| Friday, 19th December 2025, 10:12 am

'പോറ്റിയേ കേറ്റിയേ' അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിച്ചു; മൗലികാവകാശ ലംഘനമെന്ന് മെറ്റയ്ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിനെതിരെ മെറ്റ നടപടിയെടുത്തതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കത്തയച്ചു.

കോടതിയുടെ നിര്‍ദേശമില്ലാതിരുന്നിട്ടും പാട്ട് വിവിധ അക്കൗണ്ടുകളില്‍ നിന്നും നീക്കം ചെയ്തതിനെ സതീശന്‍ കത്തില്‍ ചോദ്യം ചെയ്തു. മൗലികാവകാശങ്ങളുടെ ലംഘനമാണിതെന്ന് കത്തില്‍ ചൂണ്ടിക്കാണിച്ചു.

സൈബര്‍ പൊലീസ് കഴിഞ്ഞദിവസം ഗാനത്തിനെതിരെ നടപടിയെടുത്തിരുന്നു. പിന്നാലെയാണ് മെറ്റ അക്കൗണ്ടുകളില്‍ നിന്നും ഗാനം പിന്‍വലിക്കാന്‍ ആരംഭിച്ചത്.

നിരവധി ഫേസ്ബുക്ക്, യൂട്യൂബ്, അക്കൗണ്ടുകളില്‍ നിന്നും ഈ പാരഡി ഗാനം പിന്‍വലിച്ചിരുന്നു. തുടര്‍ന്നാണ് പ്രതിപക്ഷനേതാവ് വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.

മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കുമെന്ന് കാണിച്ചാണ് തിരുവന്തപുരം സൈബര്‍ പൊലീസ് പാട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.
ജി.പി. കുഞ്ഞബ്ദുള്ള, ഡാനിഷ്, സി.എം.എസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

അയ്യപ്പ ഭക്തിഗാനത്തിന്റെ പാരഡി ഗാനമായ പോറ്റിയേ കേറ്റിയേ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹിറ്റായിരുന്നു. എന്നാല്‍ ഈ ഗാനം ഉപയോഗിച്ച് പ്രചാരണം നടത്തിയത് ചട്ടലംഘനമാണെന്ന് കാണിച്ച് സി.പി.ഐ.എം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ്.

Content Highlight: Opposition leader VD Satheesan’s letter to Meta

We use cookies to give you the best possible experience. Learn more