| Monday, 1st June 2026, 4:55 pm

ഇന്ത്യ സഖ്യത്തിന്റെ ഭാവി, കോക്ക്റോച്ച് ജനത, തൊഴിലാളി സമരം: പ്രതിപക്ഷത്തെക്കുറിച്ച് ചില ചിതറിയ ചിന്തകൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്നത്തെ ഇന്ത്യയിൽ ഫലവത്തായ ഒരു പ്രതിപക്ഷം എങ്ങനെയായിരിക്കണം എന്നത് എളുപ്പത്തിൽ ഉത്തരം ലഭിക്കാൻ സാധ്യതയില്ലാത്ത ഒരു ചോദ്യമാണ്. ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിക്കാറില്ലെങ്കിലും പ്രതിപക്ഷം എന്ന സങ്കൽപ്പവുമായി ബന്ധപ്പെട്ട് ചില വ്യക്തതകൾ പലപ്പോഴും ലഭിക്കും. കഴിഞ്ഞ ഒന്ന് രണ്ട് മാസത്തിനിടെ നടന്ന ചില സംഭവങ്ങൾ പ്രതിപക്ഷവുമായി ബന്ധപ്പെട്ട മൂന്ന് തരത്തിലുള്ള ആലോചനകളിലേക്ക് നയിക്കുന്നു. ഇന്ത്യ സഖ്യത്തിന്റെ ഭാവി, ഓൺലൈൻ മൂവ് മെന്റുകളും ബി.ജെ.പി വിരുദ്ധ ബദലിനോടുള്ള ജനത്തിന്റെ സമീപനവും, സർക്കാർ നയങ്ങൾ ബാധിക്കപ്പെട്ടവുടെ പ്രതിഷേധം എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് ആലോചനകളിലേക്ക്.

1- പ്രതിപക്ഷ മുന്നണിയുടെ ഭാവി

തമിഴ്നാട്ടിൽ വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ സർക്കാരിൽ കോൺഗ്രസ് ഭാഗമായത്, കേരളത്തിൽ സി.പി.ഐ.എം നേതാവ് പിണറായി വിജയൻറെ വീടുകളിലടക്കം നടന്ന ഇഡി റെഡ്ഡ് എന്നിവ പരസ്പരം ബന്ധമില്ലാത്ത രണ്ട് കാര്യങ്ങളാണ്. പക്ഷേ ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷ മുന്നണിയായ ഇന്ത്യ മുന്നണിയുടെ ഭാവിയെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്ന സാഹചര്യങ്ങൾ ഈ രണ്ട് സംഭവവുമായി ഉയർന്നു വന്നു.

ഡി.എം.കെ – കോൺഗ്രസ് സഖ്യത്തിന്റെ അന്ത്യം

തമീഴ്നാട്ടിൽ വിജയ് സർക്കാരിൽ കോൺഗ്രസ് ഭാഗമായ നൽകിയ നടപടി ഇന്ത്യ മുന്നണിയെ നേരിട്ട് ബാധിച്ച കാര്യമാണ്. തമിഴ്നാട്ടിൽ ഡി.എം.കെയ്ക്ക് ഒപ്പം മത്സരിച്ച് ജയിച്ച കോൺഗ്രസ് പിന്നീട് വിജയ് മന്ത്രിസഭയിൽ ഭാഗമാവുകയായിരുന്നു. ഇതിനെ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ വിമർശിച്ചിരുന്നു. ഇന്ത്യ സഖ്യമെല്ലാം പോയി എന്ന തരത്തിലും അദ്ദേഹത്തിന്റെ പ്രസ്താവന പുറത്ത് വന്നിരുന്നു. ഒപ്പം ഇന്ത്യ സഖ്യത്തിൽ നിന്ന് പുറത്തുപോകുന്നതായും പാർലമെന്റിൽ ഡി.എം.കെ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിൽ വർഷങ്ങളായുള്ള ഡി.എം.കെ – കോൺഗ്രസ് സഖ്യവും അതോടെ അവസാനിച്ചു.

കേരളത്തിലെ ഇ.ഡി റെയ്ഡ്

കേരളത്തിൽ പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇ.ഡി റെയ്ഡ് നേരിട്ട് കോൺഗ്രസുമായോ ഇന്ത്യ സഖ്യവുമായോ ബന്ധപ്പെടുന്നില്ല. പക്ഷേ നിലവിൽ കേരളത്തിലുള്ള യു.ഡി.എഫ്- എൽ.ഡി.എഫ് വൈരം ഇന്ത്യ മുന്നണി എന്ന ഘടനയിലേക്ക് കൂടി ബാധിക്കാൻ ഈ സംഭവങ്ങൾ ഇടയാക്കിയേക്കാം. ഒപ്പം തന്നെ കോൺഗ്രസ് ഇതര പാർട്ടികൾക്കെതിരായ ഇ.ഡി നടപടികളോട് ആ പാർട്ടി സ്വീകരിച്ച നടപടിയും ചർച്ചയായി.

