സാമൂഹ്യ ജനാധിപത്യവും താരരാഷ്ട്രീയവും
DISCOURSE
സാമൂഹ്യ ജനാധിപത്യവും താരരാഷ്ട്രീയവും
പി.എന്‍. ഗോപീകൃഷ്ണന്‍
Saturday, 18th July 2026, 5:03 pm
സാമൂഹ്യ ജനാധിപത്യ പ്രക്രിയ ദുർബലമാകുമ്പോൾ തെരഞ്ഞെടുപ്പ് അധികാരം കൈമാറാനുള്ള സാങ്കേതിക നടപടിയായി ചുരുങ്ങും. താരരാഷ്ട്രീയം ഏറ്റവും കൂടുതൽ ക്ഷയിപ്പിക്കുന്നത് സാമൂഹ്യ ജനാധിപത്യത്തെയുമാണ്. ഈ വിഷയത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന പുസ്തകം, വായനക്കാരെ താരരാഷ്ട്രീയത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന നിരവധി ആശയസൂചനകൾ മുന്നോട്ടുവയ്ക്കുന്നു | പി.എന്‍ ഗോപീകൃഷ്ണന്‍ എഴുതുന്നു

അടിയന്തരാവസ്ഥക്കാലം ഒഴിച്ചു നിര്‍ത്തിയാല്‍, 1982 മുതല്‍ 1987 വരെ ഭരിച്ച കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ്, കേരളത്തിന്റെ ചരിത്രത്തില്‍ 5 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ മന്ത്രിസഭ. ഏതാണ്ട് ആ മന്ത്രിസഭയുടെ അവസാന കാലത്താണ് ‘മലയാള സിനിമയിലെ നിത്യവസന്തം’ എന്ന് വിശേഷിപ്പിക്കപ്പെട്ട സിനിമാതാരം പ്രേംനസീര്‍ രാഷ്ട്രീയത്തിലേയ്ക്കിറങ്ങുന്നത്.

1987ലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രേംനസീര്‍ സജീവമായി രംഗത്തിറങ്ങി. ഈ ലേഖകന്റെ നാടായ ശ്രീനാരായണപുരത്തും പ്രചാരണത്തിന്റെ ഭാഗമായി പ്രേംനസീറെത്തി. 5 കൊല്ലം പൂര്‍ത്തീകരിച്ചു എന്നത് ഭരണനേട്ടമായി ചിത്രീകരിച്ചു കൊണ്ടാണ്, അന്നവിടെ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് മുന്നില്‍ പ്രേംനസീര്‍ പ്രസംഗിച്ചത്.

പ്രേംനസീര്‍. Photo: Prem Nazir Foundation

പക്ഷെ, തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് നയിച്ചിരുന്ന ഐക്യ ജനാധിപത്യ മുന്നണി പരാജയപ്പെട്ടു. എതിരാളികളായിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുകയും ചെയ്തു. പ്രേംനസീറിന്റെ ഹ്രസ്വമായ രാഷ്ട്രീയ ജീവിതം അവസാനിക്കുകയും ചെയ്തു.

മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന പ്രേംനസീര്‍ എന്ന താരത്തിന്റെ രാഷ്ട്രീയ ജീവിതം അങ്ങനെ നനഞ്ഞ പടക്കം പോലെ അവസാനിച്ചു.

അതിന് ശേഷവും മുരളി, ഗണേഷ് കുമാര്‍, ഇന്നസെന്റ്, മുകേഷ്, ജഗദീഷ്, ഭീമന്‍ രഘു, സുരേഷ് ഗോപി, കൃഷ്ണകുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയ സിനിമാതാരങ്ങള്‍ പല കാലങ്ങളിലായി രാഷ്ട്രീയ രംഗത്ത് വരികയുണ്ടായി.

ഏറ്റവുമവസാനം 2026 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി എന്ന, ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകകക്ഷിയുടെ സ്ഥാനാര്‍ത്ഥിയായി ഒന്നില്‍ കൂടുതല്‍ സിനിമാ, സീരിയല്‍ നടിമാരും സ്ഥാനാര്‍ത്ഥികളായി രംഗത്തു വന്നു. ഇടതുപക്ഷ ജനാധിപത്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി ഗണേഷ്‌കുമാര്‍ കൊട്ടാരക്കരയിലും ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി രമേഷ് പിഷാരടി പാലക്കാടും മത്സരിക്കുകയുണ്ടായി.

