| Saturday, 28th March 2026, 10:31 am

2008ന് ശേഷം ഇതുവരെ സംഭവിക്കാത്തത്; ഇത്തവണ അതിന് മാറ്റമുണ്ടാകുമോ? എല്ലാ കണ്ണുകളും ചിന്നസ്വാമിയിലേക്ക്

ആദർശ് എം.കെ.

ഐ.പി.എല്ലിന്റെ 19ാം എഡിഷനുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി കേവലം മണിക്കൂറുകള്‍ മാത്രം. ഇന്ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വര്‍ണാഭമായ ആഘോഷങ്ങളില്ലാതെ, കൊട്ടും പാട്ടുമില്ലാതെ ഐ.പി.എല്‍ 2026ന് ആരംഭമാകും. ഹോം ടീമും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.

ഓപ്പണിങ് മാച്ചില്‍ സെഞ്ച്വറി പിറക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. 17 സീസണുകളായി അവര്‍ ഈ കാത്തിരിപ്പ് തുടരുകയുമാണ്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് ഓപ്പണിങ് മാച്ചില്‍ സെഞ്ച്വറി പിറന്നത്, അതും ഉദ്ഘാടന സീസണായ 2008ല്‍. ഇതേ വേദിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സിനെ നേരിട്ടപ്പോള്‍ കെ.കെ.ആറിന്റെ ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് ജേഴ്‌സിയില്‍ ബ്രെണ്ടന്‍ മക്കെല്ലമാണ് സെഞ്ച്വറി നേടിയത്.

73 പന്ത് നേരിട്ട താരം പുറത്താകാതെ അടിച്ചെടുത്തത് 158 റണ്‍സ്! 13 സിക്‌സറും പത്ത് ഫോറും അടക്കം 216.43 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

മക്കെല്ലത്തിന്റെ കരുത്തില്‍ കെ.കെ.ആര്‍ 222 റണ്‍സ് നേടുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിനെ 82 റണ്‍സ് പുറത്താക്കി 140 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.

ഇതിന് ശേഷം 17 സീസണുകള്‍ക്ക് ഇന്ത്യന്‍ പ്രീമിയല്‍ ലീഗ് സാക്ഷ്യം വഹിച്ചെങ്കിലും ഒറ്റ ഓപ്പണിങ് മാച്ചില്‍ പോലും സെഞ്ച്വറി പിറന്നില്ല.

2015ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രോഹിത് ശര്‍മ സെഞ്ച്വറിക്ക് തൊട്ടരികിലെത്തിയെങ്കിലും പുറത്താകാതെ 98 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

രോഹിത് ശര്‍മ

ഐ.പി.എല്‍ ഓപ്പണിങ് മാച്ചിലെ ഉയര്‍ന്ന സ്‌കോര്‍

(താരം – ടീം – എതിരാളികള്‍ – സ്‌കോര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ബ്രെണ്ടന്‍ മക്കെല്ലം – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് – 158* – 2008

രോഹിത് ശര്‍മ – മുംബൈ ഇന്ത്യന്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 98* – 2015

ഋതുരാജ് ഗെയ്ക്വാദ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – ഗുജറാത്ത് ടൈറ്റന്‍സ് – 92 – 2023

ജാക് കാല്ലിസ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – മുംബൈ ഇന്ത്യന്‍സ് – 72- 2014

അംബാട്ടി റായിഡു – ചെന്നൈ സൂപ്പര്‍ കിങ്‌സ് – മുംബൈ ഇന്ത്യന്‍സ് – 71 – 2020

2008ന് ശേഷം ഒരു ഓപ്പണിങ് മാച്ചില്‍ സെഞ്ച്വറി പിറവിയെടുക്കാനുള്ള സാധ്യത ഈ സീസണില്‍ ഏറെയാണ്. മികച്ച ഫോമിലുള്ള വെടിക്കെട്ട് വീരന്‍മാര്‍ അണി നിരക്കുന്ന സണ്‍റൈസേഴ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ടീമുകളെ സംബന്ധിച്ച് ഈ റെക്കോഡ് കിട്ടാക്കനിയുമല്ല.

ചിന്നസ്വാമിയാകട്ടെ ബാറ്റര്‍മാരെ തുണയ്ക്കുന്ന സ്റ്റേഡിയവുമാണ്. 2008ന് ശേഷം ഇതാദ്യമായി ഒരു ഓപ്പണിങ് മാച്ച് ബെംഗളൂരുവിന്റെ മണ്ണിലെത്തുമ്പോള്‍ ഇതേ റെക്കോഡ് പിറവിയെടുക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content highlight: Only once in the history of IPL has a century been scored in the opening match.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more