വാഴ 2വിന് വിലങ്ങ് വെക്കാന്‍ ഒരു ദുരൂഹസാഹചര്യത്തില്‍; ക്ലാഷിന് വരുന്നവരുടെയും അഭിനന്ദനം പിടിച്ചു പറ്റി ഹാഷിറും ടീമും
Malayalam Cinema
വാഴ 2വിന് വിലങ്ങ് വെക്കാന്‍ ഒരു ദുരൂഹസാഹചര്യത്തില്‍; ക്ലാഷിന് വരുന്നവരുടെയും അഭിനന്ദനം പിടിച്ചു പറ്റി ഹാഷിറും ടീമും
അശ്വിന്‍ രാജേന്ദ്രന്‍
Monday, 13th April 2026, 7:59 am

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ത്രില്ലര്‍ ചിത്രങ്ങളിലൊന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനൊപ്പം ക്ലാഷ് വെക്കാനെത്തിയ ചിത്രമാണ് വാഴ 2. അവസാന നിമിഷം ദൃശ്യം 3 ക്ലാഷില്‍ നിന്നും പിന്‍വാങ്ങിയതോടെ ബോക്‌സ് ഓഫീസില്‍ സര്‍വ്വതാണ്ഡവമാടുകയാണ് ചിത്രം. റിലീസ് ദിവസം വരെ തിയേറ്ററുകളില്‍ നിറഞ്ഞോടിയിരുന്ന ആട് 3യെ സൈഡാക്കി ഒറ്റക്ക് ആധിപത്യമേറ്റെടുത്ത വാഴ 2 വലിയ കളക്ഷനാണ് നേടുന്നത്.

ഹാഷിറും ടീമും. Photo: X.com

ഹാഷിര്‍, അലന്‍, അജിന്‍, വിനായക്, ദേവരാജ് തുടങ്ങി ഇന്‍സ്റ്റഗ്രാം, യൂട്യൂബ് റീല്‍സുകളിലൂടെ ശ്രദ്ധിക്കപ്പെട്ടവരാണ് വാഴയില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പുതുമുഖങ്ങളായിരുന്നിട്ട് കൂടി മികച്ച കളക്ഷനാണ് ചിത്രം തിയേറ്ററുകളില്‍ നിന്നും ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നൂറ്റമ്പത് കോടിയില്‍ പ്രവേശിച്ച ചിത്രം മലയാളത്തില്‍ അതിവേഗം ഈ നേട്ടം സ്വന്തമാക്കുന്ന സിനിമകളിലൊന്നായി മാറിയിരുന്നു. മലയാളത്തിലെ പല മുന്‍നിര താരങ്ങള്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടമാണ് പുതുമുഖങ്ങള്‍ തങ്ങളുടെ ആദ്യ ചിത്രത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.

തിയേറ്ററില്‍ നിറഞ്ഞോടുന്ന വാഴ 2വിന് ഭാഷണിയുമായി സൈജുകുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോര്‍ട്ട് തുടങ്ങിയ താരനിര അണിനിരക്കുന്ന മോഹനിയാട്ടം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയിരുന്നു. എങ്കിലും വാഴയുടെ ജനപ്രീതിക്ക് കാര്യമായ ഇടിവ് കൊണ്ടുവരാന്‍ മോഹിനിയാട്ടത്തിന് സാധിച്ചിരുന്നില്ല. ഈ വെല്ലുവിളി ഏറ്റെടുത്താണ് കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ഒരു ദുരൂഹ സാഹചര്യത്തില്‍ ഏപ്രില്‍ 14 ന് തിയേറ്ററുകളിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രവുമായി ബന്ധപ്പെട്ട് നടന്ന ഇവന്റില്‍ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ജാഫര്‍ ഇടുക്കി വാഴയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടി പറയവെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇപ്പോഴത്തെ പിള്ളേര് സെറ്റ് ഇറങ്ങിയത് കണ്ടോ എന്ന് ചോദിച്ച് കൊണ്ടായിരുന്നു ജാഫര്‍ ഇടുക്കി സംസാരം ആരംഭിച്ചത്. നടന്മാരാണോ അവരെന്നും മോഹന്‍ലാല്‍, മമ്മൂട്ടി, മറ്റ് ഇവിടെയുള്ള താരങ്ങളെ പോലെയുളള ആരെങ്കിലുമാണോ അവരെന്നും താരം ചോദിക്കുന്നുണ്ട്. ഇത്തരത്തില്‍ വലിയ അഭിനേതാക്കളൊന്നും വേണ്ടെന്നും ഇപ്പോള്‍ നാല് പിള്ളേര്‍ കൂടിയാല്‍ സിനിമയാണെന്നും ജാഫര്‍ പറഞ്ഞു.

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട അഭിനേതാവാണ് ജാഫര്‍ ഇടുക്കി. 2007ല്‍ പുറത്തിറങ്ങിയ കയ്യൊപ്പ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജാഫര്‍ ഇടുക്കി, സമീപകാലത്ത് പുറത്തിറങ്ങിയ അഭിനയപ്രാധാന്യമുള്ള ചിത്രങ്ങളിലൂടെയാണ് തന്റെ പൊട്ടന്‍ഷ്യല്‍ പ്രേക്ഷകര്‍ക്ക് തെളിയിച്ച് നല്‍കുന്നത്. താരം അഭിനയിച്ച ചുരുളി, ജെല്ലിക്കെട്ട്, കെട്ട്യോളാണ് എന്റെ മാലാഖ തുടുങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളെല്ലാം നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ജാഫര്‍ ഇടുക്കി. Photo: IMDB

തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന വാഴ 2വിന് ഭീഷണിയുമായാണ് ഒരു ദുരൂഹസാഹചര്യത്തില്‍ തിയേറ്ററുകളിലെത്തുന്നത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട്, തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Content Highlight:  Oru durooha sahacharyathil comes to theatres on April 14 to challenge Vaazha 2

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.