ഇവരില്‍ ഇന്നസെന്റ് ഒരു പ്രാവശ്യം എം.പിയായി. ഗണേഷ് കുമാറും സുരേഷ് ഗോപിയും കേരളത്തിലും കേന്ദ്രത്തിലും മന്ത്രിപദം അലങ്കരിച്ചു. മുകേഷും രമേഷ് പിഷാരടിയും എം.എല്‍.എമാരായി. എങ്കിലും ഇവര്‍ക്കാര്‍ക്കും തന്നെ കേരള രാഷ്ട്രീയത്തെ നിര്‍ണയിക്കുന്ന രാഷ്ട്രീയതാരമായി ഉയരാന്‍ കഴിഞ്ഞില്ല.

കേരളത്തില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ നിയന്ത്രിക്കുന്ന പാര്‍ട്ടികളുടേയോ മുന്നണികളുടേയോ ഔദാര്യം മാത്രമാണ് അവരുടെ രാഷ്ട്രീയ പ്രവേശനത്തിന് നിദാനം എന്നതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തില്‍ അവര്‍ നേടിയ പാര്‍ശ്വവത്കൃതങ്ങളായ വിജയങ്ങളില്‍ അവരെ സഹായിച്ച ഘടകങ്ങളില്‍ അവസാനത്തേത് മാത്രമാണ് അവരുടെ താരപദവി എന്നത് കണ്ടെത്താന്‍ വലിയ ഗവേഷണങ്ങളുടെ ആവശ്യമൊന്നുമില്ല.

എന്നാല്‍ നമ്മുടെ അയല്‍നാടായ തമിഴകത്തിന്റെ കാര്യം അതല്ല. 2026ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പോലും, അവിടെ അധികാരത്തിലെത്തിയത് വിജയ് എന്ന താരം സ്ഥാപിച്ച, ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ള തമിഴക വെട്രി കഴകം എന്ന ടി.വി.കെയാണ്. ടി.വി.കെ യുടെ വിജയത്തെ നിര്‍ണ്ണയിച്ച ഏറ്റവും പ്രധാനപ്പെട്ട ഘടകമോ, അദ്ദേഹത്തിന്റെ താരപദവിയും.

വിജയ്

വിജയ്ക്ക് മുമ്പ് എം.ജി.ആറും ജയലളിതയും, ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയില്‍ കെട്ടിപ്പടുത്ത രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ലേബലില്‍ ആണെങ്കില്‍ പോലും അവിടെ മുഖ്യമന്ത്രിമാര്‍ ആയിരുന്നു.

എം.ജി.ആറും ജയലളിതയും

അവരുടെ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ അടിത്തറയേക്കാളും, അവരെ പരമോന്നത അധികാരപദവിയിലെത്തിച്ചത് അവരുടെ താരപദവി തന്നെയായിരുന്നു എന്നത് നിസ്സംശയം പറയാം. പ്രത്യേകിച്ചും അവര്‍ മുഖ്യമന്ത്രിസ്ഥാനത്ത് എത്തിപ്പെട്ടത്, അവര്‍ പ്രവര്‍ത്തിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നെടുകെ പിളര്‍ത്തിക്കൊണ്ടോ, ഹൈജാക്ക് ചെയ്തുകൊണ്ടോ ആയിരിക്കെ. അധികാരം മാത്രമല്ല, അവര്‍ പിടിച്ചെടുത്തത്, പ്രവര്‍ത്തിച്ചിരുന്ന പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ അടിത്തറ കൂടിയാണ്.

തമിഴ്‌നാടിന്റെ രാഷ്ട്രീയ രംഗത്തെ സവിശേഷതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഇന്ന് തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രിയായിരിക്കുന്നത് ജോസഫ് വിജയ് ആണ്. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും.

വിജയ്

രണ്ടുപേര്‍ക്കും രണ്ടുതരത്തിലാണെങ്കിലും താരപദവിയുടെ ഓഹരി വിലനിലവാര പട്ടികയില്‍ സ്ഥാനമുണ്ട്. ഉദയനിധി സ്റ്റാലിന്, ഇന്ത്യയിലെ പരമ്പരാഗത രാഷ്ട്രീയത്തിലെ മറ്റൊരു പ്രധാനഘടകമായ കുടുംബാധിപത്യത്തിന്റെ പിന്തുണ കൂടിയുണ്ട്.

