Paappan Review | മാസും മസിലും മാറ്റിപ്പിടിച്ച് സുരേഷ് ഗോപി
Film Review
Paappan Review | മാസും മസിലും മാറ്റിപ്പിടിച്ച് സുരേഷ് ഗോപി
അന്ന കീർത്തി ജോർജ്
Friday, 29th July 2022, 8:38 pm

ഒരു കുറ്റാന്വേഷണ സിനിമയുടെ കുറെ ഴോണറുകളും പല എലമെന്റുകളും ചേര്‍ത്തുവെച്ചെടുത്ത സിനിമയാണ് പാപ്പന്‍. പൊലീസും പ്രതികാരവും സൈക്കോ കില്ലറും മാസും ഫാമിലിയും ഫ്ളാഷ് ബാക്കുമെല്ലാം കൂടിച്ചേര്‍ന്ന് ഒരു നൂറ് സ്റ്റോറിലൈനും അതിലേറെ കഥാപാത്രങ്ങളുമായാണ് പാപ്പന്‍ എത്തുന്നത്. സുരേഷ് ഗോപിയുടെ പെര്‍ഫോമന്‍സാണ് സിനിമയിലെ പ്രധാന പോസിറ്റീവ് ഘടകം.

പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ പാപ്പന്റെ ആദ്യ പകുതി, കുറച്ച് കൊലപാതകങ്ങളും അവ തമ്മിലുള്ള കണക്ഷന്‍ കണ്ടുപിടിക്കാന്‍ പാടുപെടുന്ന പൊലീസുമായാണ് നീങ്ങുന്നത്. പ്രേക്ഷകര്‍ സിനിമയിലെ ഓരോ കഥാപാത്രത്തെയും സംശയിക്കാന്‍ തുടങ്ങുന്നിടത്താണ് ‘ഇടവേള’ എത്തുന്നത്. സിനിമയില്‍ ഏറ്റവും മികച്ച ഷോട്ട് വരുന്നതും ഈ ഭാഗത്താണ്.

കുടുംബത്തോടാണോ ജോലിയോടാണോ ഒരു പൊലീസ് ഓഫീസര്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്തം പുലര്‍ത്തേണ്ടത് എന്ന സ്ഥിരം ചോദ്യമാണ് പാപ്പനും മുന്നോട്ടുവെക്കുന്നത്. ഈ ആശയത്തിന്റെ വലിയ തലങ്ങളിലേക്കൊന്നും പോകാതെയാണ് സിനിമ കഥ പറയുന്നത്. ഡയലോഗുകളിലൂടെയും മോണോലോഗിലൂടെയും പ്രേക്ഷകരോട് ആവര്‍ത്തിച്ചുപറയുന്നുമുണ്ട്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലെ ജാതീയതയും അതിന്റെ ഏറ്റവും ക്രൂരമായ രൂപങ്ങളും സിനിമയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

പ്രേക്ഷകരുടെ ഊഹങ്ങള്‍ക്കപ്പുറം പോകുന്ന ട്വിസ്റ്റുകള്‍ ഈ സിനിമയിലുണ്ട്. എന്നാല്‍ ആ ട്വിസ്റ്റുകള്‍ വല്ലാതെ കടന്നുപോയോ എന്നൊരു സംശയമാണ് ബാക്കിയാകുന്നത്. കാരണം, ക്ലൈമാക്സിലേക്ക് എത്തുന്ന സ്റ്റോറിലൈനൊക്കെ മറ്റു ഭാഗങ്ങളുമായി കണക്ട് ചെയ്യിപ്പിക്കാന്‍ തിരക്കഥാകൃത്ത് കഷ്ടപ്പെടുന്നുണ്ടായിരുന്നു.

ആദ്യ ഭാഗം മുതല്‍ തുടങ്ങുന്ന നാടകീയതാണ് സിനിമയുടെ ആസ്വാദനത്തെ മോശമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം. സിനിമയിലുടനീളം, ഡയലോഗിലും ഓരോ സീനിന്റെ മേക്കിങ്ങിലും പ്ലോട്ടുകള്‍ തമ്മിലുള്ള കണക്ഷനിലുമെല്ലാം ആര്‍ട്ടിഫിഷ്യാലിറ്റി കടന്നുവരും. സിനിമ കുറച്ച് ഇന്‍ട്രസ്റ്റിങ്ങായ പേസിലേക്ക് നീങ്ങാന്‍ തുടങ്ങുമ്പോഴെല്ലാം ഇടക്ക് കയറി വരുന്ന ആ കൃത്രിമത്വം ചിത്രത്തിന്റെ ഭംഗി നഷ്ടപ്പെടുത്തും.

