എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടാനുള്ള അധികാരമില്ല, അയോഗ്യനാക്കാന്‍ പ്രമേയം വന്നാല്‍ ആലോചിച്ച് തീരുമാനിക്കും: വി.ഡി. സതീശന്‍
Kerala
എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടാനുള്ള അധികാരമില്ല, അയോഗ്യനാക്കാന്‍ പ്രമേയം വന്നാല്‍ ആലോചിച്ച് തീരുമാനിക്കും: വി.ഡി. സതീശന്‍
ശ്രീലക്ഷ്മി എ.വി.
Sunday, 11th January 2026, 1:03 pm

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

രാഹുലിനെ കോണ്‍ഗ്രസ് സഹായിക്കുന്നുവെന്ന മന്ത്രി പി. രാജീവിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാഹുലിനെതിരെ പാര്‍ട്ടി സ്വീകരിച്ചത് സമാനതകളില്ലാത്ത നടപടിയാണെന്ന് സതീശന്‍ പറഞ്ഞു. ഒരു പരാതി പോലും ലഭിക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തുടർന്ന് കെ.പി.സി.സി പ്രസിഡന്റിന് ഔദ്യോഗികമായി പരാതി ലഭിച്ചതോടെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്‌തെന്നും മാധ്യമങ്ങളോട് പ്രതിപക്ഷ നേതാവ് പറഞ്ഞു.

തങ്ങള്‍ എടുത്തതുപോലെയുള്ള ഇത്രയും വേഗത്തിലുള്ള നടപടി വേറെ ആരെങ്കിലും എടുത്തിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം പാര്‍ട്ടിയില്‍ എത്ര പേരുണ്ടെന്ന് മന്ത്രി രാജീവ് അന്വേഷിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന്, അതിന് തങ്ങള്‍ക്ക് അധികാരമില്ലെന്ന് സതീശന്‍ വ്യക്തമാക്കി.

അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിക്കകത്തല്ല, പുറത്താണ് എന്നതിനാലാണ് കോണ്‍ഗ്രസിന് അത്തരമൊരു ആവശ്യം ഉന്നയിക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

അയോഗ്യനാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമപരമായ വഴിക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയോഗ്യനാക്കാന്‍ സഭയില്‍ പ്രമേയം വരികയാണെങ്കില്‍ അപ്പോള്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും, അത് പാര്‍ട്ടിയാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിലുള്ള തന്റെ നിലപാട് കേരളത്തിലെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്നതാണെന്ന് വി.ഡി സതീശന്‍ ആവര്‍ത്തിച്ചു.

ഇതിന്റെ പേരില്‍ താന്‍ വ്യക്തിപരമായി ഏറെ വേട്ടയാടപ്പെട്ടുവെങ്കിലും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

രാഹുലിനെതിരായ നടപടികള്‍ താന്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമല്ലെന്നും പാര്‍ട്ടി കൂട്ടായി ആലോചിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Content Highlight: Opposition leader VD Satheesan on the steps taken by the party against Rahul Mangkootathal

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.