എന്തുകൊണ്ട് പിണറായി വിജയനെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നില്ല എന്ന ഈ തിരഞ്ഞെടുപ്പ് കാലത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യവും റെയ്ഡുമായി ബന്ധപ്പെട്ട്ചർച്ചയായി. കോൺഗ്രസും ബി.ജെ.പിയും പ്ലാൻ ചെയ്താണ് ഇഡി റെയ്ഡ് നടത്തിയതെന്ന ആരോപണം സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായി. മുഖ്യമന്ത്രി വിഡി സതീശൻ ആദ്യ ഘട്ടത്തിൽ ഈ റെയ്ഡിൽ പ്രതികരിക്കാതിരുന്നതും പിന്നീട് പരിഹാസ രൂപേണ പ്രതികരിച്ചതും മറ്റൊരു വിഷയമായി. ഇതിന് പുറമെ ഇന്ത്യ മുന്നണിയെ നശിപ്പിക്കുന്നത് കോൺഗ്രസ് ആണെന്ന തരത്തിൽ കേരളത്തിലെ പല സി.പി.എം നേതാക്കളും പ്രതികരിച്ചിരുന്നു.

കോൺഗ്രസിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രിമാർ

ഇ.ഡി റെയ്ഡിന് പിന്നാലെ കേന്ദ്രസർക്കാരിനെ വിമർശിച്ചും പിണറായി വിജയനെ പിന്തുണച്ചും ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ, ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയിത്ര ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവർ പ്രതികരണമറിയിച്ചിരുന്നു. ഇതിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോൺഗ്രസിനെയും വിമർശിച്ചിരുന്നു.

പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ച കോൺഗ്രസ് നേതാക്കൾ ഇപ്പോൾ എന്തു പറയുന്നു എന്ന് ചോദിച്ചുകൊണ്ടായിരുന്നു സ്റ്റാലിന്റെ വിമർശനം. അന്വേഷണത്തില്‍ ഇ.ഡി ‘നിഷ്‌ക്രിയത്വം’ പാലിക്കുന്നു എന്ന കോണ്‍ഗ്രസിന്റെ പരാതികള്‍ക്ക് തൊട്ടുപിന്നാലെ റെയ്ഡ് നടന്നത് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു എന്നായിരുന്നു കെജ്രിവാളിന്റെ വിമർശനം.

ഇ.ഡി റെയ്ഡിന് ശേഷം മെയ് 29ന് കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിലും കോൺഗ്രസിനെ വിമർശിച്ചിരുന്നു. ഇ.ഡി എന്നത് കേന്ദ്രസർക്കാർ ബി.ജെ.പി ഇതര പാർട്ടികൾക്കെതിര ഉപയോഗിക്കുന്ന ഏറ്റവും വൃത്തികെട്ട ഉപകരണമാണെന്ന് പറഞ്ഞ പിണറായി വിജയൻ ഈ വിഷയത്തിലെ കോൺഗ്രസ് നിലപാടിനെ ചോദ്യം ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതൃത്വം ഇതില്‍ സ്വീകരിക്കുന്ന നിലപാട് അവര്‍ക്കെതിരെയാവുമ്പോള്‍ മാത്രം പ്രതികരിക്കുക എന്നതാണെന്നും മറ്റുള്ളവരുടെ കാര്യത്തില്‍ അവര്‍ ആ എതിര്‍പ്പുന്നയിക്കുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

അരവിന്ദ് കെജ്രിവാളിനെതിരായ ഇ.ഡി റെയ്ഡിനെക്കുറിച്ചും പിണറായി പരാമർശം നടത്തിയിരുന്നു. കോണ്‍ഗ്രസിന്റെ സമീപനത്തിന് ഏറ്റവും വലിയ ഉദാഹരണം ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ഇ.ഡി നടപടികളിലെ നിലപാടാണെന്നാണ് പിണറായി അഭിപ്രായപ്പെട്ടത്. എന്താണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാത്തതെന്ന് ചോദിച്ചതാണ് കോണ്‍ഗ്രസ്. അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പടക്കം പോട്ടിച്ച് ആഘോഷിച്ചവരാണ് അവര്‍. അതുകൊണ്ടാണ് ഇപ്പോഴത്തെ ഇ.ഡി നടപടി വന്നപ്പോള്‍ അരവിന്ദ് കെജ്രിവാളും എം.കെ. സ്റ്റാലിനും കോണ്‍ഗ്രസ് സ്വീകരിക്കുന്ന സമീപനത്തെ വിമര്‍ശിച്ചതെന്നും പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.

