മെസിയിൽ നിന്നും റൊണാൾഡോയെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റക്കാര്യമാണ്: റോണോയുടെ മുൻ സഹതാരം
Football
മെസിയിൽ നിന്നും റൊണാൾഡോയെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റക്കാര്യമാണ്: റോണോയുടെ മുൻ സഹതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd May 2024, 12:19 pm

പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ലയണല്‍ മെസി അടക്കമുള്ള മറ്റുള്ള താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് എന്തുകൊണ്ടാണെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ പി.എസ്.ജി താരം പാബ്ലോ സരബിയ.

റൊണാള്‍ഡോയുടെ മാനസികാവസ്ഥയാണ് മെസിയില്‍ നിന്നും വ്യത്യസ്തനാകുന്നത് എന്നാണ് മുന്‍ പാരീസ് താരം പറഞ്ഞത്. ടോക്ക് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആണ് പാബ്ലോ ഇക്കാര്യം പറഞ്ഞത്.

‘മെസിക്കൊപ്പവും റൊണാള്‍ഡോ കളിക്കുക എന്നുള്ളത് ഒരു സ്വപ്നതുല്യമായ കാര്യമാണ്. ഇവരില്‍ ആരാണ് മികച്ചതെന്ന് എന്നുള്ള ചോദ്യം അല്പം ബുദ്ധിമുട്ടുള്ളതാണ്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം റൊണാള്‍ഡോയാണ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍. കാരണം അദ്ദേഹത്തിന്റെ മാനസികാവസ്ഥ അവിശ്വസനീയമാണ്.

ഞാന്‍ റൊണാള്‍ഡോയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. പരിശീലന സമയങ്ങളില്‍ ഇത്ര മികച്ച പരിചയസമ്പന്നതയുള്ള താരങ്ങളോടൊപ്പം സമയം ചിലവഴിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

ശാരീരികമായി റൊണാള്‍ഡോ അവിശ്വസനീയമായ ഒരു താരമാണ് കാരണം എല്ലാ ദിവസവും അദ്ദേഹം ഏറ്റവും മികച്ച താരം ആവാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കും. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പോസിറ്റീവ് ആയിട്ടുള്ള കാര്യമാണ്,’ പാബ്ലോ പറഞ്ഞു.

റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോക്കൊപ്പവും പാരീസില്‍ മെസിക്കൊപ്പവും കളിച്ച താരമാണ് പാബ്ലോ. അതേസമയം റൊണാള്‍ഡോ നിലവില്‍ സൗദി വമ്പന്മാരായ അല്‍ നാസറിന്റെ താരമാണ്. ഈ സീസണില്‍ മിന്നും പ്രകടനമാണ് സൗദി വമ്പന്മാര്‍ക്ക് വേണ്ടി റൊണാള്‍ഡോ നടത്തുന്നത്. സൗദി ലീഗില്‍ ഈ സീസണില്‍ 33 ഗോളുകളും 11 ഗോളുകളുമാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം നേടിയത്.

Content Highlight: Pablo Sarabia talks about Cristaino Ronaldo