ഒരു സുഖം, അന്ന് ഞങ്ങളെ ഐ.പി.എല്ലിൽ നിന്ന് വിലക്കിയ ആളുകൾ ദേ ഫൈനൽ കാണാതെ പുറത്തായിരിക്കുന്നു; ഇന്ത്യയെ ട്രോളി പാക് അത്‌ലറ്റ്
Cricket
ഒരു സുഖം, അന്ന് ഞങ്ങളെ ഐ.പി.എല്ലിൽ നിന്ന് വിലക്കിയ ആളുകൾ ദേ ഫൈനൽ കാണാതെ പുറത്തായിരിക്കുന്നു; ഇന്ത്യയെ ട്രോളി പാക് അത്‌ലറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 11th November 2022, 11:25 am

ടി-20 ലോകകപ്പിലെ രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനോട് ദയനീയ തോൽവി ഏറ്റുവാങ്ങിയാണ് ഇന്ത്യ മടങ്ങിയത്. പത്ത് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ട് ഇന്ത്യയെ തകർത്തുവിട്ടത്.

ഓപ്പണർമാർ വീണ്ടും മങ്ങിയ മത്സരത്തിൽ വിരാട് കോഹ്ലിയും ഹർദിക് പാണ്ഡ്യയും ചേർന്നാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോർ നേടിക്കൊടുത്തത്. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസായിരുന്നു ഇന്ത്യ നേടിയിരുന്നത്.

ഇന്ത്യൻ ബാറ്റർമാർ പതറിപ്പോയ അതേ പിച്ചിൽ ഇംഗ്ലണ്ട് ഓപ്പണർമാർ റണ്ണടിച്ചുകൂട്ടിയപ്പോൾ ശക്തമായ വിമർശനങ്ങളാണ് ടീം ഇന്ത്യക്ക് നേരെ ഉയർന്നത്. ഇപ്പോൾ ടീം ഇന്ത്യയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് പാക് അത്‌ലറ്റ് ഹാറൂൻ.

ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്. മുമ്പ് പാകിസ്ഥാനെ ഐ.പി.എല്ലിൽ നിന്ന് വിലക്കിയതിനുള്ള തിരിച്ചടിയായിട്ടാണ് ഹാറൂൻ ടീം ഇന്ത്യയുടെ തോൽവിയെ വിലയിരുത്തിയത്. തങ്ങളെ തകർക്കാൻ ശ്രമിച്ച ഇന്ത്യ വേൾഡ് കപ്പ് ഫൈനൽ കാണാതെ പുറത്തായതിൽ സന്തോഷം തോന്നുന്നുവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

”ഇന്ത്യ ഐ.പി.എല്ലിൽ നിന്ന് ഞങ്ങളെ വിലക്കി. മറ്റ് മത്സരങ്ങളിൽ ഞങ്ങൾക്കൊപ്പം കളിക്കാൻ വിസമ്മതിച്ചു. പാക് ക്രിക്ക്റ്റിനെ തകർക്കാൻ അവർ പലതും ചെയ്തു.

അതുക്കൊണ്ടാണ് പാകിസ്ഥാൻ ഫൈനലിലേക്ക് കടന്നപ്പോൾ ഇന്ത്യ സെമിയിൽ തോൽവി വഴങ്ങി ലോകകപ്പിൽ നിന്ന് തന്നെ പുറത്തായത് കണ്ടപ്പോൾ എന്തെന്നില്ലാത്ത സുഖം തോന്നുന്നത്,’ ഹാറൂൻ ട്വീറ്റ് ചെയ്തു.

പതിനായിരങ്ങളാണ് ട്വീറ്റിന് റിയാക്ഷനുമായെത്തിയത്. അതേസമയം ഇന്ത്യ പാകിസ്ഥാനെ ഐ.പി.എല്ലിൽ നിന്ന് വിലക്കാൻ പ്രത്യേക കാരണമുണ്ടെന്നും അത് രാഷ്ട്രീയപരമായ കാര്യമാണെന്നും പ്രസ്താവിച്ച് ഇന്ത്യൻ ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് പതിവുപോലെ പരാജയമായിരുന്നു. മത്സരത്തിൽ വിരാടും ഹർദിക്കും ചേർന്നാണ് ടീമിന് തരക്കേടില്ലാത്ത സ്‌കോർ സമ്മാനിച്ചത്.

വിരാട് 40 പന്തിൽ നിന്നും 50 റൺസ് നേടിയപ്പോൾ 33 പന്തിൽ നിന്നും 63 റൺസാണ് ഹർദിക് പാണ്ഡ്യ അടിച്ചുകൂട്ടിയത്. നോക്കൗട്ട് ഘട്ടത്തിൽ മുട്ടിടിക്കുന്ന പതിവ് സൂര്യകുമാർ യാദവ് ഇവിടെയും തെറ്റിച്ചില്ല. പത്ത് പന്തിൽ നിന്നും 14 റൺസാണ് സ്‌കൈക്ക് ആകെ നേടാൻ സാധിച്ചിരുന്നത്.

നവംബർ 13നാണ് ടി-20 ലോകകപ്പ് ഫൈനൽ മത്സരം. ഫൈനലിൽ ലോകപ്രശസ്തമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പാകിസ്ഥാൻ ഇംഗ്ലണ്ടിനെ നേരിടും.

Content Highlights: Pakistan Athlete troll India for not qualifying to the Finals