശം ആരോഗ്യ സ്ഥിതിയില്‍ തുടരുന്നത് ടീമിന് ഇരട്ട തിരിച്ചടി നല്‍കുകയാണ്.

ഒസാമ മിര്‍ നിലവില്‍ ക്വാറന്റൈനിലാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് ദിവസമായി അദ്ദേഹം രോഗബാധിതനാണെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.

താരങ്ങളുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും അവര്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നും ടീമിന്റെ മീഡിയ മാനേജര്‍ വ്യക്തമാക്കി.

ഇന്ത്യക്കെതിരായ പരാജയത്തിന് പിന്നാലെ പാകിസ്ഥാന് നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ക്യാപ്റ്റന്‍ ബാബര്‍ അടക്കമുള്ള താരങ്ങളെ ക്രൂശിച്ചുകൊണ്ടാണ് മുന്‍ പാക് താരങ്ങളടക്കം രംഗത്തെത്തിയത്.

ഈ തോല്‍വിഭാരത്തില്‍ നിന്നും കരകയറാന്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ടീമിന് വിജയിച്ചേ മതിയാകൂ. സാഹചര്യങ്ങള്‍ പ്രതികൂലമാണെങ്കിലും വിജയം മാത്രമാണ് ബാബറും സംഘവും ലക്ഷ്യമിടുന്നത്.

ഒക്ടോബര്‍ 20നാണ് പാകിസ്ഥാന്‍ – ഓസ്‌ട്രേലിയ മത്സരം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്.

 

Content Highlight:  Pakistan players fall sick in Bengaluru ahead of important match against Australia