ദേശീയവും പ്രാദേശികവും

ഇന്ത്യ സഖ്യം ദേശീയ തലത്തിൽ പ്രതിപക്ഷ കക്ഷി ആവുമ്പോഴും പ്രാദേശിക തലത്തിൽ സമവാക്യങ്ങൾ പലതാണ്. കേരളത്തിൽ രണ്ട് പക്ഷങ്ങളിലായിരുന്ന സിപിഐഎമ്മും കോൺഗ്രസും തമിഴ്നാടിൽ ഡി.എം.കെ മുന്നണിയുടെ ഭാഗമായിട്ടായിരുന്നു മത്സരിച്ചത്. പിന്നീട് വിജയ് സർക്കാരിന് കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നുള്ള സാഹചര്യത്തിൽ കോൺഗ്രസ് ടി.വി.കെ മന്ത്രിസഭയുടെ ഭാഗമായി, സി.പി.ഐ.എം പുറത്തു നിന്നും പിന്തുണച്ചു.

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയ നേതാവായ രാഹുൽ ഗാന്ധി പോലും കേരളത്തിലെത്തിയപ്പോൾ സി.പി.ഐ.എമ്മിനെ ടാർഗറ്റ് ചെയ്തുള്ള വിമർശനങ്ങൾ ഉന്നയിച്ചു. സി.പി.ഐ.എം – ബിജെപി ഡീലുണ്ടെന്ന തരത്തിലുള്ള വാദങ്ങൾ ആവർത്തിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും അന്ന് രാഹുൽ നടത്തിയിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു പിണറായിയെ കേന്ദ്രസർക്കാർ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യവും എന്ന് വിലയിരുത്തപ്പെടുന്നു. കേന്ദ്രവുമായി ഡീൽ ഉള്ളത് കൊണ്ട് പിണറായിയെ ഒന്നും ചെയ്യുന്നില്ല എന്ന തരത്തിലുള്ള പ്രതികരണം എന്ന തരത്തിൽ.

ഡീൽ ആരോപണങ്ങൾ

തിരഞ്ഞെടുപ്പ് കാലം വരെ സി.പി.എം-ബി.ജെ.പി ബാന്ധവം എന്ന ആരോപണമാണ് കേരളത്തിൽ കൂടുതൽ ഉയർന്ന് കേട്ടത്. പിന്നീട് കേരളത്തിൽ ഭരണം മാറി. ഡീൽ ആരോപണവും അകം പുറം മറിഞ്ഞു. നിലവിൽ കോൺഗ്രസ്- ബി.ജെ.പി ഡീൽ എന്ന ആരോപണം കൂടുതലായി കേൾക്കുന്നു.

കേരളത്തിൽ സി.പി.എമ്മിനോ കോൺഗ്രസിനോ ബി.ജെ.പിയുമായി ഡീൽ ഉണ്ടെന്നതിന് തെളിവുകളൊന്നുമില്ല. എന്നാൽ ഇത്തരം ആരോപണങ്ങൾ ഇരു പക്ഷവും പരസ്പരം ഉന്നയിക്കുന്നുണ്ട്. സംസ്ഥാനത്ത് ഭരണത്തിൽ വരുന്ന സർക്കാർ നിലപാടുകൾ പലപ്പോഴും കേന്ദ്ര സർക്കാരിന് അനുകൂലവും ബി.ജെ.പിയുടെ നിലപാടിന് അനുകൂലവും ആവാറുണ്ട്. ആ അനുകൂല സ്വഭാവത്തെ പക്ഷേ കേരളത്തിലെ ഭരണകക്ഷിയുടെ പ്രശ്നമെന്നതിലുപരി ഇവിടത്തെ ഭരണ സംവിധാനത്തിന്‍റെയും രാഷ്ട്രീയ സാഹചര്യങ്ങളുടെയും ഘടനാപരമായ പ്രശ്നമായി കാണാനും സാധിക്കും.

ദേശീയ തലത്തിലേക്ക് വരുമ്പോൾ

പ്രാദേശിക തലത്തിൽ പോരടിക്കുന്നവർ എന്നത് രാഷ്ട്രീയ പാർട്ടികൾക്ക് ദേശീയ തലത്തിൽ സഖ്യമുണ്ടാക്കുന്നതിനുള്ള ഒരു അയോഗ്യത അല്ല. എന്നാൽ പ്രാദേശിക തലത്തിൽ എതിർ പക്ഷത്താണെങ്കിലും ദേശീയ തലത്തിൽ യോജിച്ച് നിൽക്കാൻ പ്രതിപക്ഷ കക്ഷികൾക്ക് എത്രത്തോളം കഴിയും, അല്ലെങ്കിൽ എത്ര കാലം കഴിയും എന്ന പ്രായോഗിക ചോദ്യം ഉണ്ട്.

ഇക്കാര്യത്തിൽ പ്രധാനപ്പെട്ട ഒരു ഘടകം ഈ പാർട്ടികളുടെ രാഷ്ട്രീയ പക്വതയാണ്. മറ്റൊന്ന് പ്രാദേശിക തലത്തിലെ പ്രശ്നങ്ങളിൽ എത്രത്തോളം ഈ പാർട്ടികൾക്ക് സഹിക്കാൻ പറ്റും എന്നതാണ്. ഒരു ടോളറൻസ് ലെവലിന് അപ്പുറം ഭിന്നതകൾ പോയാൽ അത് ദേശീയ തലത്തിൽ മുന്നണിയെ ബാധിക്കും. അപ്പോഴും ദേശീയ തലത്തിൽ ആ പ്രശ്നങ്ങൾ പരിഹരിച്ച് പോകാനുള്ള സാധ്യതയും നിലനിൽക്കുന്നു.

