വിതരണക്കാര്‍ക്ക് ലാഭമായിരുന്നെങ്കിലും നിര്‍മാതാക്കള്‍ക്ക് എമ്പുരാന്‍ നഷ്ടമായിരുന്നു, അതിന് കാരണം... റൊണാള്‍ഡ് തൊണ്ടിക്കല്‍
Malayalam Cinema
വിതരണക്കാര്‍ക്ക് ലാഭമായിരുന്നെങ്കിലും നിര്‍മാതാക്കള്‍ക്ക് എമ്പുരാന്‍ നഷ്ടമായിരുന്നു, അതിന് കാരണം... റൊണാള്‍ഡ് തൊണ്ടിക്കല്‍
അമര്‍നാഥ് എം.
Monday, 13th July 2026, 10:05 pm

മലയാളസിനിമക്ക് മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള സ്വീകാര്യതയാണ് കേരളത്തിന് പുറത്ത് ലഭിക്കുന്നത്. സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ക്ക് പുറമെ ചെറിയ സിനിമകളും വലിയ രീതിയില്‍ സ്വീകരിക്കപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. മലയാളസിനിമകള്‍ ഓവര്‍സീസ് (യു.കെ)യില്‍ സ്ഥിരമായി വിതരണം ചെയ്യുന്ന കമ്പനിയാണ് ആര്‍.ടി.എഫ്.

യു.കെയില്‍ മലയാളികളുണ്ടെങ്കിലും അവര്‍ക്ക് മലയാളസിനിമ കാണാന്‍ അധികം അവസരമുണ്ടായിരുന്നില്ലെന്നും അതിന് മാറ്റം കൊണ്ടുവന്നത് തങ്ങളാണെന്നും ആര്‍.ടി.എഫിന്റെ ഹെഡ് റൊണാള്‍ഡ് തൊണ്ടിക്കല്‍ പറയുന്നു. ടു ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാവിതരണം ആരംഭിച്ചതെന്നും അന്ന് വെറും രണ്ട് തിയേറ്ററുകളില്‍ മാത്രമാണ് സിനിമ എത്തിച്ചതെന്നും റൊണാള്‍ഡ് കൂട്ടിച്ചേര്‍ത്തു.

റൊണാള്‍ഡ് തൊണ്ടിക്കല്‍ Photo: Screen grab/ Reporter Films

മലയാളസിനിമക്ക് മുന്‍പെങ്ങുമില്ലാത്ത സ്വീകാര്യത ഇപ്പോള്‍ ലഭിച്ചിട്ടുണ്ടെന്നും മറ്റ് ഭാഷയിലെ സിനിമകളെക്കാള്‍ കളക്ഷന്‍ മലയാള സിനിമക്ക് ലഭിക്കുന്നത് കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. എമ്പുരാന്‍ എന്ന ചിത്രത്തിന് ലഭിച്ച സ്വീകാര്യത അത്ഭുതപ്പെടുത്തിയെന്നും ആദ്യദിനം ഏഴ് കോടിയോളമാണ് നേടിയതെന്നും റൊണാള്‍ഡ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മിക്ക സിനിമകളും പോസിറ്റീവ് റിപ്പോര്‍ട്ട് കിട്ടിയാല്‍ ആദ്യത്തെ ആഴ്ച കൊണ്ട് നമുക്ക് പ്രോഫിറ്റാകും. ചില സിനിമകള്‍ ഹിറ്റായാലും നമുക്ക് അത്ര പൈസ കിട്ടില്ല. ഹൈപ്പ് ഇതില്‍ ഒരു ഫാക്ടറാണ്. എമ്പുരാന്‍ എന്ന സിനിമ എടുത്തുനോക്കിയാല്‍ അത് ഞങ്ങള്‍ക്ക് പ്രോഫിറ്റബിളായിരുന്നു. പ്രതീക്ഷിച്ചതിലും കൂടുതല്‍ കളക്ഷന്‍ ആ സിനിമക്ക് കിട്ടി.

എമ്പുരാന്‍ Photo: Jio Hotstar

പക്ഷേ, മറ്റ് പല ഏരിയയിലും അത്ര കളക്ഷന്‍ കിട്ടാതെ പോയി. കേരളത്തിലടക്കം വലിയൊരു കളക്ഷന്‍ പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. അതുകൊണ്ട് ആ സിനിമ വിതരണക്കാര്‍ക്ക് ലാഭവും നിര്‍മാതാവിന് നഷ്ടവുമായി. അതിന്റെ പ്രൊഡക്ഷന്‍ കോസ്റ്റ് വളരെ കൂടുതലായിരുന്നു. അതുകൊണ്ടാണ് അത്രയും നഷ്ടം വന്നത്,’ റൊണാള്‍ഡ് പറയുന്നു.

എന്നാല്‍ എമ്പുരാന്‍ ആദ്യദിനം നേടിയ കളക്ഷന്‍ ധുരന്ധര്‍ 2ന് പോലും മറികടക്കാനായില്ലെന്നും ഇപ്പോഴത്തെ ടോപ് കളക്ഷന്‍ ആ സിനിമയുടെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം സ്ഥാനത്തുള്ളത് വിജയ് ചിത്രം ലിയോ ആണെന്നും ആ സിനിമക്കും റെക്കോഡ് ഓപ്പണിങ്ങായിരുന്നെന്നും റൊണാള്‍ഡ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Overseas Distributor of Empuraan movie talks about their collection

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം