ന്യൂദല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലക്കെതിരെ അവിശ്വാസ നോട്ടീസ് നല്‍കുന്നത് നീട്ടിവെച്ച് പ്രതിപക്ഷം. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിച്ചാല്‍ നോട്ടീസ് നല്‍കുന്നത് നീട്ടിവെക്കുമെന്നാണ് വിവരം.
നിലവില്‍ സ്പീക്കര്‍ ഓം ബിര്‍ലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടി പ്രതിപക്ഷ നേതാക്കള്‍ കാത്തിരിക്കുകയാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, രാഹുല്‍ ഗാന്ധി, സഞ്ജയ് റാവത്ത്, ജോൺ ബ്രിട്ടാസ്, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരുടെ സംഘമാണ് സ്പീക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്.
രാഹുല്‍ ഗാന്ധിയെ ആദ്യം സംസാരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നാണ് വിവരം. മറ്റു എം.പിമാര്‍ സംസാരിച്ചതിന് ശേഷം രാഹുല്‍ ഗാന്ധി സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്പീക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇരുപക്ഷവും സമവായത്തിന് ശ്രമിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഇന്ന് (ബുധന്‍) രാവിലെ സഭ ആരംഭിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണി വരെ സഭാനടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.
ചോദ്യാത്തരവേള ആരംഭിച്ചപ്പോഴാണ് ചെയറിലുണ്ടായിരുന്ന പി.സി. മോഹന്‍ സഭ പിരിച്ചുവിട്ടത്. നിലവില്‍ രണ്ട് മണി വരെ സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസിന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കോണ്‍ഗ്രസ് എം.പിമാരായ കൊടിക്കുന്നില്‍ സുരേഷും മുഹമ്മദ് ജാവേദും ലോക്സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിങ്ങിന് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കുമെന്നായിരുന്നു വിവരം. ഈ വിഷയത്തില്‍ സ്പീക്കറുമായുള്ള കൂടിക്കാഴ്ച നിര്‍ണായകമാകും.
കേന്ദ്ര ബജറ്റിന്മേലുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തില്‍ രാഹുല്‍ ഗാന്ധിയെയും മറ്റ് നേതാക്കളെയും സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ നോട്ടീസ്. കോണ്‍ഗ്രസിന്റെ വനിതാ എം.പിമാര്‍ക്കെതിരായ സ്പീക്കറുടെ പ്രസ്താവനയും നോട്ടീസില്‍ പരാമര്‍ശിക്കുന്നുണ്ട്.
കോണ്‍ഗ്രസിലെ വനിതാ എം.പിമാര്‍ കാരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് എത്താതിരുന്നതെന്ന് സ്പീക്കര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് എം.പിമാര്‍ സ്പീക്കര്‍ക്ക് കത്തയച്ചിരുന്നു.
പ്രിയങ്ക ഗാന്ധി, ജ്യോത്സ്ന ചരണ്‍ദാസ് മഹന്ത്, ആര്‍. സുധ, വര്‍ഷ ഏക്നാഥ് ഗെയ്ക്വാദ്, ജെനിബെന്‍ താക്കൂര്‍, ജോതിമണി എന്നീ ആറ് എം.പിമാര്‍ ഒപ്പിട്ട കത്താണ് സ്പീക്കര്‍ക്ക് അയച്ചത്.
Content Highlight: Opposition postpones no-confidence motion against Om Birla, Report