ഉദയനിധി സ്റ്റാലിന്‍

ഈ പ്രതിഭാസത്തെ നാം തട്ടിച്ചു നോക്കേണ്ടത്, ഇന്ത്യന്‍ ഭരണഘടനയിലെ പ്രധാനപ്പെട്ട ഒരു പരികല്‍പനയായ ജനാധിപത്യ സങ്കല്‍പനവുമായാണ്. ഭരണഘടനാ അസംബ്ലിയില്‍ നടത്തിയ അന്തിമ പ്രസംഗങ്ങളിലൊന്നില്‍ ഡോ. അംബേദ്കര്‍ സാമൂഹ്യ ജനാധിപത്യത്തെ നിര്‍വചിക്കുന്നുണ്ട്.

ഡോ. ബി.ആർ. അംബേദ്കര്‍

ജനാധിപത്യത്തിന്റെ പരിശീലനം അങ്ങേയറ്റം കുറവായ ഒരു ജനതയെന്ന നിലയിലാണ് ഇന്ത്യന്‍ സമൂഹം ജനാധിപത്യ വ്യവസ്ഥയിലേക്ക് നീങ്ങുന്നത്. അവരില്‍ ഭൂരിപക്ഷവും വൈദേശിക ഭരണത്തിന് കീഴിലായിരുന്നു. ബാക്കിയുള്ളവരാകട്ടെ, നാട്ടുരാജ്യങ്ങളിലെ പ്രജകളും.

വൈദേശിക ഭരണത്തിന്റേയും രാജഭരണത്തിന്റേയും കീഴില്‍ വളരെ പരിമിതമായ ജനാധിപത്യ പരിശീലനം മാത്രമേ ഇന്ത്യന്‍ ജനതയ്ക്ക് ലഭിച്ചിരുന്നുള്ളൂ. അതിനാല്‍ തന്നെ ജനാധിപത്യം എന്നാല്‍ അധികാരത്തിലേയ്ക്ക് ഉള്ള വഴി മാത്രമായി കരുതാനുള്ള സാധ്യത വലുതാണ് എന്നാണ് അംബേദ്ക്കര്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചത്.

അതുകൊണ്ടുതന്നെ സാമൂഹ്യ ജനാധിപത്യം എന്ന ഒരു പരികല്പനയും അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്നു പ്രധാനപ്പെട്ട മൂല്യങ്ങളെ മുന്‍നിര്‍ത്തി ഇന്ത്യന്‍ സമൂഹത്തെ പുനസംഘടിപ്പിക്കുന്നതിനെയാണ് അദ്ദേഹം സാമൂഹ്യ ജനാധിപത്യം എന്ന് വിളിച്ചത്.

സാമൂഹ്യ ജനാധിപത്യ പ്രക്രിയ തടസ്സപ്പെട്ടാല്‍, തെരഞ്ഞെടുപ്പ് എന്നത് ഭരണാധികാരം കയ്യാളാനുള്ള ഒരു സാങ്കേതിക പ്രക്രിയ മാത്രമാകും. താരരാഷ്ട്രീയം ഒരു പക്ഷേ, ഏറ്റവും കയ്യൊഴിയുന്ന ഒന്ന് സാമൂഹ്യ ജനാധിപത്യം എന്ന പ്രക്രിയയെയാണ്.

താരപദവി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഘടകമാകുന്നതോടെ, സമൂഹത്തില്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്ന സമത്വബോധവും സ്വാതന്ത്ര്യബോധവും സാഹോദര്യബോധവും നിര്‍വീര്യവത്കരിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് വിജയവും അധികാരോഹണവും, ജനാധിപത്യത്തിന്റെ അന്ത:സത്തയുമായി ബന്ധപ്പെട്ട ഒന്നല്ലാതായി തീരുന്നു.

തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന ജനത പൗരത്വ പദവിയാളുന്ന ഒരു ഗണം എന്നതിലപ്പുറം വെറും ആള്‍ക്കൂട്ടം മാത്രമാകുന്നു. ഫാന്‍സ് അസോസിയേഷന്റെ നീട്ടിവരച്ച ഒരു ഗണം.

