തോറ്റുമടങ്ങാൻ ഞങ്ങൾ ഇന്ത്യയല്ല, കിരീടം നേടുക തന്നെ ചെയ്യും: മുൻ പാക് ക്യാപ്റ്റൻ
Cricket
തോറ്റുമടങ്ങാൻ ഞങ്ങൾ ഇന്ത്യയല്ല, കിരീടം നേടുക തന്നെ ചെയ്യും: മുൻ പാക് ക്യാപ്റ്റൻ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th November 2022, 8:50 am

ടി-20 ലോകകപ്പ് ഫൈനലിൽ പാകിസ്ഥാനും ഇംഗ്ലണ്ടും നേർക്കുനേർ പോരാടാനൊരുങ്ങുകയാണ്. ഇന്ത്യയെ പത്ത് വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് സെമി കടന്നപ്പോൾ ന്യൂസിലാൻഡിനെ കീഴ്‌പ്പെടുത്തിയാണ് പാകിസ്ഥാൻ ഫൈനലിൽ എത്തിയത്.

സെമി ഫൈനലിൽ ഇന്ത്യൻ ബാറ്റർമാർ പതറിപ്പോയ ഓസ്‌ട്രേലിയൻ പിച്ചിൽ ഇംഗ്ലണ്ട് താരങ്ങൾ തങ്ങളുടെ കരുത്ത് തെളിയിച്ചതാണ്. അതേസമയം കരുത്തരായ ബൗളർമാരാൽ സമ്പന്നമായ പാക് പട കിരീടം നേടാൻ കൽപിച്ച് തന്നെയാണ് ഫൈനലിനിറങ്ങുക.

പാകിസ്ഥാന്റെ പേസ് നിരയും ഇംഗ്ലണ്ടിന്റെ ആഴമേറിയ ബാറ്റിങ് നിരയും തമ്മിൽ ശക്തമായ പോരാട്ടം തന്നെ മെൽബണിൽ അരങ്ങേറുമെന്നതിൽ സംശയമില്ല.

ലോകപ്രശസ്തമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആര് ചരിത്രം കുറിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. ഇഷ്ട ടീമുകളെ ചൊല്ലിയുള്ള ചർച്ചകളും പ്രവചനങ്ങളും ഒരു വശത്ത് നടക്കുമ്പോൾ കിരീടം തങ്ങൾ സ്വന്തമാക്കുമെന്നാണ് മുൻ ക്യാപ്റ്റൻ ഇൻസമാം ഉൽ ഹഖ് പറയുന്നത്. പാകിസ്ഥാൻ ഇന്ത്യയെ പോലെ തളരില്ലെന്നും കിരീടം നേടുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

”ഇംഗ്ലണ്ടിനെതിരെ നടന്ന സെമി ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചത് ബൗളർമാരാണ്. 169 റൺസ് വിജയലക്ഷ്യം മുന്നോട്ടുവച്ചിട്ടും ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റ് പോലും വീഴ്ത്താൻ ഇന്ത്യക്കായില്ല. ബൗളർമാർ തീർത്തും നിറംമങ്ങിയെന്ന് പറയാം.

പ്രധാന മത്സരങ്ങൾ നടക്കുമ്പോഴെല്ലാം ഇന്ത്യ സമ്മർദ്ദത്തിലാകാറുണ്ട്. ഏഷ്യാ കപ്പ് മുതൽ ഞാനത് നിരീക്ഷിക്കുന്നുണ്ടായിരുന്നു.

ഇംഗ്ലണ്ട് ഇന്ത്യയെ പ്രഹരമേൽപിച്ചത് പോലെ പാകിസ്ഥാനോട് നടക്കുമെന്ന് കരുതേണ്ട. പാകിസ്ഥാൻ ബൗളർമാർ വ്യത്യസ്തരാണ്. ഞങ്ങളുടെ ബൗളർമാർക്ക് വിക്കറ്റ് വീഴ്ത്താനുള്ള ശേഷിയുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഞാറാഴ്ച ഉച്ചക്ക് ഇന്ത്യൻ സമയം 1.30നാണ് പാകിസ്ഥാൻ-ഇംഗ്ലണ്ട് സെമി പോരാട്ടം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ മത്സരത്തിന് മഴയുടെ ഭീഷണിയുണ്ട്. 95 ശതമാനം മഴ പെയ്യാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഇതോടെ ഫൈനൽ നടക്കുമോ എന്ന കാര്യം സംശയത്തിലാണ്. ഞായറാഴ്ച മത്സരം നടന്നില്ലെങ്കിൽ റിസർവ് ദിനമായ തിങ്കളാഴ്ച നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

മഴമൂലം റിസർവ് ദിനത്തിലേക്ക് കളി മാറ്റിവെക്കുകയാണെങ്കിൽ മത്സരം പൂർത്തിയാക്കാൻ നിശ്ചിത സമയത്തിന് പുറമെ രണ്ട് മണിക്കൂർ അധികസമയം നേരത്തെ ഐ.സി.സി അനുവദിച്ചിരുന്നു. ഇത് നാലു മണിക്കൂറായാണ് ഐ.സി.സി ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്.

Content Highlights: Our bowling performances are way better than India, says former Pakistan Captain Inzamam-ul-Haq