ന്യൂദൽഹി: ഓപ്പറേഷൻ സിന്ദൂരിൽ മധ്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദത്തെ പിന്തുണച്ച് പാകിസ്ഥാൻ.
ചൈനീസ് നേതാക്കൾ പാകിസ്ഥാൻ നേതൃത്വവുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നെന്നും മെയ് ആറുമുതൽ പത്തു വരെയുള്ള ദിവസങ്ങളിൽ ഇന്ത്യൻ നേതൃത്വവുമായും ബന്ധം പുലർത്തിയിരുന്നെന്നും പാക് വിദേശകാര്യ വക്താവ് താഹിർ ആൻഡ്രാബി പറഞ്ഞു.
ഈ ബന്ധങ്ങൾ മേഖലയിലെ സ്ഥിതിഗതികൾ ശാന്തമാക്കാനും സംഘർഷങ്ങൾ കുറയ്ക്കാനും സഹായിച്ചിരുന്നുവെന്നും മധ്യസ്ഥതയെ കുറിച്ചുള്ള ചൈനീസ് അവകാശവാദം ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ചൈനയുടെ വാദത്തോട് പിന്തുണയ്ക്കുന്നു. സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കുമുള്ള നയതന്ത്രമാണിത്,’ആൻഡ്രാബി പറഞ്ഞു.
കഴിഞ്ഞ വർഷം ചൈന മധ്യസ്ഥത വഹിച്ച പ്രധാന സാഹചര്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അടുത്തിടെ പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ വന്ന ചൈനയുടെ അവകാശവാദമടക്കം ഓപ്പറേഷൻ സിന്ദൂരിൽ മൂന്നാം കക്ഷിയുടെ ഇടപെടലുണ്ടായെന്ന വാദങ്ങളെ ഇന്ത്യ നിരന്തരം നിരസിക്കുകയാണ്.