106/3 നിന്ന് 143 ഓള്‍ഔട്ട്; പാകിസ്ഥാനെതിരെ സൗത്ത് ആഫ്രിക്കക്ക് കൂട്ട തകര്‍ച്ച
Sports News
106/3 നിന്ന് 143 ഓള്‍ഔട്ട്; പാകിസ്ഥാനെതിരെ സൗത്ത് ആഫ്രിക്കക്ക് കൂട്ട തകര്‍ച്ച
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th November 2025, 7:44 pm

പാകിസ്ഥാനെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ തകര്‍ന്നടിഞ്ഞ് സൗത്ത് ആഫ്രിക്ക. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് 37.5 ഓവറില്‍ 143 റണ്‍സിന് പുറത്തായി. ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 106 റണ്‍സ് എന്ന മികച്ച നിലയിലായിരുന്നു ടീം. പിന്നാലെയാണ് പ്രോട്ടിയാസ് കൂട്ട തകര്‍ച്ച നേരിട്ടത്.

മത്സരത്തില്‍ ആദ്യം ബാറ്റ് സൗത്ത് ആഫ്രിക്കക്കായി ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും ലുവന്‍-ഡ്രെ പ്രെട്ടോറിയസും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് കൂട്ടുകെട്ടില്‍ പടുത്തുയര്‍ത്തിയത് 72 റണ്‍സാണ്.

ആദ്യം 45 പന്തില്‍ 39 റണ്‍സെടുത്ത പ്രെട്ടോറിയസാണ് മടങ്ങിയത്. പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയാണ് താരത്തിന്റെ വിക്കറ്റെടുത്തത്. പിന്നാലെ വണ്‍ ഡൗണായി എത്തിയ ടോണി ഡി സോര്‍സിയും തിരികെ നടന്നു. 14 പന്തില്‍ വെറും റണ്‍സ് എടുത്തായിരുന്നു താരത്തിന്റെ മടക്കം.

രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഡി കോക്ക് മികച്ച നിലയില്‍ ബാറ്റിങ് തുടര്‍ന്നു. പക്ഷേ, അതിന് വലിയ ആയുസുണ്ടായിരുന്നില്ല. സോര്‍സി പുറത്തായ സ്‌കോറിലേക്ക് 19 റണ്‍സ് ചേര്‍ത്ത് താരവും കൂടാരം കയറി. 70 പന്തില്‍ ഒരു സിക്സും ആറ് ഫോറും അടക്കം 53 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്.

ഡി കോക്ക് പുറത്താവുമ്പോള്‍ പ്രോട്ടിയാസ് മൂന്നിന് 106 എന്ന നിലയിലായിരുന്നു. ഇതിലേക്ക് മൂന്ന് റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും അടുത്ത വിക്കറ്റും വീണു. രണ്ട് പന്തില്‍ ഒരു റണ്‍സുമായി റൂബിന്‍ ഹെര്‍മാനായിരുന്നു ഇത്തവണ തിരികെ നടന്നത്. പിന്നീട് ആരാധകര്‍ സാക്ഷിയായത് ടീമിന്റെ തകര്‍ച്ചക്കായിരുന്നു.

പിന്നാലെ ബാറ്റിങ്ങിനെത്തിയ താരങ്ങള്‍ ഓരോരുത്തരും കൃത്യമായ ഇടവേളകളില്‍ മടങ്ങി. ഡൊണോവന്‍ ഫെരേരയും കോര്‍ബിന്‍ ബോഷും 117ല്‍ മടങ്ങിയപ്പോള്‍ അഞ്ച് റണ്‍സിനിപ്പുറം ബ്യോണ്‍ ഫോര്‍ട്ടുയിനും പുറത്തായി. പിന്നാലെ, എട്ട് റണ്‍സ് ചേര്‍ത്ത് ക്യാപ്റ്റന്‍ മാത്യു ബ്രീറ്റ്‌സ്‌കിയും ഡഗ്ഔട്ടിലെത്തി.

ഈ സ്‌കോറിലേക്ക് 13 റണ്‍സ് ചേര്‍ത്ത് എന്‍കാബ പീറ്ററും മടങ്ങി. ഇതേ സ്‌കോര്‍ തന്നില്‍ ലുങ്കി എന്‍ഗിഡിയും പുറത്തായതോടെ പ്രോട്ടിയാസ് പോരാട്ടം 143 റണ്‍സിന് അവസാനിച്ചു.

സൗത്ത് ആഫ്രിക്കക്കയെ തകര്‍ക്കുന്നതില്‍ അബ്രാര്‍ അഹമ്മദാണ് ചുക്കാന്‍ പിടിച്ചത്. താരം 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഒപ്പം മുഹമ്മദ് നവാസ്, ഷഹീന്‍ ഷാ അഫ്രീദി, സല്‍മാന്‍ അലി ആഘ എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി.

നിലവില്‍ പാകിസ്ഥാന്‍ ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. 12 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 71 റണ്‍സെടുത്തിട്ടുണ്ട്. 34 പന്തില്‍ 39 റണ്‍സുമായി സയീം അയ്യൂബ്ബും എട്ട് പന്തില്‍ അഞ്ച് റണ്‍സുമായി മുഹമ്മദ് റിസ്വാനുമാണ് ക്രീസിലുള്ളത്.

Content Highlight: Pak vs SA: South Africa dismissed on 143 against Pakistan in third ODI