2025 ഏഷ്യാ കപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് മേല്‍ കടുത്ത നടപടികളുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. പാകിസ്ഥാന് പുറത്തുള്ള മറ്റ് വിദേശ ടി-20, ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കുന്നതിനുള്ള പാക് താരങ്ങളുടെ എന്‍.ഒ.സി (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) പി.സി.ബി റദ്ദാക്കിയിരിക്കുകയാണ്. ഇതോടെ വിദേശ ലീഗുകളില്‍ കളിക്കാന്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് സാധിക്കില്ല.
ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഒ സുമാരി അഹമ്മദ് സയ്യദ് താരങ്ങള്‍ക്കും അവരുടെ ഏജന്റുകള്‍ക്കും എന്‍.ഒ.സി റദ്ദാക്കിയതിനെ സംബന്ധിച്ചുള്ള വിവരമറിയിച്ചിട്ടുണ്ട്.
‘പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്റെ അനുമതി പ്രകാരം വിദേശ ലീഗുകളിലും രാജ്യങ്ങളിലെ ടൂര്‍ണമെന്റുകളിലും കളിക്കുന്നതിനായുള്ള എല്ലാ നോ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇതിനാല്‍ റദ്ദാക്കുന്നു,’ പി.സി.ബി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.
നിരവധി പാക് താരങ്ങള്‍ ഇത്തരത്തില്‍ ദി ഹണ്‍ഡ്രഡ്, വൈറ്റാലിറ്റി ബ്ലാസ്റ്റ്, സി.പി.എല്‍ അടക്കമുള്ള വിദേശ ലീഗുകളില്‍ കളിക്കുന്നുണ്ട്.
ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരടക്കം ഏഴ് പാക് താരങ്ങള്‍ ഓസ്‌ട്രേലിയന്‍ ടി-20 ലീഗായ ബിഗ് ബാഷ് ലീഗിന്റെ പുതിയ സീസണിനുള്ള താരലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നസീം ഷാ, സയീം അയ്യൂബ്, ഫഖര്‍ സമാന്‍ തുടങ്ങിയവര്‍ ഐ.എല്‍.ടി-20യില്‍ കളിക്കാനൊരുങ്ങുകയാണ്. ഇതോടെ ഇവരുടെ വിദേശ ലീഗുകളിലെ ഭാവിയും ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്.
ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 146 റണ്‍സിന് പുറത്തായിരുന്നു. സാഹിബ്സാദ് ഫര്‍ഹാന്‍ (38 പന്തില്‍ 57), ഫഖര്‍ സമാന്‍ (35 പന്തില്‍ 46) എന്നിവരുടെ കരുത്തിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്.
മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സാധിക്കാതെ പോയത് പാകിസ്ഥാന് വലിയ തിരിച്ചടി സമ്മാനിച്ചു. ടീമിലെ ആദ്യ മൂന്ന് താരങ്ങള്‍ക്കൊഴികെ ഒരാള്‍ക്ക് പോലും ഇരട്ടയക്കം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി കരുത്ത് കാട്ടി. അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടിയതോടെ പാകിസ്ഥാന്റെ പോരാട്ടം അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പാളിയിരുന്നു. മാച്ച് വിന്നര്‍ അഭിഷേക് ശര്‍മയെ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. ആറ് പന്തില്‍ അഞ്ച് റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്.
വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പതിവ് തെറ്റിക്കാതെ മോശം പ്രകടനം തുടര്‍ന്നു. ഗില്‍ പത്ത് പന്തില്‍ 12 റണ്‍സും സൂര്യ അഞ്ച് പന്തില്‍ ഒരു റണ്‍സുമാണ് നേടിയത്.