500 മാർക്കോടെ ഡിസ്റ്റിങ്ഷൻ നേടി പ്രീഡിഗ്രിക്ക് പോയി; എന്നിട്ടും ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾ കേട്ട് കിളി പോയിട്ടുണ്ട്: പി.വി ഷാജികുമാർ
Kerala
500 മാർക്കോടെ ഡിസ്റ്റിങ്ഷൻ നേടി പ്രീഡിഗ്രിക്ക് പോയി; എന്നിട്ടും ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾ കേട്ട് കിളി പോയിട്ടുണ്ട്: പി.വി ഷാജികുമാർ
ശ്രീലക്ഷ്മി എ.വി.
Tuesday, 30th December 2025, 6:24 pm

തിരുവനന്തപുരം: കർണാടകയിലെ ബുൾഡോസർ രാജിനെതിരായ ഡി.വൈ.എഫ്.ഐ നേതാവും രാജ്യസഭ എം.പിയുമായ എ.എ റഹീമിന്റെ ഇംഗ്ലീഷ് പ്രതികരണത്തിൽ പിന്തുണയുമായി യുവ എഴുത്തുകാരൻ പി.വി ഷാജികുമാർ.

എ.എ റഹീമിനെ പോലെ താനും 1980-കളിൽ ജനിച്ച് 1990-കളിൽ സ്‌കൂളിൽ പഠിച്ച ആളാണെന്നും സയൻസും കണക്കും സോഷ്യലും പഠിപ്പിക്കുന്ന അധ്യാപകരുടെ ഔദാര്യത്തിൽ ഇംഗ്ലീഷ് പഠിച്ചവരാണെന്നന്നും പി.വി ഷാജികുമാർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

500 മാർക്കോടെ ഡിസ്റ്റിങ്ഷൻ നേടി പത്താം ക്ലാസ് പാസായി പ്രീഡിഗ്രിക്ക് പോയെന്നും അവിടെ ‘what is acceleration ? what is gravitational force?’ എന്നൊക്കെയുള്ള ചോദ്യങ്ങൾ കേട്ട് കിളി പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ ഭാഷയും രാഷ്ട്രീയവും തനിക്ക് മനസിലാകുമെന്നും ആ ഭാഷയുടെ പേരിൽ റഹീമിനെ കളിയാക്കുന്നവർക്കും അത് മനസിലാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തരേന്ത്യയിൽ തുടരുന്ന ഫാസിസ്റ്റ് പ്രവൃത്തികൾ അതേപടി കർണാടകയിൽ നടപ്പാക്കിയതിനെക്കുറിച്ചാണ് റഹീം പറഞ്ഞതെന്നും സ്വന്തം ഇടത്ത് നിന്ന് പാവങ്ങളായ മനുഷ്യരെ പുറത്താക്കുന്നതിലുള്ള പ്രതിഷേധവും വേദനയുമാണ് അയാൾ പങ്കുവെച്ചതെന്നും പി.വി ഷാജികുമാർ പറഞ്ഞു.

പരിഹസിക്കുന്നവർക്ക് അത് മനസിലാകാഞ്ഞിട്ടല്ലെന്നും അദ്ദേഹം ഉന്നയിച്ച രാഷ്ട്രീയത്തെ മായ്ചുകളയാനാണ് ഈ ട്രോളുകളിലൂടെ അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പരിഹസിക്കുന്നവർ പരിഹസിച്ചോട്ടെ. തൽക്കാലം അയാൾ കിടപ്പാടം നഷ്ടപ്പെട്ട മനുഷ്യരുടെ രാഷ്ട്രീയം പറയുന്നത് തുടരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പണ്ട് എ.കെ.ജിയെക്കുറിച്ച് നെഹ്‌റു പറഞ്ഞത് പോലെ അയാളുടെ ഭാഷ വടിവൊത്തതാവില്ല, പക്ഷേ അതിലെ ആശയം വ്യക്തമാണ്,’ പി.വി ഷാജികുമാർ കുറിച്ചു.

എ.എ റഹീമിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക് സി തോമസം രംഗത്തെത്തിയിരുന്നു.

റീൽസിൽപോലും ആർ.എസ്.എസ് എന്നുപറയാത്ത യുവരക്തങ്ങളുണ്ടെന്നും അവിടെയാണ് ഡി.വൈ.എഫ്.ഐ നേതാവും രാജ്യസഭാ എം.പിയുമായ എ.എ റഹീം വ്യത്യസ്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിന്ന് ലീഗിൽനിന്നും കോൺഗ്രസിൽനിന്നുമൊക്കെ തെരഞ്ഞെടുക്കപ്പെട്ട 19 പേരുണ്ടെങ്കിലും യലഹങ്കയിലെ സർവവും നഷ്ടപെട്ട മനുഷ്യരുടെ നടുവിൽ നിന്ന് പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കാട്ടിത്തന്നത് റഹീമാണെന്നും ജെയ്ക് പറഞ്ഞു.

തനിക്കെതിരെയുള്ള ട്രോളുകൾക്ക് എ.എ. റഹീം പ്രതികരിച്ചിരുന്നു. ഭാഷാപരമായ പരിമിതികൾ തനിക്കുണ്ടെന്നും എന്നാൽ മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേയുള്ളൂവെന്നും റഹീം മറുപടി നൽകിയിരുന്നു.

‘തികഞ്ഞ അഭിമാനമേ ഉളളൂ. അവരുടെ ശബ്‌ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്‌ചകൾ ഇന്ന് ലോകം കാണുന്നു. പുനരധിവാസത്തെ കുറിച്ച് നിങ്ങൾ ഇപ്പോൾ സംസാരിക്കാൻ നിർബന്ധിതരായിരിക്കുന്നു. എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല. എന്റെ ഭാഷ ഞാൻ തീർച്ചയായും ഇനിയും കൂടുതൽ മെച്ചപ്പെടുത്തും,’ എ.എ. റഹീം പറഞ്ഞു.

Content Highlight: P.V. Shajikumar has expressed support for A.A. Rahim’s English response against the bulldozer raj in Karnataka

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.