അതിനാല്‍ താരത്തിന്റെ രാഷ്ട്രീയ വിജയവും തോല്‍വിയും പലപ്പോഴും സമൂഹത്തിന്റെ രാഷ്ട്രീയേച്ഛകളുമായി ബന്ധപ്പെട്ട ഒന്നല്ല. അത് തെരഞ്ഞെടുപ്പ് വിജയം എന്നതിനെ സാങ്കേതികമായി കണ്ടുള്ള ഒരു പ്രവര്‍ത്തനം മാത്രമാണ്.

അത് പ്രവര്‍ത്തിക്കുമ്പോള്‍ താരം എല്ലാവരേക്കാളും വേഗത്തില്‍ അധികാരക്കസേരയില്‍ എത്തുന്നു. അത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ താരം രാഷ്ടീയ രംഗത്ത് നിന്നും വളരെപ്പെട്ടെന്ന് നിഷ്‌ക്രമിക്കുകയും ചെയ്യുന്നു.

തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്നതിലുള്ള മിടുക്കാണ്, ഇന്ത്യയില്‍ താരരാഷ്ട്രീയത്തിന്റെ പാഠശാലയായ തമിഴ്‌നാടിന്റെ ചരിത്രം വെച്ചു നോക്കിയാല്‍, താരത്തിന്റെ രാഷ്ട്രീയ വിജയവും പരാജയവും നിര്‍ണയിക്കുന്നത് എന്ന് കാണാം. അല്ലാതെ ഒരു സമൂഹത്തിനുള്ളില്‍ നടക്കുന്ന രാഷ്ട്രീയ പ്രക്രിയ അല്ല. ആ കൈകാര്യം ചെയ്യലില്‍ വലിയ വിജയം കൈവരിച്ച താരങ്ങളാണ് എം.ജി.ആറും ജയലളിതയും ഇപ്പോള്‍ ജോസഫ് വിജയും.

എം.ജി.ആര്‍ | ജയലളിത | വിജയ്

തങ്ങളുടെ താരപദവിയെ തെരഞ്ഞെടുപ്പിന്റെ സാങ്കേതികതയുമായി കണ്ണിചേര്‍ക്കുന്നതില്‍ അവര്‍ വിജയിച്ചു. വോട്ടു ചെയ്യുന്ന ജനതയെ അതിന് അനുയോജ്യമാം വിധം ചലിപ്പിക്കാന്‍, അവരുടെ താരപദവിയുടെ ഊര്‍ജത്തിന് കഴിഞ്ഞു.

എന്നാല്‍ ഏറിയോ കുറഞ്ഞോ മേല്‍പ്പറഞ്ഞവര്‍ക്ക് സമാനമായിരുന്ന താരപദവി ആളിയവര്‍ ആയിരുന്നിട്ട് പോലും ശിവാജി ഗണേശനോ കമല്‍ഹാസനോ അതിനായുമില്ല. വിജയകാന്ത് പോലുള്ള ഒരാളോ, ഇതിനിടയില്‍ എവിടെയോ നിന്നു.

ശിവാജി ഗണേശന്‍ | വിജയകാന്ത് | കമല്‍ഹാസന്‍

അതിനാല്‍ സാമൂഹിക ജനാധിപത്യം എന്ന പരികല്‍പനയുടെ ആശയപരവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങളെപ്പറ്റി താത്പര്യപ്പെടുന്ന ഒരാള്‍ക്ക് ഉള്‍ക്കാഴ്ച നല്‍കുന്ന ഒന്നാണ്, ‘പരാജിത നായകര്‍ – തമിഴ് താരരാഷ്ട്രീയത്തിന്റെ കഥ’ എന്ന ടി. അനീഷിന്റെ പുസ്തകം.

എം.ജി.ആറിനെപ്പോലെ വിജയിച്ച താരസ്വരൂപങ്ങളെപ്പറ്റി, എം.എസ്.എസ്. പാണ്ഡ്യന്‍ പോലുള്ളവര്‍ നടത്തിയ അപഗ്രഥനങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയ പരാജയങ്ങള്‍ ആകുന്ന താരങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍ നിന്നും പെട്ടെന്ന് മായുന്നു.

എം.എസ്.എസ്. പാണ്ഡ്യന്‍

നേരത്തെ പറഞ്ഞത് പോലെ ക്ഷിപ്രമായ പിന്‍വാങ്ങലുകളാണ് പരാജിത രാഷ്ട്രീയ കഥ പേറുന്ന പലതാരങ്ങളുടേയും രാഷ്ട്രീയ ജീവിതത്തെ മറവിയിലേയ്ക്ക് കൊണ്ടു പോയിട്ടുള്ളത്. അതുകൊണ്ട് തന്നെ അവരുടെ രാഷ്ട്രീയ ജീവിതം അധികമാരും പഠനവിധേയമാക്കിയിട്ടില്ല.