മൂന്നാം മുന്നണി

ഇന്ത്യ സഖ്യം വരുന്നതിന് മുൻപ് ദേശീയ തലത്തിൽ എൻ.ഡി.എ, യു.പി.എ മുന്നണികൾക്ക് ബദലായി മൂന്നാം മുന്നണിക്കുള്ള ചർച്ചകൾ സജീവമായിരുന്നു. പിന്നീട് ബിജെപിക്കെതിരെ ഇന്ത്യ സഖ്യം നിലവിൽ വന്നു. കോൺഗ്രസുമായി സഖ്യത്തിലെ മറ്റ് ഘടകകക്ഷികൾക്ക് വിയോജിപ്പ് രൂക്ഷമാവുകയും അവർ മുന്നണി വിടുന്ന കാര്യം പരിഗണിക്കുകയും ചെയ്താൽ ഒരു മൂന്നാം മുന്നണിക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എ.എ.പി, ആർ.ജെ.ഡി പോലുള്ള കക്ഷികൾ കൂടി ഉൾപ്പെടുന്ന ഒരു മുന്നണി എന്ന തരത്തിൽ.

പ്രതിപക്ഷ മുന്നണിയുടെ നിലനില്പിന് അതിലെ പാർട്ടികൾ എത്രത്തോളും പരസ്പരം മാനിക്കുന്നു എന്നത് പ്രസക്തമണ്. എതിർപ്പും വിയോജിപ്പും പരസ്പരമുള്ളപ്പോളും പരസ്പരം മാനിക്കാനും വിശ്വസിക്കാനും സാധിക്കുന്ന സാഹചര്യമാണെങ്കിൽ അത് മുന്നണിയെ മുന്നോട്ട് പോകാൻ സഹായിക്കും.

പോസ്റ്റ് 2014

ഒരു പ്രതിപക്ഷ മുന്നണി എന്നത് അനിവാര്യതയാണെന്ന് ഈ പാർട്ടികൾക്ക് തോന്നുന്നുണ്ടോ എന്നത്, മുന്നണിയുടെ നിലനിൽപുമായി ബന്ധപ്പെട്ട് ഒരു പ്രസക്തമായ കാര്യമാണ്. പ്രതിപക്ഷ പാർട്ടികൾക്ക് കേന്ദ്രസർക്കാരിനെ എതിർക്കുകയും ആ ഭരണം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുക എന്നതിന് പ്രാധാന്യം നൽകുന്ന നിലപാടിൽ എത്രത്തോളം വിജയിക്കാൻ കഴിയുന്നു എന്നത് മറ്റൊരു പ്രസക്തമായ കാര്യം.

മറ്റൊരു കാര്യം ഇന്ത്യയിലെ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങൾക്ക് അപ്പുറം 2014 ലെ മോഡി സർക്കാർ നിലവിൽ വന്ന് 12 വർഷമായ ഈ കാലയളവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഈ പാർട്ടികൾക്ക് എത്രത്തോളം കൈകാര്യം ചെയ്യാൻ പറ്റുന്നു എന്നതാണ്. ഇന്നത്തെ പ്രതിപക്ഷ രാഷ്ട്രീയത്തിൽ ഏറെ നിർണായകമാണ് ഈ പോസ്റ്റ് 2014 കാലത്തിലെ ഒരു വ്യാഴവട്ടത്തിനിപ്പുറത്തെ സാഹചര്യങ്ങൾ തിരിച്ചറിയൽ

2 – ഓൺലൈൻ ഓഫ് ലൈൻ പ്രതികരണങ്ങൾ

തമിഴ്നാട്ടിൽ വിജയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ അധികാരമേറ്റത് കഴിഞ്ഞ മാസമാണ്. കോക്ക്റോച്ച് ജനതാ പാർട്ടി എന്ന ഓൺലൈൻ രാഷ്ട്രീയ കൂട്ടായ്മ ആരംഭിച്ചതും അവർക്ക് വലിയ രീതിയിൽ പിന്തുണ ലഭിച്ചതും അതേ മാസം തന്നെ.

