| Sunday, 4th May 2025, 12:16 pm

നിമിത്തമായിരിക്കാം, ആ മനുഷ്യനെ കണ്ട് മധു സാര്‍ ചാടിയെഴുന്നേറ്റു; അത് ചിത്രയുടെ അച്ഛനായിരുന്നു: പി. ചന്ദ്രകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് പി. ചന്ദ്രകുമാര്‍. 19ാം വയസില്‍ ആദ്യസിനിമ സംവിധാനം ചെയ്ത ചന്ദ്രകുമാര്‍ നിരവധി ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. തടവറ, അധികാരം, ഉയരും ഞാന്‍ നാടാകെ, പി.സി. 369 തുടങ്ങിയ ഹിറ്റുകള്‍ ഒരുക്കിയത് ചന്ദ്രകുമാറായിരുന്നു.

ഇപ്പോള്‍ മലയാളത്തിന്റെ വാനമ്പാടിയായ കെ.എസ്. ചിത്ര ആദ്യമായി സിനിമയില്‍ ഗാനം ആലപിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ചന്ദ്രകുമാര്‍. എം.ജി രാധാകൃഷ്ണന്റെ സംഗീതത്തില്‍ ‘അട്ടഹാസം‘ എന്ന ചിത്രത്തില്‍ ‘ചെല്ലം ചെല്ലം‘ എന്ന ഗാനം പാടിയാണ് ചിത്ര മലയാള സിനിമയിലേക്ക് വന്നത്.

സിനിമയിലെ ഗാനം പാടാനിരുന്നത് ചിത്രയല്ലായിരുന്നുവെന്നും കോറസ് പാടാന്‍ വന്ന കൂട്ടത്തിലെ ഒരാള്‍ ആയിരുന്നു ചിത്രയെന്നും ചന്ദ്രകുമാര്‍ പറഞ്ഞു. ലീഡ് പാടാന്‍ വന്നത് ചിത്രയുടെ കൂടെ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ത്ഥിയായിരുന്നുവെന്നും ചന്ദ്ര കുമാര്‍ കൂട്ടിച്ചേര്‍ത്തു. പാടിയത് ശരിയായെങ്കിലും ഒരു തവണ കൂടെ പാടണം എന്ന് തങ്ങള്‍ പറഞ്ഞിരുന്നുവെന്നും മറ്റെന്തോ കാരണത്താല്‍ അവര്‍ പിന്നീട് വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് താന്‍ സജസ്റ്റ് ചെയ്ത് പിന്നീട് ചിത്രയെ കൊണ്ട് പാടിക്കുകയായിരുന്നുവെന്നും നടന്‍ മധു നല്ല ശബ്ദമാണെന്ന് പറയുകയുണ്ടായെന്നും ചന്ദ്ര കുമാര്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റുഡിയോയിലേക്ക് പിന്നീട് ചിത്രയുടെ അച്ഛന്‍ വന്നുവെന്നും അത് മധുവിന്റെ ഗുരുവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്പയര്‍ ലൈഫ് യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു പി.ചന്ദ്ര കുമാര്‍.

‘ആ പാട്ട് ചിത്ര പാടാന്‍ വേണ്ടി വെച്ചതല്ലായിരുന്നു. അന്ന് കോളേജില്‍ പഠിക്കുന്ന കാലത്ത് കോറസ് പാടാന്‍ വന്ന ആറ് പേരുടെ കൂട്ടത്തില്‍ ഒരാളായിരുന്നു ചിത്ര. അതില്‍ ലീഡ് പാടുന്നത് ചിത്രയുടെ കൂടെ പഠിക്കുന്നത് മറ്റൊരു കുട്ടി തന്നെയാണ്. ആ കുട്ടി രാവിലെ വന്ന് നാലഞ്ച് തവണ പാടി, അന്ന് ആ കുട്ടി പാടുന്നത് മധു സാര്‍ കേട്ടിരുന്നു. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ആയിരുന്നു അതിന്റെ റെക്കോര്‍ഡിങ്. മധു സാര്‍ കേട്ട് കഴിഞ്ഞ് ഉച്ചക്ക് ഊണ് കഴിക്കാന്‍ പോയി. ഈ കുട്ടി പാടിയത് ഒരിക്കല്‍ കൂടി എടുക്കണം എന്ന് പറഞ്ഞിട്ടാണ് ഞങ്ങള്‍ പോയത്. ആ കുട്ടി ഉച്ചക്ക് വീട്ടില്‍ പോയി ചോറ് കഴിച്ചിട്ട് വരാം എന്ന് പറഞ്ഞിട്ട് തിരിച്ച് വന്നില്ല.