താരരാഷ്ട്രീയത്തിന്റെ കളിത്തൊട്ടിലും സര്‍വകലാശാലയുമായ തമിഴ്‌നാട്ടില്‍ തന്നെയാണ് വലിയ ഒരു കൂട്ടം താരങ്ങള്‍ രാഷ്ട്രീയ ഭാഗ്യപരീക്ഷണം നടത്തുന്നതും പരാജയപ്പെടുന്നതും എന്ന് അനീഷ് നമുക്ക് കാണിച്ചു തരുന്നു.

എം.എസ്.എസ്. പാണ്ഡ്യനോ തുടര്‍ന്നുള്ളവരോ നടത്തിയ പഠനങ്ങളുടെ രീതിശാസ്ത്രമല്ല, അനീഷ് അവലംബിക്കുന്നത്. കുറേക്കൂടി പത്രപ്രവര്‍ത്തന സ്വഭാവത്തിലുള്ള രീതിശാസ്ത്രമാണ് അനീഷിന്റെത്.

അവരുടെ രാഷ്ട്രീയ ജീവിതത്തിന്റെ നാള്‍വഴികള്‍ കൃത്യതയോടെ അടയാളപ്പെടുത്തുമ്പോള്‍ തന്നെ, തമിഴക രാഷ്ട്രീയത്തിന്റെ ശക്തിമത്തായ അടിസ്ഥാന മൂല്യങ്ങളോട് അവര്‍ എങ്ങനെയാണ് പ്രതിപ്രവര്‍ത്തിച്ചത് എന്ന് പരിശോധിക്കാനും അനീഷ് മുതിരുന്നു.

പുസ്തകത്തിന്‍റെ പുറംകവർ

ചില അപവാദങ്ങള്‍ ഉണ്ടെങ്കിലും, പൊതുവേ ഇന്ത്യയില്‍ മറ്റെല്ലായിടത്തും നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വം തങ്ങളുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ഒരു രാസത്വരകമായി വര്‍ത്തിച്ചേക്കും എന്ന പ്രതീക്ഷയില്‍ ദത്തെടുക്കുന്നത് വഴിയാണ് താരങ്ങളുടെ രാഷ്ട്രീയപ്രവേശം നടക്കുന്നത്.

സുനില്‍ ദത്ത് മുതല്‍, അമിതാബ് ബച്ചന്‍ മുതല്‍, അരുണ്‍ ഗോവിലും ദീപിക ചിക്ലിയയും മുതല്‍ ഇന്നസെന്റും മുകേഷും വരെ അങ്ങനെ നിലനില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേക്കേറിയവരാണ്.

എന്നാല്‍ തമിഴകത്തെ പലതാരങ്ങളും സ്വന്തം പാര്‍ട്ടിയുണ്ടാക്കിയാണ് രാഷ്ട്രീയ പ്രവേശം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. വിജയകാന്ത് ആയാലും കമല്‍ ഹാസന്‍ ആയാലും അങ്ങനെ വന്നവരാണ്. രജനീകാന്ത് അങ്ങനെ വരാന്‍ ഉദ്ദേശിച്ച ഒരാളാണ്.

എന്നാല്‍ തമിഴ് സ്വത്വത്തിന്റേയും അതിന്റെ അഭിമാനത്തിന്റേയും രാഷ്ട്രീയ മാനങ്ങള്‍ അവരില്‍ പലതരത്തില്‍ പ്രവര്‍ത്തിക്കുന്നതും കാണാന്‍ പറ്റും. അവരുടെ അവസര വാദങ്ങളെപ്പറ്റി പലതും ചൂണ്ടിക്കാണിക്കാമെങ്കിലും അതിലുപരിയായി അസംസ്‌കൃതമായ ഒരു രാഷ്ട്രീയം അവരുടെ അവസരവാദങ്ങളെപ്പോലും നിയന്ത്രിക്കുന്നതായി കാണാം. അതോടൊപ്പം, ജാതിയുടെ ഗോത്രസ്വഭാവം പലരും ഉപയോഗിക്കുന്നതായും.

