ന്യൂദൽഹി: ഇന്ത്യയിലേക്കുള്ള പാചക വാതക കപ്പലിന് ഹോർമുസ് കടലിടുക്ക് തുറന്നു കൊടുത്തത് ഇന്ത്യൻ ജനതയെ ഓർത്താണെന്ന് ഇറാൻ പരമോന്നത നേതാവിന്റെ ഇന്ത്യൻ പ്രതിനിധി അബ്ദുൽ മജീദ് ഹകീം ഇലാഹി.
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഭൂരിഭാഗം ഇന്ത്യക്കാരും ഇറാനൊപ്പം നിന്നെന്നും അവർ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.എസും സഖ്യകക്ഷികളും നടത്തുന്ന അടിച്ചമർത്തലുകൾക്കെതിരെ ഇന്ത്യൻ ജനത ഇറാൻ ഭരണകൂടത്തോട് കാണിക്കുന്ന ഐക്യദാർഢ്യത്തിന്റെ പ്രതിഫലമായാണ് കപ്പൽ സഞ്ചാരത്തിനായി ഇന്ത്യയ്ക്ക് നൽകുന്ന പ്രത്യേക ഇളവുകളെന്ന് ഇലാഹി കൂട്ടിച്ചേർത്തു.
‘ഭൂരിഭാഗം ഇന്ത്യൻ ജനതയും ഇറാന്റെ കൂടെയാണെന്ന് എനിക്ക് പറയാൻ കഴിയും. അവർ അടിച്ചമർത്തലുകളെ അപലപിച്ചു. അവർ യുദ്ധം ആഗ്രഹിക്കുന്നില്ല, യുദ്ധത്തിന് എതിരാണെന്ന് പോലും എനിക്ക് പറയാൻ കഴിയും,’ അദ്ദേഹം പറഞ്ഞു.
ഇറാനൊപ്പം നിൽക്കുന്ന ഇന്ത്യക്കാരെ പിന്തുണക്കണമെന്നും സഹായിക്കണമെന്നും ഇറാൻ ഭരണകൂടതെ അറിയിച്ചിരുന്നുവെന്നും ഇതിനെ തുടർന്നാണ് കപ്പലുകൾക്ക് അനുമതി നൽകിയതെന്നും ഇറാന്റെ ഇന്ത്യൻ പ്രതിനിധി പറഞ്ഞു.
ഇന്ത്യൻ കപ്പലുകൾ ഇനിയും ഹോർമുസ് കടലിടുക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഇന്ത്യൻ ഭരണകൂടം ഇറാൻ അമേരിക്കൻ സംഘർഷത്തിൽ ഇടപ്പെട്ടതിനെ കുറിച്ച് അദ്ദേഹം ഒന്നും പ്രതികരിച്ചില്ല പറഞ്ഞില്ല.
അതേസമയം, മോദി സർക്കാർ ഇറാൻ – അമേരിക്ക സംഘർഷത്തിൽ മൗനം പാലിക്കുന്നതിനെതിരെ സി.പി.ഐ.എം, കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനമാണുയർത്തിയത്. മോദിയുടെ മൗനം നിഷ്പക്ഷതയല്ല, മറിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്നാണ് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പറഞ്ഞത്.
എൽ.പി.ജിയുമായുള്ള രണ്ട് ഇന്ത്യൻ കപ്പൽ ഗുജറാത്തിൽ നങ്കുരമിട്ടിട്ടുണ്ട് രണ്ട് കപ്പലിലും കൂടി 92712 ടൺ പാചക വാതകമാണുള്ളത് എന്നാലിത് രണ്ടുദിവസത്തെ ഉപഭോഗത്തിന് മാത്രമേ തികയൂ.
Content Highlight: Opening of Hormuz to ships was done out of respect for the Indian people: Iranian representative