ന്യൂദല്‍ഹി: രാജ്യത്തെ സിറ്റിങ് ജഡ്ജിമാര്‍ക്കെതിരെ പത്ത് വര്‍ഷത്തിനിടെ 8,000ത്തിലധികം പരാതികള്‍ ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 8,630 പരാതികളാണ് ചീഫ് ജസ്റ്റിസിന്റെ ഓഫീസിന് ലഭിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.
നിയമ-നീതിന്യായ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ലോക്‌സഭയില്‍ രേഖാമൂലം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഡി.എം.കെ എം.പി വി.എസ്. മതേശ്വരന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഹൈക്കോടതികളിലെയോ സുപ്രീം കോടതിയിലെയോ ജഡ്ജിമാര്‍ക്കെതിരെ ലഭിച്ച അഴിമതി, ലൈംഗിക ആരോപണം അടക്കമുള്ള പരാതികള്‍ സംബന്ധിച്ച വിവരങ്ങളാണ് ഡി.എം.കെ തേടിയത്. ഇതിനുള്ള മറുപടിയാണ് മേഘ്‌വാള്‍ നല്‍കിയത്.
2016നും 2025നും ഇടയില്‍ ലഭിച്ച പരാതികളാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്ളത്. 2024 ല്‍ 1,170 പരാതികളാണ് ലഭിച്ചത്. 2020ല്‍ 518 ഉം. 2020ലാണ് ഏറ്റവും കുറവ് പരാതികള്‍ രേഖപ്പെടുത്തിയത്.
ജഡ്ജിമാര്‍ക്കെതിരായ പരാതികളും വിവരങ്ങളും സൂക്ഷിക്കാന്‍ സുപ്രീം കോടതി ഉപയോഗിക്കുന്ന സംവിധാനത്തെ കുറിച്ച് കേന്ദ്രത്തിന് അറിയാമോയെന്നും ഡി.എം.കെ എം.പി ചോദിച്ചിരുന്നു. സുപ്രീം കോടതി യുടെ ആഭ്യന്തര നടപടിക്രമങ്ങള്‍ ജഡ്ജിമാര്‍ക്കെതിരായ മോശം പെരുമാറ്റ ആരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമപരമല്ലാത്ത സംവിധാനമാണെന്നും വി.എസ്. മതേശ്വരന്‍ പറഞ്ഞിരുന്നു.
ഹൈക്കോടതികളിലെ ജഡ്ജിമാര്‍ക്കും ചീഫ് ജഡ്ജിസ്റ്റുമാര്‍ക്കും ലഭിക്കുന്ന പരാതികള്‍ ‘ഇന്‍ ഹൗസ് മെക്കാനിസം’ വഴിയാണ് ജുഡീഷ്യറി കൈകാര്യം ചെയ്യുന്നത്. സുപ്രീം കോടതി ജഡ്ജിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കുമെതിരെ പരാതികള്‍ സ്വീകരിക്കാന്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ട്.
മാത്രമല്ല, ഹൈക്കോടതി ജഡ്ജിമാരുടെ പെരുമാറ്റത്തിനെതിരായ പരാതികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും അധികാരമുണ്ട്. പാതികള്‍ ലഭിക്കുന്നത് സര്‍ക്കാരിനാണെങ്കില്‍ അത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കോ ചീഫ് ജസ്റ്റിസുമാര്‍ക്കോ അയയ്ക്കുമെന്നും മന്ത്രി മേഘ്‌വാള്‍ വ്യക്തമാക്കി.
Content Highlight: Over 800 complaints against sitting judges in 10 years: Centre in Lok Sabha