| Tuesday, 23rd July 2019, 1:12 pm

ചന്ദ്രയാന്‍ 2 ല്‍ ഇന്ത്യയ്ക്ക് അഭിനന്ദനവുമായി പാക്കിസ്ഥാനികള്‍; പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് നമുക്കൊന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നാശംസിച്ച് ഇന്ത്യക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചന്ദ്രയാന്‍ -2 വിജയകരമായി വിക്ഷേപിച്ച ഇന്ത്യയെ അഭിനന്ദിച്ച് പാക്കിസ്ഥാനും. ചന്ദ്രയന്‍ വിക്ഷേപണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ പ്രമുഖ പത്രം ഡോണ്‍ നല്‍കിയ വാര്‍ത്തയ്ക്കു കീഴിലാണ് ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ട് പാക്കിസ്ഥാനികള്‍ എത്തിയിരിക്കുന്നത്.

‘ഇന്ത്യയ്ക്ക്, ഞങ്ങളുടെ അയല്‍ക്കാര്‍ക്ക് അഭിനന്ദനങ്ങള്‍’ എന്നാണ് വാര്‍ത്തയുടെ കീഴില്‍ പാക്കിസ്ഥാനികള്‍ പ്രതികരിക്കുന്നത്. ‘ബഹിരാകാശ പര്യവേക്ഷണത്തില്‍ ഒരു തെക്കേ ഏഷ്യന്‍ രാജ്യം വന്‍നേട്ടമുണ്ടാക്കിയത് കാണുന്നതില്‍ വലിയ സന്തോഷം’ എന്നാണ് മറ്റൊരു പ്രതികരണം.

പാക്കിസ്ഥാന്റെ അഭിനന്ദനത്തിന് നന്ദി അറിയിച്ചും നിരവധി പേര്‍ പ്രതികരിച്ചിട്ടുണ്ട്. ‘ പാക്കിസ്ഥാനില്‍ നിന്നും ലഭിക്കുന്ന അഭിനന്ദനങ്ങള്‍ കണ്ട് അതിശയം തോന്നുന്നു. നന്ദി അയല്‍ക്കാരേ. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ഭാവിയില്‍ നമുക്ക് യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു’ എന്നാണ് ഇത്തരത്തില്‍ വന്ന ഒരു പ്രതികരണം.

തിങ്കളാഴ്ച ഉച്ചക്ക് 2.43നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നും ചാന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നത്. 181.161 കിലോമീറ്റര്‍ അകലെ ഭൂമിയുടെ ഭ്രമണപഥത്തില്‍ ചന്ദ്രയാന്‍ 2 പേടകത്തെ ഇന്ത്യയുടെ ഫാറ്റ്‌ബോയ് സുരക്ഷിതമായി എത്തിച്ചതോടെ വിക്ഷേപണനിലയത്തിലും സന്ദര്‍ശക ഗാലറിയിലും വിജയാഹ്ലാദം നിറഞ്ഞു. വിക്ഷേപം നടന്ന് 16.22 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും റോക്കറ്റില്‍ നിന്ന് ചന്ദ്രയാന്‍-2 വേര്‍പെട്ടു.

We use cookies to give you the best possible experience. Learn more