2025ലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയാണ് ഒസ്മാനെ ഡെംബലെ ഫുട്ബോൾ ലോകത്തിന്റെ കയ്യടികളേറ്റുവാങ്ങിയത്. ബാഴ്സയുടെ സ്പാനിഷ് വണ്ടർ കിഡ് ലാമിൻ യമാലിനെയും പി.എസ്.ജിയിലെ തന്റെ സഹതാരം വിറ്റിൻഹയെയുമടക്കം പിന്തള്ളിക്കൊണ്ടായിരുന്നു ഡെംബലെയുടെ ചരിത്ര നേട്ടം. ഇതാദ്യമായാണ് ഡെംബലെ ബാലൺ ഡി ഓറിന്റെ സുവർണ ഗോളത്തിൽ മുത്തമിടുന്നത്.
View this post on Instagram
ഈ നേട്ടത്തിന് പിന്നാലെ ഒരു ഐക്കോണിക് ലിസ്റ്റിലും താരം ഇടം പിടിച്ചിരിക്കുകയാണ്. ഫുട്ബോൾ ഇതിഹാസങ്ങളായ റൊണാൾഡോ നസാരിയോക്കോ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കോ ഇടം നേടാൻ സാധിക്കാത്ത അത്യപൂർവ നേട്ടത്തിലേക്കാണ് താരം നടന്നുകയറിയത്.
ഫിഫ ലോകകപ്പ്, യുവേഫ ചാമ്പ്യൻസ് ട്രോഫി, ബാലൺ ഡി ഓർ എന്നീ മൂന്ന് പുരസ്കാരങ്ങളും സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് ഡെംബലെ സ്വന്തമാക്കിയത്.
അഞ്ച് യു.സി.എൽ നേടിയിട്ടും ഒറ്റ തവണ പോലും ലോകകപ്പ് നേടാൻ സാധിക്കാതെ പോയതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ പട്ടികയിൽ നിന്നും പുറത്തായത്. മറുവശത്ത് ആർ-9 ആകട്ടെ രണ്ട് ലോകകപ്പുയർത്തിയിട്ടും യു.സി.എല്ലിൽ മുത്തമിടാൻ താരത്തിനായില്ല.
ലോകകപ്പും ചാമ്പ്യൻസ് ലീഗും ബാലൺ ഡി ഓറും സ്വന്തമാക്കുന്ന പത്താമത് മാത്രം താരമാണ് ഡെംബലെ എന്നതാണ് താരത്തിന്റെ നേട്ടത്തെ സ്പെഷ്യലാക്കുന്നത്.
ഈ മൂന്ന് നേട്ടങ്ങളും സ്വന്തമാക്കിയ താരങ്ങളെ പരിചയപ്പെടാം,
ഫ്രാൻസ് ബെക്കൻബോവർ – ജർമനി
ഗെർഡ് മുള്ളർ – ജർമനി
പൗളോ റോസി – ഇറ്റലി
ബോബി ചാൾടൺ – ഇംഗ്ലണ്ട്
സിനദിൻ സിദാൻ – ഫ്രാൻസ്
റിവാൾഡോ – ബ്രസീൽ
കക്ക – ബ്രസീൽ
റൊണാൾഡീന്യോ – ബ്രസീൽ
ലയണൽ മെസി – അർജന്റീന
ഒസ്മനെ ഡെംബലെ – ഫ്രാൻസ്*
2018ൽ ഫ്രാൻസിനൊപ്പമാണ് ഡെംബലെ ലോകകപ്പുയർത്തുന്നത്. മോസ്കോയിൽ അരങ്ങേറിയ കലാശപ്പോരാട്ടത്തിൽ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തിയായിരുമന്നു ഫ്രാൻസിന്റെ കിരീടധാരണം.
ഈ സീസണിൽ ഇന്റർ മിലാനെ തകർത്തായിരുന്നു പി.എസ്.ജി യു.സി.എല്ലിൽ മുത്തമിട്ടത്. ചരിത്രത്തിലാദ്യമായാണ് പി.എസ്.ജിയുടെ യുവേഫ ചാമ്പ്യൻസ് ലീഗ് വിജയിക്കുന്നത്. മാഴ്സെക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാം ഫ്രഞ്ച് ടീമായും പി.എസ്.ജി ചരിത്രമെഴുതി.
കിരീടപ്പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ച് ഗോളിനാണ് പി.എസ്.ജി വിജയം സ്വന്തമാക്കിയത്. യു.സി.എൽ ചരിത്രത്തിലെ ഏറ്റവും വലിയ ഫെെനൽ വിജയം കൂടിയായിരുന്നു ഇത്.
Content Highlight: Ousmane Dembale joins the elite list of players to won FIFA World Cup, UEFA Champions League and Ballon d’Or