| Sunday, 4th May 2025, 4:25 pm

കുളിക്കാതെയും പല്ലു തേക്കാതെയും ഇരിക്കാം, ആ വേഷം എനിക്ക് തന്നെ വേണമെന്ന് മോഹന്‍ലാല്‍ എന്നോട് ആവശ്യപ്പെട്ടു: പി. ചന്ദ്രകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളാണ് പി. ചന്ദ്രകുമാര്‍. 19ാം വയസില്‍ ആദ്യസിനിമ സംവിധാനം ചെയ്ത ചന്ദ്രകുമാര്‍ നിരവധി ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. തടവറ, അധികാരം, ഉയരും ഞാന്‍ നാടാകെ, പി.സി. 369 തുടങ്ങിയ ഹിറ്റുകള്‍ ഒരുക്കിയത് ചന്ദ്രകുമാറായിരുന്നു. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം നടത്തുന്ന തുടരും എന്ന ചിത്രത്തില്‍ അഭിനേതാവായും ചന്ദ്രകുമാര്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത് 1985ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഉയരും ഞാന്‍ നാടാകെ. മോഹന്‍ലാലിന്റെ കരിയറിലെ വ്യത്യസ്തമായ സിനിമകളിലൊന്നായിരുന്നു ഇത്. ആദിവാസി യുവാവായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ വേഷമിട്ടത്. ചിത്രത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പി. ചന്ദ്രകുമാര്‍.

ചിത്രത്തിലെ വേഷം മോഹന്‍ലാല്‍ ചോദിച്ചുവാങ്ങിയതാണെന്ന് പി. ചന്ദ്രകുമാര്‍ പറഞ്ഞു. വയനാട്ടിലെ കാടുകളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടെന്നും പ്രധാന താരങ്ങളൊഴികെ മറ്റെല്ലാവരും യഥാര്‍ത്ഥ ആദിവാസികളായിരുന്നെന്നും ചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു. ആ സിനിമയിലെ വേഷത്തിനായി മോഹന്‍ലാല്‍ തന്നെ സമീപിച്ചപ്പോള്‍ താന്‍ പിന്തിരിപ്പിക്കാന്‍ നോക്കിയെന്നും ചന്ദ്രകുമാര്‍ പറഞ്ഞു.

യഥാര്‍ത്ഥ ആദിവാസികളെ നിരീക്ഷിച്ച് അവരുടെ കൂടെ ജീവിക്കേണ്ടി വരുമെന്നൊക്കെ താന്‍ പറഞ്ഞെന്നും മോഹന്‍ലാല്‍ അതിന് സമ്മതിച്ചെന്നും ചന്ദ്രകുമാര്‍ പറയുന്നു. കുളിക്കാതെയും പല്ലുതേക്കാതെയും ഇരിക്കാമെന്നും ആ വേഷം തനിക്ക് തന്നെ വേണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെട്ടെന്നും ചന്ദ്രകുമാര്‍ പറഞ്ഞു.

കഥാപാത്രത്തിനായി മോഹന്‍ലാല്‍ എന്ത് കഷ്ടപ്പാടും സഹിക്കുമെന്ന് അന്ന് മനസിലായെന്നും ചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു. രാത്രി കാട്ടിലൂടെ ഒടുന്ന സീന്‍ എടുക്കുമ്പോള്‍ കാലില്‍ കല്ലും മുള്ളുമൊക്കെ കുത്തി ചോരയൊലിക്കാറുണ്ടായിരുന്നെന്നും എന്നാല്‍ മോഹന്‍ലാല്‍ അതൊന്നും തന്നെ അറിയിച്ചില്ലെന്നും ചന്ദ്രകുമാര്‍ പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഉയരും ഞാന്‍ നാടാകെ എന്ന പടത്തിലെ വേഷം മോഹന്‍ലാല്‍ ചോദിച്ചുവാങ്ങിയതായിരുന്നു. ആ സിനിമയില്‍ പ്രധാന താരങ്ങളൊഴികെ ബാക്കിയെല്ലാവരും യഥാര്‍ത്ഥ ആദിവാസികളായിരുന്നു. ഈ വേഷത്തിനായി മോഹന്‍ലാല്‍ എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ പല കണ്ടീഷനും വെച്ചു. ആദിവാസികളെ ഒബ്‌സര്‍വ് ചെയ്യണം, അവരുടെ ജീവിതരീതി അതുപോലെ പകര്‍ത്തണം എന്നൊക്കെ ലാലിനോട് പറഞ്ഞു.

‘ചേട്ടാ ഞാന്‍ കുളിക്കാതെയും പല്ലുതേക്കാതെയും ഇരിക്കാം, ഈ റോള്‍ എനിക്ക് തന്നെ തരണം’ എന്ന് ലാല്‍ പറഞ്ഞു. ഒരു ആക്ടര്‍ എങ്ങനെയായിരക്കണമെന്ന് അന്ന് ലാല്‍ മനസിലാക്കി തന്നു. ആ സിനിമക്കായി ലാല്‍ ഒരുപാട് കഷ്ടപ്പാട് സഹിച്ചു. വയനാട്ടിലെ തണുപ്പില്‍ വെറും തോര്‍ത്ത് മാത്രം ഉടുത്ത് അയാള്‍ അഭിനയിച്ചു. രാത്രിയിലെ സീനുകളില്‍ ഓടുന്ന ഭാഗമുണ്ടായിരുന്നു. ആ സീനിന് ശേഷം കല്ലും മുള്ളും കൊണ്ട് കാലൊക്കെ ചോരയില്‍ കുതിര്‍ന്ന് ഇരിക്കുമായിരുന്നു. ഇതൊന്നും അയാള്‍ എന്നോട് പറഞ്ഞിരുന്നില്ല,’ പി. ചന്ദ്രകുമാര്‍ പറയുന്നു.

Content Highlight: P Chandrakumar about Mohanlal’s dedication in Uyarum Njan Nadake movie

Latest Stories

We use cookies to give you the best possible experience. Learn more