എബ്രഹാം മാത്യു മാത്തന്‍ എന്ന സുരേഷ് ഗോപിയുടെ പാപ്പനാണ് സിനിമയിലെ പ്രധാന കഥാപാത്രമെന്ന് പറയാമെങ്കിലും കഥാപാത്രങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ള സിനിമയല്ല പാപ്പന്‍. വലിയൊരു കഥ പറയാന്‍ വേണ്ടി ഒരുപാട് പേരെ ഉപയോഗിച്ചിരിക്കുകയാണെന്നേ പറയാനാകു. നീത പിള്ളയുടെ വിന്‍സി എബ്രഹാമാണ് ശരിക്കും ചിത്രത്തില്‍ ഏറ്റവും സ്‌ക്രീന്‍ സ്പേസും സ്റ്റോറിയില്‍ റോളുമുള്ള കഥാപാത്രം. പാപ്പന്‍ പോലും അതുകഴിഞ്ഞേ വരുന്നുള്ളു.

സുരേഷ് ഗോപിയുടെ മുന്‍കാല പൊലീസ് വേഷങ്ങളുടേത് പോലെ ‘സൂപ്പര്‍ കോപ്പ്’ പരിവേഷത്തിലല്ല പാപ്പന്‍ എത്തുന്നത്, എന്നാല്‍ അത്യാവശ്യം പഞ്ചും മാസുമെല്ലാമുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ കുറവാണ്. അല്‍പം പ്രായമായ, ശരീരത്തിലും മനസിലും ഒരുപാട് വേദനകളും നഷ്ടബോധവും അനുഭവിക്കുന്ന പൊലീസുകാരനാണ് എബ്രഹാം മാത്യു മാത്തന്‍.

പണ്ടത്തെ കടിച്ചുകീറുന്ന ഡയലോഗുകളും വികാരവിക്ഷോഭങ്ങളുമില്ലാതെ, അല്‍പം ക്ഷീണിതനായ ശബ്ദത്തിലുള്ള ഡയലോഗ് ഡെലിവറി സുരേഷ് ഗോപി മികച്ചതാക്കിയിട്ടുണ്ട്. ക്യാരക്ടര്‍ ഡെവലപ്മെന്റില്‍ വലിയ ആകര്‍ഷണമൊന്നുമില്ലെങ്കിലും താന്‍ വരുന്ന ഭാഗത്തെല്ലാം സുരേഷ് ഗോപി സ്‌ക്രീന്‍ പ്രെസന്‍സുകൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്.

സമാനമായ രീതിയില്‍ നീത പിള്ളയുടെ പൊലീസ് വേഷത്തില്‍ പുതുമയില്ലെങ്കിലും ആ കഥാപാത്രത്തെ നടി നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ‘അപ്പനെ പോലയല്ല മകള്‍’ എന്ന ഡയലോഗൊക്കെ മാസ് ഫീല്‍ തരുന്നുണ്ടായിരുന്നു. ടിപ്പിക്കല്‍ ലേഡി പൊലീസ് ഓഫീസര്‍ എലമെന്റുകളൊക്കെ തന്നെയാണ് വിന്‍സി എബ്രഹാമിനുമുള്ളതെങ്കിലും, സിനിമയിലുടനീളം റഫ് ആന്റ് ടഫായി തന്നെയാണ് ഈ കഥാപാത്രത്തെ നിലനിര്‍ത്തിയിട്ടുണ്ട്. പാപ്പനിലെ പെര്‍ഫോമന്‍സ് നീതക്ക് നല്ല വേഷങ്ങള്‍ ലഭിക്കാന്‍ കാരണമായേക്കാം.

