ഇവനെ നേരിടാന്‍ പ്രയാസമെന്ന് കോഹ്‌ലി പോലും പറഞ്ഞ ബൗളര്‍; വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചുവന്നത് പാകിസ്ഥാനെ കിരീടമണിയിക്കാനോ?
Sports News
ഇവനെ നേരിടാന്‍ പ്രയാസമെന്ന് കോഹ്‌ലി പോലും പറഞ്ഞ ബൗളര്‍; വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചുവന്നത് പാകിസ്ഥാനെ കിരീടമണിയിക്കാനോ?
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 21st April 2024, 8:47 am

 

ന്യൂസിലാന്‍ഡിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം ടി-20യില്‍ ആതിഥേയര്‍ക്ക് വിജയം. റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 47 പന്തും ഏഴ് വിക്കറ്റും ബാക്കി നില്‍ക്കവെയാണ് പാകിസ്ഥാന്‍ വിജയിച്ചുകയറിയത്.

ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-0ന് മുമ്പിലെത്താനും പാകിസ്ഥാനായി. പരമ്പരയിലെ ആദ്യ മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ മൂന്നക്കം കാണുന്നതിന് മുമ്പ് പുറത്താക്കി. ഷഹീന്‍ ഷാ അഫ്രിദിയും മുഹമ്മദ് ആമിറും ഷദാബ് ഖാനും അടങ്ങുന്ന ബൗളിങ് നിരയാണ് കിവികളുടെ തലകള്‍ അരിഞ്ഞിട്ടത്.

3.1 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് മുന്‍ നായകന്‍ ഷഹീന്‍ അഫ്രിദി നേടിയത്. വിക്കറ്റ് കീപ്പര്‍ ടിം സീഫെര്‍ട്, കോള്‍ മക്കോന്‍ചി, ബെന്‍ ലിസ്റ്റര്‍ എന്നിവരെയാണ് ഷഹീന്‍ പുറത്താക്കിയത്.

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ടീമിന്റെ ഭാഗമായ മുഹമ്മദ് ആമിറും തകര്‍ത്തെറിഞ്ഞു. മൂന്ന് ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് താരം നേടിയത്. ടിം റോബിന്‍സണെയും ഡീന്‍ ഫോക്‌സ്‌ക്രോഫ്റ്റിനെയുമാണ് താരം മടക്കിയത്.

ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ പ്രയാസമുണ്ടാക്കാന്‍ പോകുന്ന ബൗളര്‍ ആമിര്‍ ആയിരിക്കുമെന്നാണ് അനലിസ്റ്റുകള്‍ കരുതുന്നത്. വിരാട് പോലും ‘ടഫ് റ്റു ഫേസ്’ എന്ന് വിശേഷിപ്പിച്ച ആമിറിനെതിരെ തന്നെയാകും ഇന്ത്യ തന്ത്രങ്ങള്‍ മെനയേണ്ടി വരിക.

അതേസമയം, ആമിറിന് പുറമെ ഷദാബ് ഖാനും അബ്രാര്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം നേടിയിരുന്നു. ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്‌വെല്ലിനെയും ഇഷ് സോധിയെയും ഷദാബ് പുറത്താക്കിയപ്പോള്‍ മാര്‍ക് ചാപ്മാനെയും ജിമ്മി നീഷമിനെയുമാണ് അബ്രാര്‍ പുറത്താക്കിയത്. നസീം ഷായാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

ഒടുവില്‍ 18.1 ഓവറില്‍ ന്യൂസിലാന്‍ഡ് 90റണ്‍സിന് ഓള്‍ ഔട്ടായി. 16 പന്തില്‍ 19 റണ്‍സ് നേടിയ മാര്‍ക് ചാപ്മാനാണ് ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ മുഹമ്മദ് റിസ്വാന്റെ കരുത്തില്‍ 13ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ മത്സരം വിജയിക്കുകയായിരുന്നു.

ഞായറാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം. റാവല്‍പിണ്ടിയാണ് വേദി.

ടി-20 ലോകകപ്പിന് മുമ്പുള്ള പാകിസ്ഥാന്റെ അവസാന പരമ്പരയായതിനാല്‍ ഇതിലെ പ്രകടനം തന്നെയാകും ടി-20 ലോകകപ്പിനുള്ള ടീം സെലക്ഷനിലും നിര്‍ണായകമാവുക.

 

 

Content highlight: Pakistan defeated New Zealand