ദിലീപിന്റെ 150ാമത് ചിത്രമായി വന്നിരിക്കുകയാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. നവാഗതനായ ബിന്റോ സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഷാരിസ് മുഹമ്മദാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെയും തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത്.
മധ്യകേരളത്തിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിന്റെ കഥയാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി പറയുന്നത്. അച്ഛനും അമ്മയും മൂന്ന് മക്കളുമൊക്കെയടങ്ങുന്ന കുടുംബത്തിന്റെ എല്ലാ കാര്യവും നോക്കി നടത്തുന്നത് മൂത്ത മകനായ പ്രിന്‍സാണ്. ഇളയ രണ്ട് സഹോദരങ്ങള്‍ക്ക് ജോലിയില്ലെങ്കിലും അവരുടെ കല്യാണം നടത്തിക്കൊടുത്ത് അവര്‍ക്കുള്ള ചെലവും പ്രിന്‍സ് തന്നെയാണ് നോക്കുന്നത്. ചുരുക്കിപ്പറയുകയാണെങ്കില്‍ ആധുനികകാലത്തെ മേലേടത്ത് രാഘവന്‍ നായര്‍ എന്ന് പ്രിന്‍സിനെ വിശേഷിപ്പിക്കാം.
സിനിമയോട് പ്രേക്ഷകര്‍ക്കുള്ള കാഴ്ചപ്പാടിന് കാര്യമായ മാറ്റം സംഭവിച്ച ഈ 2025ലും പ്രിന്‍സ് ആന്‍ഡ് ഫാമിലി പറയുന്നത് കഴിഞ്ഞ നൂറ്റാണ്ടിലെ ചിന്താഗതികളാണ്. ഇത്രയും പ്രായമായിട്ടും കല്യാണം കഴിക്കാത്തതെന്തേ എന്ന ചോദ്യത്തിന് നായകനായ പ്രിന്‍സ് പറയുന്ന മറുപടി ‘വ്യത്യസ്ത’മാണ്. ‘കല്യാണം എന്ന് പറയുന്നത് ഒരു മാര്‍ക്കറ്റാണ്. ആ മാര്‍ക്കറ്റില്‍ നിന്ന് നല്ല പ്രൊഡക്ട് നോക്കി വാങ്ങാന്‍ കുറച്ച് സമയം എടുക്കും’ എന്നാണ് പ്രിന്‍സിന്റെ മറുപടി.
സ്ത്രീകളെ വെറും പ്രൊഡക്ടുകളാണെന്നുള്ള ‘ജനപ്രിയനായകന്റെ’ ഉപമ പ്രേക്ഷകര്‍ക്ക് കോമഡിയായി തോന്നും എന്നാണ് ധരിച്ചിരിക്കുന്നത്. ഒടുവില്‍ പ്രിന്‍സിന് ഒരു കല്യാണം ഉറപ്പാകുന്നു. 24 വയസുള്ള ചിഞ്ചു എന്ന യുവതിയുമായാണ് കല്യാണം. സോഷ്യല്‍ മീഡിയ വ്‌ളോഗറായ ചിഞ്ചുവുമായുള്ള കല്യാണത്തിന് ശേഷം പ്രിന്‍സിന്റെ ജീവിതം മാറുന്നതാണ് സിനിമയുടെ കഥ.
പ്രിന്‍സിന്റെ വീട്ടിലെത്തിയതിന് ശേഷം ആ കുടുംബത്തിലുള്ളവരുമായി ഫാമിലി വ്‌ളോഗ് ചെയ്ത് ചിഞ്ചു തന്റെ ഫോളോവേഴ്‌സിനെ കൂട്ടുന്നുണ്ട്. ഒരു ഘട്ടത്തില്‍ വ്‌ളോഗിങ് അതിര് കടക്കുമ്പോള്‍ ആ കുടുംബത്തിലുള്ളവര്‍ പ്രതികരിക്കുന്നതൊക്കെയാണ് സിനിമയിലെ വൈകാരികരംഗം. ‘ഈ കുടുംബത്തിലുള്ളവരൊക്കെ ഫേമസായാത് ഞാന്‍ കാരണമാണ്’ എന്ന നായികയുടെ ഡയലോഗിന് പകരമായി ‘നിനക്ക് ഇത്രയും ഫോളോവഴ്‌സിനെ കിട്ടിയതില്‍ ഞങ്ങള്‍ക്കും പങ്കുണ്ട്’ എന്ന മാസ് ഡയലോഗ് നായകന്‍ പറയുന്നുണ്ട്.
ഏറ്റവുമൊടുവില്‍ താന്‍ ചെയ്തതും പറഞ്ഞതുമെല്ലാം തെറ്റാണെന്ന് മറ്റുള്ളവരിലൂടെ തിരിച്ചറിയുന്ന നായിക നായകന്റെയടുത്തേക്ക് തന്നെ തിരിച്ചുവരുന്നിടത്ത് സിനിമ അവസാനിക്കുന്നു. ഇപ്പോഴത്തെ കാലത്ത് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിന് ഇരയാകുന്ന ഞങ്ങള്‍ സന്തുഷ്ടരാണ്, കളിവീട് പോലുള്ള സിനിമകളില്‍ കണ്ടുമടുത്ത അതേ രംഗം ഇപ്പോഴും ഉപയോഗിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ കാണിച്ച ധൈര്യത്തെ എടുത്തുപറഞ്ഞേ മതിയാകൂ.
മലയാള സിനിമയും മലയാളി പ്രേക്ഷകരും മാറുമ്പോള്‍ മാറ്റമില്ലാതെ തുടരുന്ന ഇത്തരം സിനിമകള്‍ കൊണ്ട് അണിയറപ്രവര്‍ത്തകര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല.
Content Highlight: Outdated ideas shown in Prince and Family movie