ഇങ്ങനെ എസ്.എസ്. രാജേന്ദ്രനും ശിവാജി ഗണേശനും മുതല്‍ രജനീകാന്ത് വരെയുള്ളവരുടെ രാഷ്ട്രീയ പരാജയങ്ങളേയും പതനങ്ങളേയും മുന്‍നിര്‍ത്തിയുള്ള ഈ ആഖ്യാനം അവരുടെ താരജീവിതത്തിന്റേയും രാഷ്ട്രീയജീവിതത്തിന്റേയും നാള്‍വഴിക്കണക്കുകളിലൂടെയാണ് അനീഷ് ചുരുള്‍ നിവര്‍ത്തുന്നത്.

എസ്.എസ്. രാജേന്ദ്രന്‍ | രജനികാന്ത്

അതിനു ഒരേ സമയം കഥയുടേയും കഥേതരഗദ്യത്തിന്റേയും ആഖ്യാന സ്വഭാവമുണ്ട്. താരം എന്നത് തന്നെ ഒരു കല്‍പിത പദവിയായിരിക്കേ, അവരെപ്പറ്റിയുള്ള ആഖ്യാനത്തില്‍ കഥാസ്വഭാവം ഉള്‍ച്ചേരാതെ വയ്യ.

രാഷ്ട്രീയം എന്നത് ദൈനംദിനതയുടെ പുറത്ത് സഞ്ചരിക്കുന്ന ഒന്നായത് കൊണ്ട് അതിന്റെ കഥേതര സ്വഭാവവും ഇത്തരമൊരു പുസ്തകത്തിന്റെ ആഖ്യാനത്തെ നിര്‍ണയിക്കും എന്നതും തീര്‍ച്ചയാണ്. ഇങ്ങനെയുള്ള ഒരു ആഖ്യാനക്കൂട്ട് ഇതിനെ ഒറ്റയടിക്ക് വായിക്കാവുന്ന ഒരു പുസ്തകമാക്കിത്തീര്‍ക്കുന്നു. അതോടൊപ്പം തന്നെ താരരാഷ്ട്രീയത്തെക്കുറിച്ച് ഗഹനമായി ആലോചിക്കാനുള്ള നിരവധി ടേക്ക് ഓഫ് ബിന്ദുക്കള്‍ ഈ പുസ്തകം തരുന്നുണ്ട്.

എന്നെ സംബന്ധിച്ചിടത്തോളം, പഠനകാലത്ത് കണ്ട് മറന്നു പോയ പല സ്‌ക്രീന്‍ നിമിഷങ്ങളേയും വ്യക്തിപരമായി ഓര്‍മയില്‍ തിരിച്ചു കൊണ്ടുവന്നു, ഈ പുസ്തകം. കാര്‍ത്തിക് പോലെ, ടി. രാജേന്ദര്‍ പോലെ, ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ കെ. ഭാഗ്യരാജ് പോലെയുള്ളവരുടെ തിരശ്ശീലയിലെ പ്രകടനങ്ങള്‍ കിന്നരിയിട്ട കൗമാര, യൗവനകാലത്തിന്റെ മറന്നുപോയ ചില പേജുകളെയും.

ചലച്ചിത്രം എന്ന പലവിധ കാമനകളെ ഒരുമിപ്പിക്കുന്ന ഒരു അഭിനിവേശ പ്രദേശത്തേയും അധികാരത്തിന്റെ നിരവധി അടരുകള്‍ ഒളിച്ചു വെച്ച രാഷ്ട്രീയം എന്ന മറ്റൊരു അഭിനിവേശപ്രദേശത്തേയും ചേര്‍ത്തുവെച്ചുള്ള ആലോചനകള്‍ക്ക് തീര്‍ച്ചയായും ഇതൊരു കൈപ്പുസ്തകമായി വര്‍ത്തിക്കും. അതിനാല്‍ ഈ പുസ്തകം ചര്‍ച്ച ചെയ്യപ്പെടട്ടെ എന്നാശിക്കുന്നു.

( മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി അനീഷിന്റെ, ഉടന്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന പരാജിത താരങ്ങള്‍ – തമിഴ് താരരാഷ്ട്രീയത്തിന്റെ കഥ എന്ന പുസ്തകത്തിന്റെ അവതാരിക )

 

Content Highlight: P. N. Gopikrishnan on Parajitha Tharangal – Tamil Thara rashtreeyathinte Katha