ബി.ജെ.പി ഇതര ഓപ്ഷൻ

തമിഴ്നാട്ടിൽ വിജയ് യുടെ വിജയത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും കണ്ട ഒരു വിലയിരുത്തലുണ്ട്. ടിവികെയ്ക്ക് വോട്ട് ചെയ്തവർ പലർക്കും വേണ്ടിയിരുന്നത് ഡി.എം.കെയെ ഭരണത്തിൽ നിന്ന് ഇറക്കുകയും എന്നാൽ ബി.ജെ.പി അധികാരത്തിൽ വരാതിരിക്കുകയും ചെയ്യുന്ന സാഹചര്യമായിുന്നെന്ന വിലയിരുത്തൽ. ബി.ജെ.പിയെ ടി.വി.കെ പിന്തുണയ്ക്കുന്ന സാഹചര്യം വന്നാലോ എന്ന ചോദ്യത്തിന് അപ്പോൾ അവരെ താഴെയിറക്കുമെന്ന് ഇത്തരത്തിൽ വോട്ട് ചെയ്തവർ പ്രതികരിച്ചതായും സോഷ്യൽ മീഡിയ പോസ്റ്റുകളിലും മറ്റും കണ്ടിരുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണം ഒന്നുമില്ലെങ്കിലും കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കാൻ സാധ്യതയുണ്ട്.

ബി.ജെ.പി ഒരു തരത്തിലും അധികാരത്തിൽ വരരുതെന്ന് കരുതുകയും അതിനാൽ നിലവിലെ ഓപ്ഷനുകളിൽ ഭേദമായി തോന്നുന്നത് തിരഞ്ഞെടുക്കുകയും ചെയ്യുന്നവർ ഇവിടെയുണ്ട്. ഭേദപ്പെട്ട ബദലിനായി അവർ തേടുകയും ചെയ്യുന്നു. അവർ സംഘടിതരല്ലെങ്കിലും വോട്ട് ചെയ്യുമ്പോൾ അവരുടെ വോട്ടിങ് ശതമാനം പ്രധാനമാണ്.

കോക്ക്റോച്ച് ജനതാ പാർട്ടി

ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി)എന്ന എന്റിറ്റിയെ മാനസികമായോ അല്ലാതെയോ പിന്തുണച്ചവരിൽ ഇവിടത്തെ കേന്ദ്രസർക്കാർ കാരണം പ്രശ്നങ്ങളോ അസംതൃപ്തിയോ നേരിട്ടവരായിരിക്കും കൂടുതലുണ്ടാവുക. കേന്ദ്രത്തോടും കേന്ദ്രം ഭരിക്കുന്ന പാർട്ടിയോടും എതിർപ്പുണ്ടായിട്ടും ആ എതിർപ്പ് പ്രകടിപ്പിക്കാതിരുന്നവർ സി.ജെ.പിയെ പിന്തുണച്ച് ആ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടാവാം. തങ്ങൾക്ക് പറ്റിയ ഒരു പ്രതിപക്ഷ പൊളിറ്റിക്കൽ സ്പേസ് ഇല്ലാത്തതിനാൽ പുതുതായി പ്രത്യക്ഷപ്പെട്ട കോക്ക്റോച്ച് ജനതാ പാർട്ടി എന്ന ലഭിച്ച പൊളിറ്റിക്കൽ സ്പേസിന് പിന്തുണ അറിയിച്ചവരും അവരിൽ ധാരാളമുണ്ടാവാം.

കോക്ക്രോച്ച് ജനതാ പാർട്ടിക്ക് അത്യാവശ്യം വിസിബിളിറ്റി ലഭിച്ചിരുന്നു. കൂടുതൽ പേർക്ക് അതിനെ പിന്തുണയ്ക്കാനും അവർ പറയുന്ന കാര്യങ്ങളുമായി റിലേറ്റ് ചെയ്യാനും സാധിച്ചിരുന്നു. ഇവിടെ വലിയൊരു വിഭാഗം ജനം നിത്യ ജീവിതത്തിൽ കേന്ദ്രസർക്കാർ നയം കാരണം അനുഭവിക്കുന്ന പ്രശ്നങ്ങൾക്കുള്ള പെട്ടെന്നുള്ള പ്രതികരണമായി കോക്ക്റോച്ച് ജനതാ പാർട്ടിയോട് ഐക്യപ്പെടുകയും ചെയ്തു.

നിലവിലെ രാഷ്ട്രീയ കക്ഷികൾക്ക് അപ്പുറം ഒരു പ്രതിപക്ഷ സ്പേസോ ആ സ്പേസ് ഇല്ലാത്തതിന്റെ സൂചനയോ കോക്ക്റോച്ച് ജനതാ പാർട്ടി പോലുള്ള സംഭവങ്ങൾ മുന്നോട്ട് വയ്ക്കുന്നു. ആ വിടവ് നികത്താൻ നിലവിലത്തെ പ്രതിപക്ഷ കക്ഷികൾക്ക് കഴിയുമോ അല്ലെങ്കിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വരുമോ അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടികൾ അല്ലാത്ത തരത്തിലുള്ള വല്ല ജനകീയ ഇടപെടലാകുമോ വരിക എന്നത് പോലുള്ള ചോദ്യങ്ങളും സാധ്യതകളും അത് അവശേഷിപ്പിക്കുന്നു.

