കരിയറില്‍ മെസിയെക്കൊണ്ടായില്ല, 5ല്‍ നിന്ന് 15ലേക്ക് പോയിന്റ് ഉയര്‍ന്നിട്ട് ഡെംബലേക്കും; വീണ്ടും തിളങ്ങി CR7
Sports News
കരിയറില്‍ മെസിയെക്കൊണ്ടായില്ല, 5ല്‍ നിന്ന് 15ലേക്ക് പോയിന്റ് ഉയര്‍ന്നിട്ട് ഡെംബലേക്കും; വീണ്ടും തിളങ്ങി CR7
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th September 2025, 2:58 pm

പി.എസ്.ജിക്കായി സീസണില്‍ ഡൊമസ്റ്റിക് ട്രെബിള്‍ അടക്കം അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുത്തതിന് പിന്നാലെയാണ് ഒസ്മാനെ ഡെംബലെ 2025 ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്. ബാഴ്‌സലോണയുടെ സ്പാനിഷ് വണ്ടര്‍ കിഡ് ലാമിന്‍ യമാലിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടുകൊണ്ടായിരുന്നു ഡെംബലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫ്രാന്‍സ് ഫുട്‌ബോളിന്റെ പുരസ്‌കാരത്തില്‍ മുത്തമിട്ടത്. ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുന്ന ആറാമത് ഫ്രഞ്ച് താരം കൂടിയാണ് ഡെംബലെ.

1380 റേറ്റിങ് പോയിന്റുമായാണ് ഡെംബലെ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ലാമിന്‍ യമാലിനേക്കാള്‍ 341 പോയിന്റിന്റെ ലീഡുമായാണ് ഡെംബലെ ഒന്നാം സ്ഥാനത്തേക്ക് പറന്നിറങ്ങിയത്.

 

കരിയറിലെ ആദ്യ ബാലണ്‍ ഡി ഓറില്‍ മുത്തമിട്ടെങ്കിലും 2016ല്‍ റൊണാള്‍ഡോ സെറ്റ് ചെയ്ത റെക്കോഡ് തകര്‍ക്കാന്‍ ഡെംബലെക്ക് സാധിച്ചിരുന്നില്ല. പോയിന്റ് സിസ്റ്റം മാറിമറിഞ്ഞിട്ടും കാര്യങ്ങള്‍ അനുകൂലമായിട്ടും ഡെംബലെക്ക് ഇതിഹാസത്തെ മറികടക്കാന്‍ സാധിച്ചില്ല.

ബാലണ്‍ ഡി ഓറില്‍ ഒന്നാം സ്ഥാനക്കാരനും രണ്ടാം സ്ഥാനക്കാരനും തമ്മിലുള്ള പോയിന്റ് വ്യത്യാസത്തിലാണ് റൊണാള്‍ഡോ ഇപ്പോഴും കൊമ്പനായി തുടരുന്നത്. 2016ല്‍ തന്റെ നാലാം ബാലണ്‍ ഡി ഓറില്‍ മുത്തമിട്ടപ്പോഴാണ് റൊണാള്‍ഡോ അവിശ്വസനീയമെന്ന നേട്ടത്തിലെത്തിയത്.

173 ജേണലിസ്റ്റുകള്‍ ഭാഗമായ വോട്ടെടുപ്പില്‍ 745 പോയിന്റോടെയാണ് റൊണാള്‍ഡോ ഒന്നാമതെത്തിയത്. രണ്ടാമതുള്ള മെസിക്ക് നേടാന്‍ സാധിച്ചത് 316 പോയിന്റാണ്. ഇരുവരും തമ്മിലുള്ള പോയിന്റ് വ്യത്യാസം 429! മെസി നേടിയ പോയിന്റിനേക്കാള്‍ കൂടുതലായിരുന്നു ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും തമ്മിലുള്ള പോയിന്റ് വ്യത്യാസം.

കഴിഞ്ഞ വര്‍ഷം മുതല്‍ വോട്ടെടുപ്പിന്റെ പാറ്റേണ്‍ മാറിയെങ്കിലും പോര്‍ച്ചുഗല്‍ ഇതിഹാസത്തിന്റെ നേട്ടം ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുകയാണ്.

ഫിഫയുടെ ആദ്യ 100 റാങ്കിങ്ങിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള നൂറ് മാധ്യമപ്രവര്‍ത്തകരുടെ വോട്ടിങ്ങിലാണ് ഡെംബലെ ഒന്നാമതെത്തിയത്. ഓരോ ജേണലിസ്റ്റുകള്‍ക്കും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 30 പേരില്‍ പത്ത് താരങ്ങളെ തെരഞ്ഞെടുക്കാം. ഒന്നാമതായി ഇവര്‍ തെരഞ്ഞെടുക്കുന്ന താരത്തിന് 15 പോയിന്റ് ലഭിക്കും. രണ്ടാം ഫുട്‌ബോളര്‍ക്ക് 12 പോയിന്റും മൂന്നാം സ്ഥാനത്തിന് 10 പോയിന്റുമാണ് ലഭിക്കുക. തുടര്‍ന്ന് ഓരോ സ്ഥാനം താഴേക്കിറങ്ങുമ്പോള്‍ പോയിന്റും കുറയും.

വോട്ടെടുപ്പില്‍ പങ്കെടുത്ത 100 മാധ്യമപ്രവര്‍ത്തകരും ഡെംബലെയുടെ പേര് തെരഞ്ഞെടുത്തിരുന്നു. 73 പേരും ഒന്നാം സ്ഥാനത്ത് തന്നെയാണ് താരത്തിനായി വോട്ട് രേഖപ്പെടുത്തിയത്.

എന്നാല്‍ 2016ല്‍ കാര്യങ്ങള്‍ ഇങ്ങനെയായിരുന്നില്ല. ഒരു ജേണലിസ്റ്റിന് ആകെ മൂന്ന് താരങ്ങള്‍ക്ക് വോട്ട് ചെയ്യാം. ഒന്നാമന് അഞ്ച് പോയിന്റും രണ്ടാമന് മൂന്ന് പോയിന്റും മൂന്നാം സ്ഥാനത്തുള്ള താരത്തിന് ഒരു പോയിന്റുമാണ് ലഭിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷം മുതലാണ് 15 പോയിന്റ് മുതലുള്ള വോട്ടെടുപ്പ് രീതിയിലേക്ക് ഫ്രാന്‍സ് ഫുട്‌ബോള്‍ മാറിയത്. കഴിഞ്ഞ തവണ പുരസ്‌കാരത്തില്‍ മുത്തമിട്ട റോഡ്രിക്ക് 1170 പോയിന്റും രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത വിനീഷ്യസിന് 1129 പോയിന്റുമാണ് ലഭിച്ചിരുന്നത്.

 

Content Highlight: Ousmane Dembele failed to break Cristiano Ronaldo’s record in 2016