84/2 എന്ന നിലയില്‍ നിന്ന് 114 ഓള്‍ഔട്ട്; പാകിസ്ഥാന് മുന്നില്‍ വിറച്ച് സിംഹങ്ങള്‍
DSport
84/2 എന്ന നിലയില്‍ നിന്ന് 114 ഓള്‍ഔട്ട്; പാകിസ്ഥാന് മുന്നില്‍ വിറച്ച് സിംഹങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th November 2025, 9:17 pm

ത്രിരാഷ്ട്ര പരമ്പരയില്‍ കുഞ്ഞന്‍ സ്‌കോറില്‍ എറിഞ്ഞിട്ട് പാകിസ്ഥാന്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ ടീം 19.1 ഓവറില്‍ 114 റണ്‍സിന് പുറത്തായി. മുഹമ്മദ് നവാസിന്റെയും ഷഹീന്‍ അഫ്രീദിയുടെയും മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് മെന്‍ ഗ്രീന്‍ സിംഹങ്ങളെ ചെറിയ സ്‌കോര്‍ ഒതുക്കിയത്.

മികച്ച രീതിയില്‍ തുടങ്ങിയ ടീം വളരെ പെട്ടെന്ന് തന്നെ തകര്‍ന്നടിയുകയായിരുന്നു. ഒരു ഘട്ടത്തില്‍ ടീം 83ന് നിലയിലായിരുന്നു. അതിലേക്ക് 31 റണ്‍സ് ചേര്‍ക്കുന്നതിനിടെ ടീമിന് എട്ട് വിക്കറ്റുകള്‍ നഷ്ടമായി. അതോടെയാണ് ശ്രീലങ്ക തങ്ങളുടെ പോരാട്ടം ചെറിയ സ്‌കോറില്‍ അവസാനിപ്പിച്ചത്.

മത്സരത്തില്‍ ശ്രീലങ്കക്കായി ഓപ്പണിങ് വിക്കറ്റില്‍ പാത്തും നിസ്സങ്കയും കാമില്‍ മിഷാരയും ചേര്‍ന്ന് 20 റണ്‍സ് ചേര്‍ത്തിരുന്നു. ഏഴ് പന്തില്‍ 11 റണ്‍സ് നേടിയ നിസ്സങ്ക തിരികെ മടങ്ങിയതോടെയാണ് ഈ സഖ്യം പിരിഞ്ഞത്.

പിന്നീട് എത്തിയ കുശാല്‍ മെന്‍ഡിസിനെ കൂട്ടിപ്പിടിച്ച് മിഷാര ടീമിനെ മുന്നോട്ട് കൊണ്ടുപോയി. 11ാം ഓവറില്‍ ഒന്നിന് 84 റണ്‍സ് എന്ന മികച്ച നിലയില്‍ നില്‍ക്കുമ്പോള്‍ മെന്‍ഡിസ് തിരികെ നടന്നു. വെറും 14 റണ്‍സുമായായിരുന്നു താരത്തിന്റെ മടക്കം.

അപ്പോഴും മിഷാര പിടിച്ച് നിന്നു. എന്നാല്‍, താരത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ടീം സ്‌കോറിലേക്ക് പത്ത് റണ്‍സ് കൂടി ചേര്‍ത്ത് താരം പുറത്തായി. 47 പന്തില്‍ 59 റണ്‍സ് എടുത്ത് ടീമിന്റെ ടോപ് സ്‌കോററായിരുന്നു താരത്തിന്റെ മടക്കം.

പിന്നീട് അങ്ങോട്ട് കണ്ടത് ലങ്കയുടെ പതനമായിരുന്നു. കൃത്യമായ ഇടവേളകളില്‍ ലങ്കന്‍ ബാറ്റര്‍മാര്‍ കൂടാരം കയറി. രണ്ട് താരങ്ങള്‍ വീതം റണ്‍സൊന്നും എടുക്കാതെയും ഒരു റണ്‍സ് എടുത്തും പുറത്തായി. അതോടെ ടീം 114യിലേക്ക് ചുരുങ്ങുകയായിരുന്നു.

പാകിസ്ഥാനായി നവാസും അഫ്രീദിയും മൂന്ന് വിക്കറ്റുകള്‍ നേടി. അബ്രാര്‍ അഹമ്മദ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ സായീം അയൂബ്, സല്‍മാന്‍ മിര്‍സ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും എടുത്തു.

നിലവില്‍ മറുപടി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാന്‍ ഒരു വിക്കറ്റിന് 62 റണ്‍സെടുത്തിട്ടുണ്ട്. സായീം അയൂബ് (28 പന്തില്‍ 33), ബാബര്‍ അസം (നാല് പന്തില്‍ 33) എന്നിവരാണ് ക്രീസിലുള്ളത്.

22 പന്തില്‍ 23 റണ്‍സെടുത്ത സാഹിബ്സാദ ഫര്‍ഹാന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. ഇഷന്‍ മലിംഗയാണ് താരത്തിന്റെ വിക്കറ്റെടുത്തത്.

Content Highlight: Pak vs SL: Sri Lanka all out for 114 runs against Pakistan in Tri Nation Series Final