പിന്നീട് വിളിച്ചപ്പോള്‍ സുഖമില്ലാന്നോ മറ്റോ പറഞ്ഞു. നെര്‍വസ് ആയതാണോ എന്ന് അറിയില്ല. അത് എടുത്തിട്ട് വൈകുന്നേരം ഞങ്ങള്‍ക്ക് അത് ഷൂട്ട് ചെയ്യണം. അന്ന് ട്രാക്ക് എടുക്കലും പരിപാടിയൊന്നും ഇല്ല. ഇന്‍സ്റ്റ്‌റമന്റിന്റെ കൂടെ ലൈവായിട്ടാണ് നമ്മള്‍ റെക്കോര്‍ഡ് ചെയ്യുന്നത്. എല്ലാ പ്ലെയേഴ്‌സും വന്നിരിക്കുന്നുണ്ടാകും അപ്പോള്‍ ഇവരും പാടണം. ആര് ചെയ്യുമെന്നുള്ള കാര്യത്തില്‍ ടെന്‍ഷന്‍ ആയി. എം.ജി രാധകൃഷ്ണന്‍ ആണ് മ്യൂസിക് ഡയറക്ടര്‍ സത്യനാണ് വരികളൊക്കെ എഴുതിയിരിക്കുന്നത്. ‘അതില്‍ വേറൊരു കുട്ടിയുടെ ശബ്ദം കൊള്ളാവുന്നതാണ് നമ്മള്‍ക്ക് ഒന്ന് ശ്രമിച്ച് നോക്കിയാലോ’ എന്ന് ഞാന്‍ പറഞ്ഞു.

എല്ലാ കുട്ടികളെയും വെച്ചിട്ട് രണ്ട് മൂന്ന് വരി പാടാന്‍ പറയാം. എന്നിട്ട് അതില്‍ നിന്ന് സെലക്ട് ചെയ്യാം എന്ന് വിചാരിച്ചു. എല്ലാ കുട്ടികളും വന്ന് രണ്ട് മൂന്ന് വരി പാടി, ഞാന്‍ സത്യനെ മെല്ലെ തൊട്ട് കാണിച്ചു. ഈ കുട്ടിയെയാണ് ഞാന്‍ പറഞ്ഞത് എന്ന് പറഞ്ഞ്. അങ്ങനെയാണ് ചിത്ര വന്ന് പാടുന്നത്.

എന്റെ കണ്ണ് നിറയുന്ന കാര്യം അതൊരു നിമിത്തമായിരിക്കാം പക്ഷേ, ചിത്ര ആ പാട്ട് പാടി മൂന്നാമത്തെ ടേക്കില്‍ ഞാന്‍ ഓക്കെയെന്ന് പറയുമ്പോള്‍ മധു സാര്‍ കേറി വരുകയാണ്. രാവിലെ കേട്ട ശബ്ദം അല്ലല്ലോ ഇത് എന്ന് മധു സാര്‍ ചോദിച്ചു. ഞാന്‍ കാര്യങ്ങളൊക്കെ പറഞ്ഞു. എന്തായാലും ഈ ശബ്ദം വളരെ നന്നായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുപറഞ്ഞ് കഴിഞ്ഞപ്പോള്‍ ഒരു വയസായ മനുഷ്യന്‍ ഉള്ളിലേക്ക് കേറി വന്നു. എന്നിട്ട് മധു സാറിനെ നോക്കിയിട്ട് തൊഴുതു. മധു സാര്‍ പെട്ടന്ന് ചാടി എഴുന്നേറ്റു. കാരണം മധു സാറിനെ പഠിപ്പിച്ച ഗുരുവാണ്, അത് ചിത്രയുടെ അച്ഛനായിരുന്നു,’ പി. ചന്ദ്രകുമാര്‍ പറഞ്ഞു.

Content highlight: P. Chandrakumar is talking about K.S. Chitra singing a song for the first time in a movie.

We use cookies to give you the best possible experience. Learn more