എംബാപ്പയെ പൊളിച്ചടുക്കി പി.എസ്.ജിയുടെ പടക്കുതിര; ഫൈനല്‍ കുതിപ്പില്‍ നേടിയത് ചരിത്ര നേട്ടം!
Sports News
എംബാപ്പയെ പൊളിച്ചടുക്കി പി.എസ്.ജിയുടെ പടക്കുതിര; ഫൈനല്‍ കുതിപ്പില്‍ നേടിയത് ചരിത്ര നേട്ടം!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th May 2025, 1:07 pm

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് പി.എസ്.ജി. ഇന്ന് നടന്ന (വ്യാഴം) മത്സരത്തില്‍ ആഴ്സണലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രഞ്ച് വമ്പന്മാര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്.

രണ്ട് പാദങ്ങളിലുമായി 3-1 എന്ന അഗ്രിഗേറ്റ് സ്‌കോറിന് ഗണ്ണേഴ്സിനെ പി.എസ്.ജി ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലിലേക്ക് മുന്നേറിയതിനൊപ്പം പാരീസിന്റെ ഫ്രഞ്ച് താരം ഉസ്മാന്‍ ഡെമ്പലെ ടീമിനൊപ്പം ഒരു പുതിയ നേട്ടമാണ് കൈവരിച്ചത്.

ചാമ്പ്യന്‍സ് ലീഗില്‍ ഒരു സീസണില്‍ പി.എസ്.ജിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ കോണ്‍ഡ്രിബ്യൂഷന്‍സ് നല്‍കുന്ന താരമായാണ് ഡെമ്പലെ മാറിയത്. ഈ സീസണില്‍ 12 ഗോള്‍ പങ്കാളിത്തമാണ് താരം ഡെമ്പലെ ഫ്രഞ്ച് ടീമിനൊപ്പം നടത്തിയത്.

എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമാണ് താരം നേടിയത്. കിലിയന്‍ എംബാപ്പെയെ മറികടന്നാണ് ഡെമ്പലെ ഈ റെക്കോഡ് കൈവരിച്ചത്. 2021-22 സീസണില്‍ 11 ഗോള്‍ കോണ്‍ഡ്രിബ്യൂഷന്‍സ് ആണ് താരം സ്വന്തമാക്കിയിരുന്നത്.

മത്സരത്തില്‍ 27ാം മിനിട്ടില്‍ പി.എസ്.ജിക്ക് വേണ്ടി ഫാബിയന്‍ റൂയിസാണ് ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതി എതിരില്ലാത്ത ഒരു ഗോളിന് ആധിപത്യം സൃഷ്ടിച്ചപ്പോള്‍ രണ്ടാം പകുതിയിലെ 72ാം മിനിട്ടില്‍ അഷ്‌റഫ് ഹക്കീമി പാരീസിനായി വീണ്ടും ലക്ഷ്യം കണ്ടു. 76ാം മിനിട്ടില്‍ ബുക്കയോ സാക്കയാണ് ആഴ്‌സലിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.

2025 ജൂണ്‍ ഒന്നിനാണ് ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ നടക്കുന്നത്. ആലിയന്‍സ് അറീനയില്‍ നടക്കുന്ന മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാനാണ് പി.എസ്.ജിയുടെ എതിരാളികള്‍. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയെ കീഴടക്കിയാണ് ഇന്റര്‍ മിലാന്‍ ഫൈനലിലേക്ക് മുന്നേറിയത്.

രണ്ടാം പാദ മത്സരത്തില്‍ ബാഴ്സയെ 4-3ന് മറികടന്നാണ് മിലാന്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. സെമിയില്‍ ഇരു പാദങ്ങളിലുമായി 7-6 എന്ന മാര്‍ജിനാണ് ഇന്ററിന്റെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പ്രവേശനം.

Content Highlight: Ousmane Dembélé Surpass Kylian Mbappe And Achieve Great Record In PSG