3- സമരവും ഭരണകൂടത്തിന്റെ സമീപനവും

നോയിഡയിലെ കരാർ തൊഴിലാളികളുടെ സമരത്തിനെതിരെ ദേശീയ സുരക്ഷാ നിയമം പ്രകാരമുള്ള നടപടികൾ പ്രഖ്യാപിച്ചത് കഴിഞ്ഞ മാസമായിരുന്നു. ഈ വർഷം ഏപ്രിലിലായിരുന്നു നോയിഡയിലെ സമരം ആരംഭിച്ചത്. അമിത ജോലി, കുറഞ്ഞ ശമ്പളം, വിശ്രമമില്ലായ്മ, അപകടകരമായ സാഹചര്യങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്ന സമരം.

ഈ സമരത്തെ പൊലീസ് സേനയെ ഉപയോഗിച്ച് നേരിടുന്ന നിലപാടായിരുന്നു യു.പി. സർക്കാർ സ്വീകരിച്ചത്. പിന്നീട് ഇവർക്കെതിരെ ദേശീയ സുക്ഷാ നിയമം പ്രയോഗിച്ചു. സമരക്കാർക്കെതിരെ വിദേശ ഫണ്ട് വാങ്ങുന്നു എന്നതടക്കമുള്ള ആരോപണങ്ങളും ഭരണകക്ഷി ബി.ജെ.പിയെ അനുകൂലിക്കുന്നവർ ഉയർത്തിയിരുന്നു.

സമരത്തിലേക്ക് നയിച്ച കാരണങ്ങൾ

ജീവിതച്ചെലവ് വളരെ കൂടുതലുള്ള, ദേശീയ തലസ്ഥാന പ്രദേശത്തിൻറെ ഭാഗമായ നോയിഡയിൽ സമരം ചെയ്യുന്ന കരാർ തൊഴിലാളികളുടെ മാസശമ്പളം 10,000 മുതല്‍ 14,000 രൂപ വരെ മാത്രമാണ്. അത് 18,000 മുതല്‍ 25,000 രൂപ വരെ ആക്കണമെന്നാണ് ശമ്പളത്തിന്റെ കാര്യത്തിൽ അവർ മുന്നോട്ട് വച്ച് ആവശ്യം. വാടകയും പാചക വാതകവും അടക്കമുള്ള ചിലവുകളും കടങ്ങളും വച്ച് നോക്കുമ്പോൾ തങ്ങൾക്ക് ഒരു മാസം നിലനിന്ന് പോകാൻ ഈ ശമ്പളം അപര്യാപ്തമാണെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടിയിരുന്നു.

2014ൽ നരേന്ദ്രമോദി സർക്കാർ നിലവിൽ വന്ന ശേഷമുള്ള സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ തൊഴിലാളികളുടെ അവസ്ഥയെ പ്രതികൂലമായി ബാധിച്ചതായും വിലയിരുത്തപ്പെടുന്നു. 2014-15 രാജ്യത്തെ വ്യവസായിക തൊഴിലാളികളില്‍ 35 ശതമാനമായിരുന്നു കരാര്‍ ജീവനക്കാര്‍ എങ്കില്‍, 2023-24 ആകുമ്പോഴേക്കും അത് 42 ശതമാനമായി ഉയര്‍ന്നു എന്നാണ് കണക്കുകൾ.

2014 -2024 കാലഘട്ടത്തില്‍ നഗരപ്രദേശങ്ങളില്‍ കൂലിയില്‍ 1.2 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത് എന്ന് പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ വിവരങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. 51.7 ശതമാനം തൊഴിലാളികള്‍ക്കു് സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യവും ലഭിക്കുന്നില്ല, 47 ശതമാനം തൊഴിലാളികള്‍ക്കും ശമ്പളത്തോട് കൂടെയുള്ള അവധിയില്ല തുടങ്ങിയ സാഹചര്യങ്ങളും നിലനിൽക്കുന്നു. ഇതിനൊപ്പം രാജ്യത്തെ വിലക്കയറ്റം അടക്കമുള്ള പൊതു പ്രശ്നങ്ങൾ കൂടി വന്നതോടെ തൊഴിലാളികൾക്ക് നിലനിൽപ് തന്നെ ബുദ്ധിമുട്ടായി അവർ സമരത്തിന് ഇറങ്ങുകയായിരുന്നു.

നിലനിൽപും സമരവും

സ്വന്തം നിലനിൽപ് തന്നെ ബുദ്ധിമുട്ടായ അവസ്ഥയിലാണ് തൊഴിലാളികൾ സമരത്തിലേക്കെത്തിയത്. അവരെ ശത്രുക്കളായി കണ്ട് അടിച്ചമർത്തുന്ന നിലപാട് സർക്കാർ സ്വീകരിച്ചു. ഒരു പ്രത്യേക സംഘം തന്നെ നോയിഡ പോലീസ് രൂപീകരിച്ചിരുന്നു. പ്രക്ഷോഭകാരികള്‍ പാകിസ്ഥാനി ഏജന്റുമാരാണെന്നും നക്‌സലുകള്‍ ആണെന്നും വരെ യു.പി മന്ത്രിമാർപറയുന്ന അവസ്ഥയുമുണ്ടായി. പിന്നീട് ഇവർക്കെതിരെ ദേശീയ സുരക്ഷാ നിയമവും പ്രഖ്യാപിച്ചു.

