പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന പ്രഖ്യാപനം സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കുമെന്ന് ഓള്‍ കേരളാ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍.
ഈ പ്രഖ്യാപനം യു.ഡി.എഫ് സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും സ്വകാര്യ ബസ്സ് ഉടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് വിജയത്തിനായി പല വാഗ്ദാനങ്ങളും നല്‍കുമെങ്കിലും ഇത് നടപ്പിലാക്കാനുള്ള തീരുമാനം തികച്ചും ഏകപക്ഷീയമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ബസ്സുകളുടെ യാത്രക്കാരില്‍ എഴുപത് ശതമാനവും സ്ത്രീകളാണെന്നും കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്ര അനുവദിച്ചാല്‍ സ്ത്രീകള്‍ കൂട്ടത്തോടെ കയറാതാവുമെന്നും ഗോപിനാഥ് പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്ര അനുവദിച്ചാല്‍ സ്വകാര്യ ബസ്സുകള്‍ വിദ്യാര്‍ത്ഥികളെ മാത്രം കയറ്റിക്കൊണ്ടുപോവേണ്ട സ്ഥിതി വരുമെന്നും ഗോപിനാഥ് പറഞ്ഞു.
തമിഴ്‌നാട്ടിലും കര്‍ണാടകയിലും സ്വകാര്യ ബസുകള്‍ കുറവാണ്. കേരളത്തിലെ സാഹചര്യം അങ്ങനെയല്ല. സ്വകാര്യ ബസ് ഉടമകളോട് ചര്‍ച്ച ചെയ്യാതെ തീരുമാനം എടുത്തത് ശരിയല്ല.
വി.ഡി സതീശന്റെ പുതുയുഗ യാത്രയില്‍ സ്വകാര്യ ബസ് മേഖലയിലെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അറിയിച്ചതാണെന്നും അന്ന് എല്ലാം പരിഹരിക്കുമെന്നാണ് സതീശന്‍ ഉറപ്പ് നല്‍കിയതെന്നും ടി ഗോപിനാഥന്‍ പറഞ്ഞു. സ്വകാര്യ ബസ് മേഖലയ്ക്ക് വേണ്ടി പുതിയ പാക്കേജ് പ്രഖ്യാപിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ദിരാ ഗ്യാരണ്ടി വഴി കെ.എസ്.ആര്‍.ടി.സിയില്‍ യു.ഡി.എഫ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പ്രാരംഭ ഘട്ടം എന്ന നിലയില്‍ സ്ത്രീ യാത്രക്കാരുടെ കണക്കെടുക്കുന്നതിനായുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ബസ്സുടമകളുടെ സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയത്.
Content Highlight: Only students will have to be transported; KSRTC’s decision to allow free travel is unilateral: Private bus owners