റോക്കഫോണ്ടയുടെ 304: അടിച്ചമര്‍ത്തപ്പെട്ടവരുടെ അതിജീവനത്തിന്റെ അക്കപ്പേര്
Discourse
റോക്കഫോണ്ടയുടെ 304: അടിച്ചമര്‍ത്തപ്പെട്ടവരുടെ അതിജീവനത്തിന്റെ അക്കപ്പേര്
പി.ടി. രാഹേഷ്
Monday, 22nd June 2026, 2:13 pm
അടിച്ചമര്‍ത്തപ്പെടുകയും അരുകവല്‍ക്കരിക്കപ്പെടുകയും ചെയ്ത ഈ ജനതയെയാണ് ഓരോ കാല്‍പന്തുകളിയിലെ സന്തോഷ നിമിഷങ്ങളിലും യമാല്‍ ആകാശത്തോളം ഉയര്‍ത്തിപ്പിടിക്കുന്നത്. സ്‌പെയിനിന് വേണ്ടി ലോകകപ്പില്‍ ആദ്യ ഗോള്‍ നേടിയപ്പോഴും പതിനെട്ട് വയസുകാരനായ ലാമിന്‍ യമാല്‍ മറക്കാതെ സ്വന്തം ജനതയെ ചേര്‍ത്തുപിടിച്ചു.

‘എന്റെ മുരിങ്ങച്ചോട്ടില്‍ നിന്നാണ് ഞാന്‍ ആകാശം കാണുന്നത്’ എന്ന ചെറുകാടിന്റെ വാക്കുകളാണ് ലാമിന്‍ യമാലിന്റെ വിരലുകളില്‍ നിന്ന് വായിച്ചെടുക്കാനാവുക. കാല്‍പ്പന്തുക്കിടയിലെ ഓരോ ഗോളുകള്‍ നേടുമ്പോഴും യമാല്‍ വിരലുകള്‍ കൊണ്ട് ‘304’ എന്നുയര്‍ത്തി കാണിക്കാറുണ്ട്. സ്‌പെയിന് വേണ്ടി ലോകകപ്പില്‍ ആദ്യമായി നേടിയ ഗോളിന് ശേഷവും യമാല്‍ തന്റെ സന്തോഷത്തിന്റെ പ്രതിഫലനമായി ഫുട്‌ബോള്‍ മൈതാനത്തിന്റെ ആകാശങ്ങളില്‍ ‘304’ എന്നെഴുതി ചേര്‍ത്തു.

പതിനേഴാം വയസില്‍ യൂറോ കപ്പില്‍ ഫ്രാന്‍സിന് നേരെ യമാല്‍ നേടിയ ഗോള്‍ ആവര്‍ത്തിച്ച് കണ്ടവരാണ് ലോകത്തമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍. ഫുട്‌ബോള്‍ ഇതിഹാസം പെലെ നേടിയ റെക്കോഡിനെ മറികടന്നാണ് യൂറോകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോളടിക്കാരന്‍ എന്ന റെക്കോഡ് യമാല്‍ അന്ന് നേടിയത്. അന്നത്തെ സെലിബ്രേഷനിലും, ലോകകപ്പിലെ ഓപ്പണിങ് ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ കളിക്കാരനായി മാറിയ നിമിഷത്തിലും യമാല്‍ ‘304’ എന്ന അക്കം തന്റെ വിരലുകളിലൂടെ വരച്ചു കാണിക്കുന്നുണ്ട്.

ലാമിന്‍ യമാല്‍- Photo: യാഹു സ്‌പോര്‍ട്‌സ്‌

‘റോക്കഫോണ്ടയില്‍ നിന്നാണ് എന്ന് പറയാന്‍ ആളുകള്‍ക്ക് മടിയായിരുന്നു, യമാല്‍ ആ ഗോളിലൂടെ ഞങ്ങളുടെ ആത്മാഭിമാനം കൂടിയാണ് ഉയര്‍ത്തിയത്, ഇപ്പോള്‍ റോക്കഫോണ്ട എന്നാല്‍ എല്ലാവര്‍ക്കും അഭിമാനമാണ് ‘ യൂറോകപ്പില്‍ യമാല്‍ ചരിത്രം സൃഷ്ടിച്ചപ്പോള്‍, യമാലിന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.