കനിഹയും ഗോകുല്‍ സുരേഷും ചന്തുനാഥും വിജയരാഘവനും നൈല ഉഷയും ടിനി ടോമും നന്ദുവും തുടങ്ങി നിരവധി പേര്‍ ഈ സിനിമയിലുണ്ട്. എന്നാല്‍ ഇവരേക്കാള്‍ സ്‌കോര്‍ ചെയ്യുന്നത് വളരെ കുറച്ച് സമയം മാത്രം വന്നുപോകുന്ന സജിത മഠത്തിലും ഷമ്മി തിലകനുമാണ്. സജിത മഠത്തിലിന്റെ പെര്‍ഫോമന്‍സാണ് സിനിമയുടെ പ്രധാന ഹൈലെറ്റ്. സൈമണ്‍ എന്ന കഥാപാത്രത്തിന് ചോറി വാരി കൊടുത്തുകൊണ്ട് അവര്‍ പറയുന്ന ഡയലോഗെല്ലാം പെര്‍ഫോമന്‍സ് കൊണ്ട് കാണുന്നവരെ അസ്വസ്ഥരാക്കും. ഷമ്മി തിലകന്‍ തന്റെ കുട്ടിക്കാലത്തെ കുറിച്ചോര്‍ത്തെടുത്ത് പറയുന്നതടക്കമുള്ള സീനുകളും സിനിമയുടെ മികച്ച ഭാഗങ്ങളായിരുന്നു.

ഗോകുല്‍ സുരേഷും സുരേഷ് ഗോപിയും തമ്മിലുള്ള സീനുകള്‍ ‘ഇവര്‍ ഓഫ് സ്‌ക്രീനിലും അച്ഛനും മകനുമാണല്ലോ’ എന്ന് ആലോചിച്ച് കാണുമ്പോള്‍ കുറച്ച് രസകരമാകുന്നുണ്ടായിരുന്നു. റിയല്‍ ലൈഫിലെ മാതാപിതാക്കളും മക്കളും സിനിമയിലെത്തുമ്പോള്‍ വര്‍ക്കാവുന്ന കോമ്പോ അത്ര ഗംഭീരമായല്ലെങ്കിലും കുറച്ചൊക്കെ ഗുണമുണ്ടാകുന്നുണ്ട്.

കഥാപാത്രങ്ങളുടെ ബാഹുല്യമാണ് സിനിമയുടെ പ്രധാന വില്ലന്‍. ചിലപ്പോള്‍ സിനിമയില്‍ ഒരു തിക്കിതിരക്ക് തന്നെ അനുഭവപ്പെട്ടിരുന്നു. ഒന്നിനു പുറകെ ഒന്നായി പുതിയ കഥാപാത്രങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത് എന്തിനാണ് ഈ സിനിമയില്‍ ഇത്രയും പേര്‍ എന്ന തോന്നലുണ്ടാക്കി. സിനിമയെ തന്റേതായ ശൈലിയില്‍ ജോഷി നന്നായി തന്നെ എക്സിക്യൂട്ട് ചെയ്തിട്ടുണ്ടെങ്കിലും, ആര്‍.ജെ. ഷാനിന്റെ തിരക്കഥ അല്‍പം കൂടി ചെത്തിമിനുക്കി സ്റ്റോറിയെ അവതരിപ്പിച്ചിരുന്നെങ്കില്‍, പാപ്പന്‍ നന്നായി ആസ്വദിക്കാന്‍ കഴിയുമായിരുന്നു. ചിത്രത്തിന്റെ ക്യാമറ മൂവ്മെന്റ്സ് എവിടെയൊക്കൊയെ കാഴ്ചയെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിലേക്ക് നീങ്ങിയിരുന്നു.

അതേസമയം ചിത്രത്തിലെ ചില സിറ്റുവേഷനല്‍ കോമഡികള്‍ ഇടയ്‌ക്കൊക്കെ ചിരിപ്പിക്കുന്നതായിരുന്നു. എല്ലാ സീരിയല്‍ കില്ലര്‍മാരും ബൈബിള്‍ വാചകവുമായെത്തുമെന്ന ക്ലീഷേയെ കൊട്ടിയതും നേരത്തെ പറഞ്ഞ സുരേഷ് ഗോപി-ഗോകുല്‍ സുരേഷ് കോമ്പോയുടെ ചില ഡയലോഗുകളും ചെറിയ ചിരി പടര്‍ത്തിയിരുന്നു.

പാപ്പന്‍ സമ്മിശ്രപ്രതികരണമുയര്‍ത്തനാണ് സാധ്യത. ജോഷിയുടെ മേക്കിങ്ങ് സ്‌റ്റൈലും സുരേഷ് ഗോപിയുടെ പെര്‍ഫോമന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഴോണറില്‍ വരുന്നതുകൊണ്ടും ഒരുപക്ഷെ പാപ്പന് തിയേറ്ററുകളില്‍ തരക്കേടില്ലാത്ത സ്വീകാര്യത ലഭിച്ചേക്കാം.

Content Highlight: Paappan Review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.