വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സിന്റെ മൂന്നാം സീസണില്‍ നിന്നും ഔദ്യോഗികമായി പിന്മാറുന്നതായി അറിയിച്ച് പാകിസ്ഥാന്‍ ചാമ്പ്യന്‍സ്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) മുമ്പോട്ടുവെച്ച ചില നിബന്ധനകള്‍ ഡബ്ല്യൂ.സി.എല്‍ മാനേജ്മെന്റ് നിരസിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
കഴിഞ്ഞ വര്‍ഷത്തെ ഡബ്ല്യൂ.സി.എല്‍ മത്സരങ്ങള്‍ക്കിടെ ഉണ്ടായ സംഭവവികാസങ്ങളാണ് ഇപ്പോഴത്തെ തര്‍ക്കത്തിന് പ്രധാന കാരണം.
പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം പാകിസ്താനെതിരെ കളിക്കാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചിരുന്നു. ഗ്രൂപ്പ് ഘട്ട മത്സരം ഉപേക്ഷിച്ചതിന് ശേഷവും, സെമി ഫൈനലില്‍ പാകിസ്താനെതിരെ കളിക്കില്ലെന്ന ഉറച്ച നിലപാടില്‍ ഇന്ത്യ ചാമ്പ്യന്‍സ് ടീം ഉറച്ചുനിന്നു.
ഇതോടെ സെമി ഫൈനലില്‍ വാക്ക്ഓവര്‍ ലഭിച്ച് തുടര്‍ച്ചയായ രണ്ടാം കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയ പാകിസ്ഥാന്‍ ഫൈനലില്‍ എ.ബി. ഡി വില്ലിയേഴ്‌സിന്റെ സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സിനോട് തോറ്റു.
അന്നത്തെ മത്സരങ്ങളിലുടനീളം ഇരു ടീമുകളിലെയും കളിക്കാര്‍ തമ്മില്‍ ഹസ്തദാനം ചെയ്യാനും തയ്യാറായിരുന്നില്ല.
ഈ വര്‍ഷത്തെ സീസണില്‍ പങ്കെടുക്കാന്‍ ‘നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്’ (എന്‍.ഒ.സി) നല്‍കുന്നതിനായി പി.സി.ബി ടൂര്‍ണമെന്റ് സംഘാടകര്‍ക്ക് മുമ്പില്‍ ചില നിബന്ധനകള്‍ വെച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം കളത്തിലിറങ്ങാന്‍ കൂട്ടാക്കാതിരുന്ന സംഭവത്തില്‍ ഇന്ത്യന്‍ ക്യാമ്പ് മാപ്പുപറഞ്ഞുകൊണ്ട് രേഖാമൂലം കത്ത് നല്‍കണം. ഇത്തവണത്തെ മത്സരങ്ങളില്‍ ഇന്ത്യന്‍ കളിക്കാര്‍ പാകിസ്താന്‍ താരങ്ങളുമായി ഹസ്തദാനം ചെയ്യാന്‍ തയ്യാറാകണം എന്നതായിരുന്നു പി.സി.ബിയുടെ ആവശ്യങ്ങള്‍.
എന്നാല്‍, ടൂര്‍ണമെന്റിലെ കൊമേഴ്‌സ്യല്‍ നിബന്ധനകള്‍ അംഗീകരിച്ച ഡബ്ല്യൂ.സി.എല്‍ മാനേജ്മെന്റ്, ഇന്ത്യന്‍ താരങ്ങള്‍ മാപ്പ് പറയണമെന്നും ഹസ്തദാനം ചെയ്യണമെന്നുമുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു.
പാക് ഇതിഹാസം ഷാഹിദ് അഫ്രിദിക്ക് കീഴിലാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ടൂര്‍ണമെന്റിനെത്തിയത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ബംഗ്ലാദേശ് ചാമ്പ്യന്‍സിനെതിരായ പാകിസ്താന്റെ ആദ്യ മത്സരം മാറ്റിവെച്ചപ്പോള്‍ അഫ്രീദി യു.എ.ഇയില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് തിങ്കളാഴ്ച ഓസ്‌ട്രേലിയക്കെതിരെ നടക്കേണ്ടിയിരുന്ന മത്സരവും ഔദ്യോഗികമായി റദ്ദാക്കി.
അതുപോലെ, ഒക്ടോബര്‍ പത്തിന് നടക്കാനിരുന്ന വമ്പന്‍ പോരാട്ടമായ ഇന്ത്യ ചാമ്പ്യന്‍സ് – പാകിസ്താന്‍ ചാമ്പ്യന്‍സ് മത്സരവും ഇതോടെ ഇല്ലാതായി.
‘പ്രതീക്ഷിക്കാത്ത ചില സാഹചര്യങ്ങള്‍ കാരണം പാകിസ്താന്‍ ചാമ്പ്യന്‍സ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് സീസണ്‍ 3ല്‍ പങ്കെടുക്കില്ല. ആറ് ടീമുകളുമായി ടൂര്‍ണമെന്റ് തുടരും. ദി ഗെയിം ഈസ് സ്റ്റില്‍ ഓണ്‍,’ എന്നാണ് സംഘാടകര്‍ അറിയിച്ചത്.
‘പി.സി.ബി മുമ്പോട്ടുവെച്ച ആവശ്യമായ എന്‍.ഒ.സി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നിലവിലെ ഡബ്ല്യൂ.സി.എല്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ഖേദപൂര്‍വം അറിയിക്കുന്നു.
പി.സി.ബിയുടെ തീരുമാനത്തെയും അധികാരത്തെയും ഞങ്ങള്‍ മാനിക്കുന്നു. എന്നാല്‍ ഈ ആഗോള വേദിയില്‍ കളിക്കാര്‍ക്ക് അവസരം നഷ്ടപ്പെട്ടതില്‍ നിരാശയുണ്ട്,’ എന്നായിരുന്നു വിഷയത്തില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിന്റെ പ്രതികരണം.
Content Highlight: Pakistan Champions withdraw from the World Championship of Legends.