ജന്മ പ്രദേശമായ റോക്കഫോണ്ടയുടെ പോസ്റ്റല്‍ കോഡിന്റെ അവസാന മൂന്ന് അക്കങ്ങളാണ് ഈ 304. സ്‌പെയിനിലെ തൊഴിലാളിവര്‍ഗ കുടിയേറ്റ പ്രദേശമായ റോക്കഫോണ്ടയിലെ ഏറ്റവും സാധാരണപ്പെട്ട ഒരു കുടുംബത്തിലാണ് ലാമിന്‍ യമാല്‍ ജനിച്ചത്. യമാല്‍ കളിച്ചുവളര്‍ന്ന ഈ പ്രദേശത്തെ അഭയാര്‍ത്ഥികളായ മനുഷ്യര്‍ ഇന്നും കടുത്ത വംശീയതയ്ക്ക് ഇരകളാക്കപ്പെടുന്നുവരാണ്.

സ്പെയിനിലെ കറ്റലോണിയ മേഖലയിലെ റോക്കഫോണ്ടയുടെ പോസ്റ്റല്‍ കോഡ് 08304 എന്നാണ്. കറ്റലോണിയയിലെ ഏറ്റവും ദരിദ്രമായ പ്രദേശവും ആഫ്രിക്കന്‍ അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ വന്നിറങ്ങുന്ന ഇടവുമാണിത്. മൊറാക്കോക്കാരനായ യമാലിന്റെ പിതാവ് മുനീര്‍ നസൗറിയും, ഇക്വറ്റോറിയല്‍ ഗിനിയന്‍ വംശജയായ മാതാവ് ഷയില എബാനയും കണ്ടുമുട്ടിയത് ഇവിടെയാണ്. തന്റെ വേരുകള്‍ ഇവിടെയാണെന്ന് അഭിമാനിക്കുന്നവനും വന്നവഴി മറക്കാത്തവനുമായ യമാലിന്റെ നാട്ടില്‍, ഇവിടെ നിന്നാണ് വരുന്നതെന്ന് പറയാന്‍ ഇന്നും മടിക്കുന്ന മനുഷ്യരെയും കാണാം.

അടിച്ചമര്‍ത്തപ്പെടുകയും അരുകവല്‍ക്കരിക്കപ്പെടുകയും ചെയ്ത ഈ ജനതയെയാണ് ഓരോ കാല്‍പന്തുകളിയിലെ സന്തോഷ നിമിഷങ്ങളിലും യമാല്‍ ആകാശത്തോളം ഉയര്‍ത്തിപ്പിടിക്കുന്നത്. സ്‌പെയിനിന് വേണ്ടി ലോകകപ്പില്‍ ആദ്യ ഗോള്‍ നേടിയപ്പോഴും പതിനെട്ട് വയസുകാരനായ ലാമിന്‍ യമാല്‍ മറക്കാതെ സ്വന്തം ജനതയെ ചേര്‍ത്തുപിടിച്ചു.

സ്‌പെയിന്‍ – ഈജിപ്ത് സൗഹൃദ മത്സരം നടന്നപ്പോള്‍ സ്റ്റേഡിയത്തില്‍ നിന്നും കേട്ട മുസ്‌ലിം വിരുദ്ധതയും, വംശീയതയും നിറഞ്ഞ മുദ്രാവാക്യങ്ങള്‍ക്കെതിരെ ആദ്യം ശബ്ദമുയര്‍ത്തിയത് യമാലായിരുന്നു. ലാലീഗയില്‍ ബാഴ്‌സലോണ വിജയിച്ചതിന് ശേഷമുള്ള സെലിബ്രേഷന്‍ റാലിക്കിടെ യമാല്‍ ഉയര്‍ത്തിപ്പിടിച്ചത് ഫലസ്തീനിന്റെ പതാകയാണ്.

