ഓപ്പറേഷൻ സിന്ദൂർ; മധ്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദത്തിൽ മോദി പ്രതികരിക്കണം; കോൺഗ്രസ്
India
ഓപ്പറേഷൻ സിന്ദൂർ; മധ്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദത്തിൽ മോദി പ്രതികരിക്കണം; കോൺഗ്രസ്
ശ്രീലക്ഷ്മി എ.വി.
Wednesday, 31st December 2025, 8:58 pm

ന്യൂദൽഹി: ഇന്ത്യയും പാകിസ്ഥാനുമായുള്ള യുദ്ധത്തിൽ മധ്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന് കോൺഗ്രസ്.

ഇന്ത്യയും പാകിസ്ഥാനും ഇടയിൽ മധ്യസ്ഥത വഹിക്കുമെന്ന ചൈനയുടെ അവകാശവാദങ്ങൾ ആശങ്കാജനകമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

ചൊവ്വാഴ്ചയായിരുന്നു  ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ ചൈന മധ്യസ്ഥത വഹിച്ചുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞത്.

ഇന്ത്യയിലെ ജനങ്ങൾക്ക് ഈ വിഷയത്തിൽ വ്യക്തത ആവശ്യമാണെന്നും
രാജ്യത്തിന്റെ ദേശീയ സുരക്ഷയെ പരിഹസിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണിതെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.

ഈ അവകാശവാദത്തിൽ നരേന്ദ്ര മോദിയോട് മൗനം വെടിയാനും അദ്ദേഹം എക്സിലൂടെ ആവശ്യപ്പെട്ടു.


ഓപ്പറേഷൻ സിന്ദൂർ നിർത്തിവെക്കാൻ വ്യക്തിപരമായി ഇടപെട്ടുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ അവകാശപ്പെടുന്നുണ്ടെന്ന് അദ്ദേഹം എക്സിൽ പറഞ്ഞു.

‘2025 മെയ് 10-ന് ‘ഓപ്പറേഷൻ സിന്ദൂർ’ നിർത്തിവെക്കാൻ വ്യക്തിപരമായി ഇടപെട്ടുവെന്ന് പ്രസിഡന്റ് ട്രംപ് നേരത്തെ അവകാശപ്പെടുന്നുണ്ട്. കുറഞ്ഞത് ഏഴ് രാജ്യങ്ങളിലായി വിവിധ വേദികളിൽ 65 തവണ അദ്ദേഹം ഇത് ആവർത്തിച്ചു. തന്റെ ഉറ്റസുഹൃത്തെന്ന് വിളിക്കപ്പെടുന്ന ട്രംപിന്റെ ഈ അവകാശവാദങ്ങളിൽ പ്രധാനമന്ത്രി ഇതുവരെ മൗനം വെടിഞ്ഞിട്ടില്ല,’ ജയറാം രമേശ് വ്യക്തമാക്കി.

ഇപ്പോൾ ചൈനീസ് വിദേശകാര്യമന്ത്രിയും സമാനമായ അവകാശവാദം ഉയർത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് ഇന്ത്യ യഥാർത്ഥത്തിൽ ചൈനയുമായും പോരാടുകയായിരുന്നെന്ന് 2025 ജൂലൈ നാലിന് ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ രാഹുൽ സിങ് പറഞ്ഞിരുന്നെന്ന് ജയറാം രമേശ് പറഞ്ഞു.

‘ചൈന പാക്കിസ്ഥാനുമായി ചേർന്ന് നിന്ന സാഹചര്യത്തിൽ, ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ മധ്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദം ആശങ്കാജനകമാണ്. ഇത് രാജ്യത്തെ ജനങ്ങൾ വിശ്വസിച്ചിരുന്ന കാര്യങ്ങൾക്ക് വിരുദ്ധമാണ്, നമ്മുടെ ദേശീയ സുരക്ഷയെ തന്നെ പരിഹസിക്കുന്നതുമാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനയുമായുള്ള നമ്മുടെ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ മാത്രമേ ഈ അവകാശവാദത്തെ മനസിലാക്കാൻ കഴിയുള്ളൂ. ഇന്ത്യ ചൈനയുമായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും അത് ചൈനീസ് നിബന്ധനകളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Operation Sindoor; Modi should respond to China’s claim of mediation: Congress

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.