ക്രിസ്മസ് ദിനത്തില്‍ ജീവനക്കാര്‍ ഹാജരാകണമെന്ന ഉത്തരവ്; വിവാദം അനാവശ്യമെന്ന് ലോക്ഭവന്‍
Kerala
ക്രിസ്മസ് ദിനത്തില്‍ ജീവനക്കാര്‍ ഹാജരാകണമെന്ന ഉത്തരവ്; വിവാദം അനാവശ്യമെന്ന് ലോക്ഭവന്‍
രാഗേന്ദു. പി.ആര്‍
Thursday, 25th December 2025, 6:46 am

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ എല്ലാ ജീവനക്കാരും ഹാജരാകണമെന്ന ഉത്തരവില്‍ വിശദീകരണവുമായി ലോക്ഭവന്‍. വിവാദം അനാവശ്യമാണെന്നും സദ്ഭരണ ദിനാചരണത്തില്‍ താത്പര്യമുള്ളവര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് ലോക്ഭവന്‍ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ്‌യുടെ ജന്മദിനം സദ്ഭരണ ദിനമായി ആചരിക്കുന്നതിനാല്‍ എല്ലാ ജീവനക്കാരും ഹാജരാകണമെന്ന സര്‍ക്കുലര്‍ വിവാദമായതോടെയാണ് ലോക്ഭവന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

സദ്ഭരണ ദിനാചരണത്തില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്നും ലോക്ഭവന്‍ പറയുന്നു. എന്നാല്‍ ലോക്ഭവനില്‍ പത്ത് മണിക്ക് നടക്കുന്ന പുഷ്പാര്‍ച്ചനയില്‍ എല്ലാ ജില്ലയില്‍ നിന്നുള്ളവരും ഹാജരാകണമെന്നും വീഴ്ച ഉണ്ടാകരുതെന്നുമായിരുന്നു നിര്‍ദേശം.

ലോക്ഭവന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. നേരത്തെ ഉത്തര്‍പ്രദേശിലും ക്രിസ്മസ് അവധി റദ്ദാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിറക്കിയിരുന്നു. വാജ്പേയ്‌യുടെ ജന്മദിനാഘോഷത്തില്‍ എല്ലാവരും പങ്കെടുക്കണമെന്നായിരുന്നു നിര്‍ദേശം. സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അടക്കമുള്ള അവധിയാണ് യു.പി സര്‍ക്കാര്‍ റദ്ദാക്കിയത്.

അതേസമയം ബി.ജെ.പി ഭരണത്തിലുള്ള യു.പി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ സമൂഹത്തിനും ക്രിസ്മസ് ആഘോഷങ്ങള്‍ക്കുമെതിരെ സംഘപരിവാര്‍ അക്രമം അഴിച്ചുവിടുന്ന സാഹചര്യത്തിലാണ് ലോക്ഭവന്റെ നിര്‍ദേശം.

പാലക്കാട് ജില്ലയിലും ക്രിസ്മസ് കരോളിനെതിരെ അക്രമം നടന്നിരുന്നു. സംഭവത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അശ്വിന്‍രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികള്‍ ഉള്‍പ്പെടെ പങ്കെടുത്ത കരോള്‍ സംഘത്തിന് നേരെ ഇയാള്‍ ഭീഷണി ഉയര്‍ത്തുകയും ബാന്‍ഡ് സെറ്റുകള്‍ തകര്‍ക്കുകയുമായിരുന്നു.

അശ്വിന്‍രാജിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്.

Content Highlight: Order requiring employees to be present on Christmas Day; LokBhavan says controversy unnecessary

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.