| Tuesday, 4th November 2025, 7:27 am

ആണവ പരീക്ഷണം നടത്തുന്നവരില്‍ പാകിസ്ഥാനും; പരീക്ഷിക്കാത്തത് യു.എസ് മാത്രം: ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അഞ്ച് വര്‍ഷത്തിനുള്ളില്‍ റഷ്യയുടെയും ചൈനയുടെയും ആണവായുധ ശേഖരം യു.എസിന് തുല്യമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

വ്യാഴാഴ്ച ഇരുരാജ്യങ്ങളുമായും തുല്യ അടിസ്ഥാനത്തില്‍ യു.എസിന്റെ ആണവായുധ പരീക്ഷണം ഉടന്‍ ആരംഭിക്കാന്‍ യുദ്ധവകുപ്പിന് നിര്‍ദേശം നല്‍കിയതായും ട്രംപ് പറഞ്ഞു. സി.ബി.എസ് വാര്‍ത്താ ചാനലിന്റെ 60 മിനിറ്റ്‌സ് എന്ന ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

1992ന് ശേഷം ആദ്യമായി യു.എസ് ഭരണകൂടം ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ട്രംപ്.

‘റഷ്യയും ചൈനയും അവരുടെ ആണവ ശേഖരം അതിവേഗത്തിലാണ് വളര്‍ത്തിയെടുക്കുന്നത്. ആണവായുധങ്ങള്‍ വളരെ സജീവമായി പരീക്ഷിക്കുന്ന രാജ്യങ്ങളില്‍ പാകിസ്ഥാനും ഉള്‍പ്പെടുന്നു. ആണവ നിരായുധീകരണത്തിനായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്,’ ട്രംപ് പറഞ്ഞു.

ഇന്ത്യ-പാക് ബന്ധം വഷളായി തുടരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്‍ ആണവ പരീക്ഷണം നടത്തുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ വാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ നല്‍കാന്‍ ട്രംപ് തയ്യാറായിട്ടില്ല.

റഷ്യയുടെ കൈവശം ധാരാളം ആണവായുധങ്ങളുണ്ട്. ചൈനയുടെ പക്കലുമുണ്ടാകാം. എന്നാല്‍ ലോകത്തെ 150 തവണ തകര്‍ക്കാന്‍ ആവശ്യമായ ആണവ ശേഖരമാണ് യു.എസിനുള്ളതെന്നും ട്രംപ് അവകാശപ്പെട്ടു.

റഷ്യ ആണവ പരീക്ഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതിനാലാണ് യു.എസും അതിന് തയ്യാറെടുക്കുന്നതെന്നും ട്രംപ് പറഞ്ഞു. ആണവ നിരായുധീകരണത്തിനുള്ള ആഹ്വാനങ്ങള്‍ക്കിടയില്‍ യു.എസ് എന്തുകൊണ്ട് ഒരു പരീക്ഷണത്തിന് ശ്രമം നടത്തുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചോദ്യത്തില്‍, ആണവായുധങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നിങ്ങള്‍ കാണേണ്ടതുണ്ടെന്നും ട്രംപ് മറുപടി നല്‍കി. ഉത്തര കൊറിയയും ആണവ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നും പരീക്ഷണം നടത്താത്ത ഒരേയൊരു രാജ്യം യു.എസാണെന്നും ട്രംപ് അവകാശപ്പെട്ടു.

എന്നാല്‍ ചൈനയും റഷ്യയും പരീക്ഷണം നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. പക്ഷേ ഇക്കാര്യങ്ങള്‍ ഒന്നും റഷ്യയും ചൈനയും പുറത്തുപറയുന്നില്ലെന്നും പ്രവര്‍ത്തനങ്ങളെല്ലാം രഹസ്യമാണെന്നും യു.എസ് പ്രസിഡന്റ് പറയുന്നു.

അതേസമയം സിസ്റ്റം പരീക്ഷണങ്ങള്‍ക്കാണ് ട്രംപ് നിര്‍ദേശം നല്‍കിയതെന്ന് യു.എസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു. ഇതിനെ നോണ്‍-ക്രിട്ടിക്കല്‍ സ്‌ഫോടനങ്ങള്‍ എന്നാണ് വിളിക്കുന്നത്.

Content Highlight: Pakistan is among those who are testing nuclear weapons; only US has not tested: Trump

We use cookies to give you the best possible experience. Learn more