ദീപാവലി റിലീസുകളില്‍ തമിഴിലെ പ്രധാന അട്രാക്ഷനായിരുന്നു ബൈസണ്‍, ഡ്യൂഡ് എന്നീ ചിത്രങ്ങള്‍. വ്യത്യസ്ത ഴോണറുകളിലൊരുങ്ങിയ രണ്ട് സിനിമകള്‍ക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ബൈസണ്‍ നിറഞ്ഞ സദസിലാണ് പ്രദര്‍ശനം തുടരുന്നത്. മാരി സെല്‍വരാജിന്റെ മുന്‍ സിനിമകളെപ്പോലെ ജാതിയുടെ പേരിലുള്ള അടിച്ചമര്‍ത്തലിനെതിരെയാണ് ബൈസണ്‍ സംസാരിക്കുന്നത്.
ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ബൈസണിന്റെ നിര്‍മാതാക്കളിലൊരാളും സംവിധായകനുമായ പാ. രഞ്ജിത്. മാരി സെല്‍വരാജിന്റെ എല്ലാ സിനിമകളുടെയും പാതയിലൂടെയാണ് ബൈസണും സഞ്ചരിക്കുന്നതെന്ന് രഞ്ജിത് പറഞ്ഞു. എല്ലാ സിനിമയിലും ഒരേ വിഷയം സംസാരിക്കുന്നതിന്റെ പേരില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈസണിന്റെ സക്‌സസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു പാ. രഞ്ജിത്.
‘മാരി സെല്‍വരാജ് പറയുന്ന രാഷ്ട്രീയത്തോട് എതിര്‍പ്പുള്ള ചിലയാളുകളുണ്ട്. ആ സിനിമയെ താഴ്ത്തിക്കെട്ടാന്‍ വേണ്ടി ചിലയാളുകള്‍ ഡ്യൂഡിന് ടിക്കറ്റെടുത്തിരുന്നു. എന്നാല്‍ അവര്‍ക്ക് അതിലും വലിയ ചെരുപ്പടിയാണ് ഡ്യൂഡിലൂടെ സംവിധായകന്‍ കൊടുത്തത്. ദുരഭിമാനക്കൊലയെക്കുറിച്ച് ഡ്യൂഡില്‍ സംസാരിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു.
സംവിധായകന്റെ ആ ധൈര്യത്തെ എനിക്ക് അഭിനന്ദിക്കാന്‍ ആഗ്രഹമുണ്ട്. ബൈസണിനെ രാഷ്ട്രീയത്തിന്റെ പേരില്‍ ബഹിഷ്‌കരിക്കുകയും അജണ്ട ചിത്രമാണെന്ന് ആരോപിക്കുകയും ചെയ്തവര്‍ക്ക് കിട്ടിയ ചെരുപ്പടിയാണ് ഡ്യൂഡ് എന്ന സിനിമ. വളരെ മികച്ചൊരു രാഷ്ട്രീയ വിഷയത്തെ അഡ്രസ് ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടു,’ പാ. രഞ്ജിത് പറയുന്നു.
രജിനിയെ വെച്ച് ജാതിക്കെതിരെ ഡയലോഗ് പറയിപ്പിച്ചതിന്റെ പേരില്‍ താന്‍ ഒരു ജാതി വെറിയനാണെന്ന് പലരും വരുത്തി തീര്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. കബാലി എന്ന സിനിമ മുതല്‍ ഒരുപാട് പേര്‍ തനിക്കെതിരായി സംസാരിക്കുന്നുണ്ടെന്നും അതൊന്നും താന്‍ സീരിയസായി എടുക്കാറില്ലെന്നും പാ. രഞ്ജിത് കൂട്ടിച്ചേര്‍ത്തു.
വാഴൈക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബൈസണ്‍. അര്‍ജുന അവാര്‍ഡ് ജേതാവായ മാനതി ഗണേശന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മാരി ബൈസണ്‍ ഒരുക്കിയത്. ധ്രുവ് വിക്രമാണ് ചിത്രത്തിലെ നായകന്‍. പശുപതി, ലാല്‍, അമീര്‍, രജിഷ വിജയന്‍, അനുപമ പരമേശ്വരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Content Highlight: Pa Ranjith about the political subject handled in Dude Movie