സിനിമ ഇന്‍ഡസ്ട്രിയില്‍ കയറാനല്ല, അവിടെ നിലനില്‍ക്കാനാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് സംവിധായകന്‍ പി.ആര്‍. അരുണ്‍. വലിയ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ച സംവിധായകര്‍ പോലും രണ്ടാമത്തെ സിനിമ ചെയ്യാന്‍ വര്‍ഷങ്ങളെടുക്കാറുണ്ടെന്നും തനിക്ക് പരിചയമുള്ള ഒരുപാട് സുഹൃത്തുക്കള്‍ അങ്ങനെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഡിവുഡ് യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ സംവിധായകര്‍ ഇത്രയും വര്‍ഷം എവിടെയായിരുന്നു എന്ന് നമ്മള്‍ അപ്പോള്‍ ആലോചിക്കില്ലെന്നും അത് വലിയൊരു സ്ട്രഗിളാണെന്നും അരുണ്‍ പറഞ്ഞു.
‘പലപ്പോഴും നമുക്ക് തോന്നും മാസം ശമ്പളം വാങ്ങിച്ച് അങ്ങ് ജീവിക്കാമായിരുന്നു എന്നത്. പക്ഷേ പിന്നെ ഈ കഥകള്‍ ആര് പറയും. എന്റെ ഫൈനല്‍സ് എന്ന സിനിമയുടെ കഥ ഞാന്‍ ഒരു 38 സംവിധായകരുടെ അടുത്ത് പറഞ്ഞിട്ടുണ്ട്. 38 പേരും എന്റെയടുത്ത് പറഞ്ഞത് ഇതൊരു സിനിമയാകില്ല. സിനിമയാക്കാന്‍ പറ്റിയൊരു കഥയല്ല എന്നാണ്,’ അരുണ്‍ പറയുന്നു.
അത് തന്റെ നാട്ടില്‍ വെച്ച് നടന്ന ഒരു കഥയാണെന്നും എങ്ങനെയെങ്കിലും അതൊരു സിനിമയാക്കണമെന്ന് തനിക്ക് വാശിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ മാത്രമെ ഉള്ളു ഇത് സിനിമയാക്കന്നെ് പിന്നീട്
്താന്‍ തിരിച്ചറിഞ്ഞുവെന്നും അങ്ങനെയാണ് തിരക്കഥാകൃത്തില്‍ നിന്ന് താന്‍ സംവിധായകനായതെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.
‘ഒരു 938 സംവിധായകരാണ് മലയാളത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തില്‍ പുതുതായിട്ട് വന്നത്. അതില്‍ ഒരു 12 ശതമാനം പേരാണ് രണ്ടാമത് ഒരു വര്‍ക്ക് ചെയ്തത്. ബാക്കി 88 ശതമാനം പേരും സ്ട്രഗിളില്‍ തന്നെയാണ്. ആ സ്ട്രഗിള്‍ സത്യമാണ്. അതില്‍ യാതൊരു സംശയവുമില്ല. ഞാനിപ്പോള്‍ ക്ലാസുകള്‍ എടുക്കാനും പഠിപ്പിക്കാന്‍ പോകാറുമുണ്ട്. അങ്ങനെ ഒരു സമാന്തര വരുമാനം കണ്ടെത്തി പ്രാക്ടിക്കലി അതിനെ സമീപിച്ചില്ലെങ്കില്‍ വലിയ പാടാണ്,’ അരുണ്‍ പറഞ്ഞു.
അതേസമയം പി. ആര്‍ അരുണിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി പ്രധാനവേഷത്തിലെത്തിയ വെബ് സീരീസാണ് ഫാര്‍മ. മെഡിക്കല്‍ റെപ്രസന്റേറ്റീവിന്റെ ജീവിത കഥ പറയുന്ന സീരീസില്‍ കെ.പി. വിനോദ് എന്ന കഥാപാത്രമായാണ് നിവിന്‍ എത്തിയത്. സീരീസ് ഡിസംബര്‍ 19ന് ജിയോ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ചെയ്യുകയും മികച്ച പ്രതികരണം നേടുകയും ചെയ്തു.
Content Highlight: P.R. Arun says that the most difficult thing is not to enter the film industry, but to survive there