പ്രതിപക്ഷ പ്രതിഷേധത്തിനിടെ വിബി. ജി റാംജി ബിൽ ലോക്സഭയിൽ പാസാക്കി
India
പ്രതിപക്ഷ പ്രതിഷേധത്തിനിടെ വിബി. ജി റാംജി ബിൽ ലോക്സഭയിൽ പാസാക്കി
ശ്രീലക്ഷ്മി എ.വി.
Thursday, 18th December 2025, 1:33 pm

ന്യൂദൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ വിബി. ജി റാംജി ബിൽ ലോക്സഭയിൽ പാസാക്കി. ബിൽ അവതരിപ്പിക്കുന്നതിനിടെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം നടത്തിയത്. സ്പീക്കറുടെ മുഖം മറച്ച് ഗാന്ധിചിത്രം ഉയർത്തിപിടിച്ചും പ്രതിപക്ഷ നേതാക്കൾ മേശയ്ക്കുമുകളിൽ കയറിയും പ്രതിഷേധിച്ചു.

എട്ട് മണിക്കൂർ നീണ്ട വിശദമായ ചർച്ചയ്ക്കൊടുവിൽ സഭയിൽ ബിൽ അവതരിപ്പിക്കുന്നതിടെ നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

ബില്ലിൽ മറുപടി പറയുന്നതിനിടെ ശിവരാജ്സിങ് ചൗഹാൻ നടത്തിയ പ്രസ്താവന പ്രതിപക്ഷത്തെ കൂടുതൽ ചൊടിപ്പിച്ചു.

നിലവിലെ തൊഴിലുറപ്പ് ബിൽ തുടങ്ങുമ്പോൾ ഗാന്ധിയുടെ പേര് ഇല്ലായിരുന്നെന്നും തുടർന്ന് 2009 ലാണ് ഗാന്ധിജിയുടെ പേര് ചേർക്കുന്നതെന്നും അപ്പോഴാണ് കോൺഗ്രസ് ഗാന്ധിയെ കുറിച്ച് ചിന്തിക്കുന്നതെന്നും ശിവരാജ്സിങ് ചൗഹാൻ ആരോപിച്ചു.

എട്ട് മണിക്കൂർ നീണ്ട വിശദമായ ചർച്ചയ്ക്കൊടുവിലാണ് കേന്ദ്രം ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്

വിബി. ജി റാംജി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിന് പുറത്തും പ്രതിപക്ഷം പ്രതിഷേധം നടത്തി.

മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എ എന്നെഴുതിയ ബാനറുമായും ഗാന്ധിയുടെ ഫോട്ടോകളുമായാണ് പ്രതിപക്ഷം പ്രതിഷേധം നടത്തിയത്.

പ്രേരണ സ്ഥലിലെ ഗാന്ധി പ്രതിമയിൽ നിന്നും മകര ദ്വാറിലേക്ക് സർക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധം നടന്നത്.

ഇന്ന് പാർലമെന്റ് ജനാധിപത്യത്തിന്റെ കൊലപാതകത്തിന് സാക്ഷ്യം വഹിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.

എൻ.ആർ.ഇ.ജി.എയിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്തുകൊണ്ട് അവർ ജനാധിപത്യ മൂല്യങ്ങളെയും രാഷ്ട്രപിതാവിന്റെ പ്രത്യയശാസ്ത്രത്തെയും കൊല്ലാൻ ശ്രമിക്കുകയാണെന്നും കെ.സി വേണുഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബിൽ സ്റ്റാന്റിങ് കമ്മറ്റിക്ക് വിടണമെന്ന് കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.

യു.പി.എ കാലത്ത് നിലവിൽ വന്ന എൻ.ആർ.ഇ.ജി.എയ്ക്ക് പകരമായി കൊണ്ടുവന്ന വിബി. ജി റാംജി ബില്ലിലാണ് പാർലമെന്റിൽ ഇന്ന് ചർച്ച നടന്നത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ഡി.എം.കെയുടെ കനിമൊഴി, ടി.ആർ ബല്ലു, എ. രാജ, ഐ.യു.എം.എല്ലിന്റെ ഇ.ടി മുഹമ്മദ് ബഷീർ, ശിവസേനയുടെ അരവിന്ദ് സാവന്ത്, ആർ.എസ്.പിയുടെ എൻ.കെ പ്രേം ചന്ദ്രൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

Content Highlight: Opposition protests in Lok Sabha over VB. G Ramji Bill

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.