ബാഴ്‌സലോണയുടെ പരിശീലന ക്യാമ്പിലും യൂറോ കപ്പിനും ഇടയിലാണ് യമാലിന്റെ പതിനൊന്നാം ക്ലാസ് പരീക്ഷ നടന്നിരുന്നത്. പരീക്ഷയിലും പന്തുകളിയിലും ഒരുപോലെ ജയിച്ചാണ് ഈ മിടുക്കന്‍ പുതിയൊരു പാഠം പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കിയത്. ഇതുപോലൊരു മാനവികതയുടെ പാഠം തന്നെയാണ് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊപ്പം അചഞ്ചലമായി അടിയുറച്ചുനിന്നു കൊണ്ട് ഈ പന്തു കളിക്കാരന്‍ നമുക്ക് പകര്‍ന്നു നല്‍കുന്നത്.

ഫുട്‌ബോള്‍ രാജാക്കന്മാര്‍ പലരും പടിയിറങ്ങുന്ന ഈ ലോകകപ്പില്‍ പന്തുകളി പാവപ്പെട്ടവന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പൂരമാണെന്ന് വീണ്ടുമുറപ്പിക്കാന്‍ ഈ പുതുതലമുറക്കാരന്‍ ഉണ്ടാകുമെന്നുള്ളത് വലതുപക്ഷം ലോകകപ്പിനെ വിഴുങ്ങുന്ന കാലത്തെ ഒരു പ്രതീക്ഷയാണ്.

മുരിങ്ങച്ചോട്ടിലെ ഇത്തിരി വട്ടം ഇവിടെ ‘എന്റെ’ സ്വത്വത്തെ പ്രതിനിധാനം ചെയ്യുമ്പോഴും ഞാന്‍ പക്ഷേ നോക്കുന്നത് വിശാലമായ ആകാശത്തേക്കാണ് എന്നാണ് ജീവിതപാതയിലൂടെ ചെറുകാട് പറയുന്നത്. ചരിത്രവും, ശാസ്ത്രവും, കലയും, കളിയും, രാഷ്ട്രീയവും, ജീവിതപ്രതിസന്ധികളും, ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും എല്ലാം കൂടിക്കുഴഞ്ഞ് കിടക്കുന്ന അനന്തമായ ജീവിതാകാശത്തേക്ക് കണ്ണുയര്‍ത്തുമ്പോഴാണ് ഞാന്‍ മനുഷ്യനായിത്തീരുന്നത്.

അടിച്ചമര്‍ത്തപ്പെട്ടവരുടെ ലോകത്തുനിന്നും അധിനിവേശനത്തിനെതിരെ അനന്തമായ ആകാശങ്ങളിലേക്ക് പറന്നുയരുന്ന ഒരു പക്ഷിയെ പോലെ പന്തുകളിക്കിടയില്‍ റൊക്കഫോണ്ടയില്‍ നിന്നും റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന ഈ താരം ചെറുകാടിന്റെ വരികളിലെ മനുഷ്യനെ അന്വര്‍ത്ഥമാക്കുന്നതായി കാണാം.

സ്വന്തം മുരിങ്ങച്ചോട്ടിലെ ഇത്തിരിവട്ടത്തില്‍ തലപൂഴ്ത്തിവെച്ച് അനന്ത വിസ്തൃതമായ ആകാശഭംഗികളിലേക്ക് കണ്ണയക്കാന്‍ വിസമ്മതിക്കുന്ന സ്വത്വവാദികളുടെ ഒരു ലോകത്തെ നിര്‍മിക്കുന്നവര്‍ക്കിടയില്‍ ജീവിതാകാശങ്ങളിലേക്ക് കണ്ണും മനസും തുറന്നിരിക്കുന്ന പുതുതലമുറയെ രൂപപ്പെടുത്താന്‍ കൂടിയാണ് ലോകകപ്പ് മൈതാനങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നത്.

 

Content Highlight: P.T Rahesh Writing About Lamine Yamal’s 304 Celebration

പി.ടി. രാഹേഷ്
പി.ടി.രാഹേഷ്. പാലക്കാട് ജില്ലയിലെ മുതുതല സ്വദേശി. കോവിഡ് കാല അനുഭവങ്ങളുടെ സമാഹാരമായ 'ബൂസ്റ്റര്‍ഡോസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും എഴുതാറുണ്ട്. കുട്ടികള്‍ക്കിടയില്‍ ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.