സർക്കാർ നയങ്ങളുടെ അനന്തര ഫലങ്ങൾ കാരണം പ്രതിസന്ധി നേരിടുുന്നവർ സമരത്തിനിറങ്ങിയ സാഹചര്യമാണ് നോയിഡയിലേത്. എന്നാൽ നിലനിൽപിനായുള്ള ആ സമരത്തോട് സർക്കാർ സ്വീകരിച്ചത് ശത്രുതാ പരമായ നിലപാടും.

ഇത്തരം സമരങ്ങൾ പ്രതിപക്ഷം ചെയ്യേണ്ടതായ ഒരു ദൗത്യം നിർവഹിക്കുന്നു. സർക്കാർ നടപടികളെയും നയങ്ങളെയും ചോദ്യം ചെയ്യുക എന്ന ദൗത്യം. പ്രശ്നങ്ങൾ ബാധിക്കുന്നവർ തന്നെ അതിനെതിരെ പ്രതികരിക്കുന്നു. സർക്കാർ അവരെ പ്രതിപക്ഷമെന്ന നിലയിൽ എന്നതിനും അപ്പുറം ശത്രുക്കളായി കാണുന്ന നിലപാടും സ്വീകരിക്കുന്നു.

4-പ്രതിപക്ഷ കക്ഷികൾ നിലവിലെ സാഹചര്യങ്ങളിൽ

സർക്കാരിന്റെ നടപടികളും നയങ്ങളും നിലപാടുകളും കാരണം പ്രതിസന്ധി നേരിടുന്നവരാണ് നോയിഡയിൽ സമരത്തിനിറങ്ങിയവർ. അവർ ഈ പ്രശ്നങ്ങൾ അതീവ ഗുരുതരമായ നിലയിലാണ് നേരിടുന്നത്. എന്നാൽ ഗുരുതരമായ തരത്തിൽ അല്ലെങ്കിലും സർക്കാരിന്റെ നയങ്ങളും നിലപാടും നടപടികളും കാരണം പ്രശ്നങ്ങൾ നേരിടുന്നവരാണ് രാജ്യത്തെ വലിയൊരു വിഭാഗം മനുഷ്യരും.

തങ്ങൾക്ക് പറ്റിയ ഒരു രാഷ്ട്രീയ പ്രസ്ഥാനമുണ്ടെങ്കിൽ വലിയൊരു വിഭാഗം ജനങ്ങളും അതിനെ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. എന്നാൽ താരതമ്യേനെ വലിയൊരു ശതമാനം മനുഷ്യർക്കും അത്തരത്തിൽ ഒരു രാഷ്ട്രീയ മുന്നേറ്റമായി നിലവിലെ രാഷ്ട്രീയ പാർട്ടികളെ കാണാൻ കഴിയാത്ത സാഹചര്യവുമുണ്ട്. ചിലർ പാതി മനസ്സോടെ നിലവിലെ രാഷ്ട്രീയ കക്ഷികളെ പിന്തുണയ്ക്കുന്നുമുണ്ട്.

ഇന്നത്തെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ പലപ്പോഴും പ്രതിപക്ഷത്തെ പാർട്ടികൾ പലതിനും കഴിയുന്നില്ല എന്ന പ്രശ്നവും പലപ്പോഴുമുണ്ട്. പല നേതാക്കൾക്കും ആ സാഹചര്യങ്ങൾ മനസ്സിലാക്കാൻ പറ്റാറുണ്ടെങ്കിലും പാർട്ടി എന്ന സിസ്റ്റങ്ങൾക്ക് അത് കഴിയാറില്ല.

എതിരാളികളാവുന്നതിന്റെ പരിമിതി

പലപ്പോഴും ഇവിടെ പ്രതിപക്ഷ പാർട്ടികൾ ശീലിച്ചത് ഭരണ കക്ഷിയെ എതിരാളികൾ അല്ലെങ്കിൽ തങ്ങൾക്ക് മത്സരം ഉയർത്തുന്ന ഒരു എതിരാളി എന്ന നിലക്ക് എതിർക്കാനാണ്. പതിറ്റാണ്ടുകളായി തുടരുന്ന രാഷ്ട്രീയ സമവാക്യങ്ങൾ അവർ പിന്തുടരുന്നു. ഒരു ഭരണകക്ഷിയുടെ പ്രശ്നങ്ങൾ എന്താണെന്നും അത് ഏതൊക്കെ വിഭാഗങ്ങളിൽ പെടുന്ന വ്യക്തികളെ എങ്ങനെ ഒക്കെ ബാധിക്കുന്ന എന്ന് മനസ്സിലാക്കുന്നതിൽ ഈ സമവാക്യങ്ങൾ പരാജയമാണെന്ന് പറയേണ്ടി വരും.

