ദി ഹണ്‍ഡ്രഡില്‍ ഹാട്രിക്ക് കിരീടം നേടി ഓവല്‍ ഇന്‍വിന്‍സിബിള്‍സ്. കലാശപ്പോരില്‍ ട്രെന്റ് റോക്കറ്റ്‌സിനെ 26 റണ്‍സിന് തകര്‍ത്താണ് ഇന്‍വിന്‍സിബിള്‍സ് തുടര്‍ച്ചയായ മൂന്നാം കിരീടം നേടിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടീം ഹാട്രിക്ക് കിരീടം നേടുന്നത്. മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്സിന്റെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് ടീമിന്റെ വിജയം.
മത്സരത്തില്‍ ഇന്‍വിന്‍സിബിള്‍സ് ഉയര്‍ത്തിയ 168 റണ്‍സ് പിന്തുടര്‍ന്ന റോക്കറ്റ്‌സിന് 142 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. നഥാന്‍ സോട്ടറിന്റെ മൂന്ന് വിക്കറ്റ് പ്രകടനത്തില്‍ 26 റണ്‍സിന് അകലെ കിരീടം കൈവിടുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്‍വിന്‍സിബിള്‍സിനായി മികച്ച ബാറ്റിങ് നടത്തിയത് ഓപ്പണര്‍ വില്‍ ജാക്സായിരുന്നു. താരം 41 പന്തുകള്‍ നേരിട്ട് 72 റണ്‍സാണ് അടിച്ചെടുത്തത്. രണ്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 175.61 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് ചെയ്തത്.
താരത്തിന് പുറമെ, ജോര്‍ദന്‍ കോക്‌സും മികച്ച ബാറ്റിങ് കാഴ്ചവെച്ചു. 28 പന്തില്‍ ഒരു സിക്സും നാല് ഫോറും അടക്കം 40 റണ്‍സാണ് നേടിയത്. മറ്റാരും മികച്ച പ്രകടനം നടത്തിയില്ല.
ട്രെന്റ് റോക്കറ്റ്സിനായി മാര്‍ക്കസ് സ്റ്റോയിനിസ് രണ്ട് വിക്കറ്റ് നേടി. പെന്നിങ്‌ടോണും റഹ്‌മാന്‍ അഹമ്മദും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ട്രെന്റ് റോക്കറ്റ്സിനായി മാര്‍ക്കസ് സ്റ്റോയിനിസ് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. 38 പന്തില്‍ 64 റണ്‍സാണ് താരം നേടിയത്. അഞ്ച് സിക്സും നാല് ഫോറും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ ഇന്നിങ്സ്. മറ്റാര്‍ക്കും മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ പോയതാണ് ടീമിന് വിനയായത്.