ഞാന്‍ ആദ്യം എ.ഐയാണെന്നാണ് കരുതിയത്; കേരളത്തിലെ ശിശുമരണ നിരക്കില്‍ രാജീവ് ചന്ദ്രശേഖരനെ പരിഹസിച്ച് പി. രാജീവ്
Kerala
ഞാന്‍ ആദ്യം എ.ഐയാണെന്നാണ് കരുതിയത്; കേരളത്തിലെ ശിശുമരണ നിരക്കില്‍ രാജീവ് ചന്ദ്രശേഖരനെ പരിഹസിച്ച് പി. രാജീവ്
രാഗേന്ദു. പി.ആര്‍
Wednesday, 4th March 2026, 6:48 am

തിരുവനന്തപുരം: കേരളത്തില്‍ ശിശുമരണ നിരക്ക് കുറയുന്നത് യുവാക്കള്‍ വിദേശത്തേക്ക് പോകുന്നതുകൊണ്ടാണെന്ന പരാമര്‍ശത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് മന്ത്രി പി. രാജീവ്.

കേരളത്തിലെ ശിശുമരണ നിരക്ക് അഞ്ച് ശതമാനത്തില്‍ എത്തിയതിന് കാരണം, ചെറുപ്പക്കാരായ സംസ്ഥാനത്തെ യുവാക്കള്‍ വിദേശത്തേക്ക് പോകുന്നതുകൊണ്ടാണെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പരാമര്‍ശം.

മുമ്പ് കേന്ദ്രമന്ത്രി ആയിരുന്ന വിദ്യാസമ്പന്നനായ ഒരു നേതാവിന്റെ പരാമര്‍ശമാണിതെന്ന് പി. രാജീവ് ചൂണ്ടിക്കാട്ടി.

ടെക്നോളജിയെല്ലാം നന്നായി ഉപയോഗിക്കുന്ന ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍. അദ്ദേഹത്തിന്റെ കൗതുകകരമായ ഒരു വീഡിയോയാണ് കണ്ടത്. ആദ്യം തന്നെ എ.ഐ ആണോയെന്നാണ് നോക്കിയതെന്നും പി. രാജീവ് പറഞ്ഞു.

ശിശുമരണ നിരക്ക് എന്നാല്‍ ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ അതില്‍ മരണപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണമാണെന്ന് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വരെ അറിയാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബി.ജെ.പി അധ്യക്ഷന്റെ സംസാരം കേള്‍ക്കുമ്പോള്‍ അന്തംവിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഏറ്റവും കൂടുതല്‍ യുവാക്കള്‍ വിദേശത്തേക്ക് പോകുന്നത് കേരളത്തില്‍ നിന്നാണ്. കുട്ടികളുണ്ടാകുന്നത് യുവാക്കള്‍ക്കല്ലേ. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വിദേശത്ത് കുട്ടികളുണ്ടാകുമ്പോള്‍ കേരളത്തിലെ ശിശു മരണനിരക്ക് കുറയുന്നത് സ്വാഭാവികമാണ്,’ രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകള്‍.

മനോരമ ഇയര്‍ബുക്ക് സംഘടിപ്പിച്ച 2026 കേരള ഡെവലപ്മെന്റ് സമ്മിറ്റിലായിരുന്നു ചന്ദ്രശേഖറിന്റെ പരാമര്‍ശം. ബി.ജെ.പിയുടെ വികസിത കേരളമെന്ന ആശയത്തിലൂന്നി ‘വികസിത കേരളത്തിനൊരു മൂന്നാം ബദല്‍’ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ മാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ് കുമാറും രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ചിരുന്നു. ‘സംശയിക്കേണ്ട പണ്ഡിതന്‍ തന്നെ’യെന്നായിരുന്നു നികേഷിന്റെ പരിഹാസം. സോഷ്യല്‍ മീഡിയയിലും ബി.ജെ.പി അധ്യക്ഷനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

ബി.ജെ.പിയുടെ സ്മാര്‍ട്ട് ബോയ്‌യെയാണ് നിങ്ങള്‍ വിമര്‍ശിക്കുന്നത്, വാട്സ്അപ്പ് യൂണിവേഴ്സിറ്റി തന്നെ, വിവരമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല തിരിച്ചറിവില്ല, അറിയാഞ്ഞിട്ടല്ല ബോധപൂര്‍വം നടത്തുന്ന പ്രചാരണം തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

Content Highlight: P.Rajeev mocked Rajeev Chandrasekhar for his remark that the infant mortality rate in Kerala is decreasing because the youth are going abroad

 

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.