എതിരാളി എന്നത് പലപ്പോഴും ഒരേ പ്രോഡക്ട് വിൽക്കുന്ന രണ്ട് കമ്പനികളുടെ കിട മത്സരം പോലെയോ ഗാങ് വാർ പോലെയോ ഒക്കെ ഉള്ള ഒരു കൺസെപ്റ്റ് ആണ്. ഭരണകൂട നയങ്ങൾ എതിർക്കാനും റെസിസ്റ്റൻസിനും അത്തരം ഒരു കൺസെപ്റ്റിൽ പരിമിതിയുണ്ട്.

കൂട്ടങ്ങൾ മാത്രമാവുന്നതിന്റെ പരിമിതി

പല രാഷ്ട്രീയ പാർട്ടികളിലും അവരുടെ ഒപ്പമുള്ള കൂട്ടത്തെ നിലനിർത്തി അധികാരം നേടുന്നതിനായുള്ള വഴികൾ മാത്രമാണ് പല ഇടപെടലുകളും.

കേരളത്തിൽ അടക്കം നോക്കുകയാണെങ്കിൽ സംഘം ചേരുന്നതിനും എതിരാളികളെ നേരിടുന്നതിനും പ്രാധാന്യം നൽകുന്ന രീതി പാർട്ടികളിലുണ്ട്. സംഘടിക്കുകയും എതിരിടുകയും ചെയ്യൽ പ്രയോരിറ്റി ആവുന്നത് പലപ്പോഴും രാഷ്ട്രീയം എന്താവണം എന്ന കാര്യം മറന്നുകൊണ്ടാണ്. അത് പലപ്പോഴും രാഷ്ട്രീയം എന്നതിലപ്പുറം ഒരു തരം സംഘ ബോധത്തെ ആണ് ഉയർത്തുക.

രാഷ്ട്രീയം എന്നതിന്റെ ഭാഗമായ സംഘടിക്കൽ പ്രശ്നങ്ങൾക്ക് എതിരെ സംഘടിക്കുക എന്നതാവണം. അല്ലാതെ ഒരു ഗ്യാങ് പോലെയോ ഗുണ്ടാ സംഘം പോലെയോ ആവരുത്. അത്തരത്തിൽ സംഘടിക്കപ്പെടുന്നവർ കൂടുതൽ ശക്തിയുള്ള സംഘം വന്നാൽ അതിലേക്ക് പോയേക്കാം.

കൂട്ടം എന്നതിനപ്പുറം

തൊഴിലാളി സമരത്തിൽ തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് എതിരെയാണ് തൊഴിലാളികൾ സംഘടിച്ചത്. കോക്റോച്ച് ജനതാ പാർട്ടിയെ പിന്തുണച്ചവർ അവർ നേരിട്ട പ്രശ്നത്തിനെതിരെ ഒരു ഓൺലൈൻ മാസിന്റെ ഭാഗമായതാണ്. എപ്പോഴും ഒരു കൂട്ടത്തിന്റെ ഭാഗമായി നിന്നില്ലെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ ഒരുമിച്ച് നിൽക്കാനും സംഘടിക്കാനും പറ്റും എന്നതിന്റെ തെളിവാണ് അതെല്ലാം.

കൂട്ടത്തിന്റെ ഭാഗമായി നിൽക്കാതെ, എന്നാൽ പ്രശ്നം വരുമ്പോൾ സംഘടിക്കുന്ന തരത്തിലുള്ള ഒരു ഫ്ലെക്സിബിലിറ്റി രാഷ്ട്രീയ പാർട്ടികൾക്ക് പലതിനും ഇല്ല. അവയ്ക്ക് അവയുടെ ഘടനകളുണ്ട്. അത്തരം ഘടനകൾക്ക് അപ്പുറം ഉള്ള ഒരു പൊളിറ്റിക്കൽ മൂവ്മെന്‍റ് ചിലപ്പോൾ ഈ കാലത്തെ മനഷ്യർ താല്പര്യപ്പെട്ടേക്കാം.

സംഘടനകളുടെ ഭാഗമാവുന്നതിനും സംഘടനാ ചട്ടക്കൂടുകളോടും ഇവിടത്തെ മനുഷ്യരിൽ വിമുഖത കൂടിയ കാലം കൂടിയാണിത്. കൂട്ടങ്ങൾ എന്നത് പലപ്പോഴും പലരെയും പുറം തള്ളുന്ന കാര്യമാണ്. ഇതെല്ലാം കൂടുതൽ ഫ്ളെക്സിബിൾ ആയതും ഇൻക്ലൂസീവ് ആയതുമായ രാഷ്ട്രീയ ഇടങ്ങൾക്കുള്ള ആവശ്യം മുന്നോട്ട് വയ്ക്കുന്നുണ്ട്.

Content Highlight: Opposition Politics In India: Future of INDIA Alliance, Cockroach Janata Party and victory of Vijay, Worker Protest In India

We use cookies to give you the best possible experience. Learn more