വെല്ലിംഗ്ടണ്‍: സമകാലിക ക്രിക്കറ്റില്‍ ഏറ്റവും മികച്ച കളിക്കാര്‍ എന്ന് അറിയപ്പെടുന്നവരാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ന്യൂസിലാന്റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും. മികച്ച ബാറ്റ്‌സ്മാന്‍മാര്‍ എന്നതിനൊപ്പം ഇരുവരും മികച്ച ക്യാപ്റ്റന്‍മാരുമാണ്.
അഗ്രസീവ് ക്യാപ്റ്റന്‍സിയാണ് കോഹ്‌ലിയുടെ കൈമുതലെങ്കില്‍ ശാന്തസ്വരൂപനാണ് വില്യംസണ്‍. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ന്യൂസിലാന്റ് കിരീടം നേടിയിരുന്നു.
മത്സരശേഷം ഇരുവരും കെട്ടിപ്പിടിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് തുറന്നുപറയുകയാണ് വില്യംസണ്‍.
‘അതൊരു മഹത്തരമായ നിമിഷമായിരുന്നു. ക്രിക്കറ്റിലുമുപരിയാണ് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം. വര്‍ഷങ്ങളായി തുടരുന്നതാണത്. അതിന്റെ ആഴം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അത് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമറിയാം,’ വില്യംസണ്‍ പറഞ്ഞു.
നിലവില്‍ ഐ.സി.സി. ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാമതാണ് വില്യംസണ്‍. കോഹ്‌ലി നാലാമതാണ്.