| Friday, 13th June 2025, 5:31 pm

സുകുവേട്ടൻ്റെ ആ പ്രശ്നം അറിയുന്നത് മമ്മൂട്ടിക്ക് മാത്രം; അദ്ദേഹം മാത്രമാണ് കൂടെ നിന്നത്: മല്ലിക സുകുമാരൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1974ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടിയാണ് മല്ലിക സുകുമാരൻ. മല്ലികയുടെ മക്കളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. അന്തരിച്ച നടൻ സുകുമാരൻ്റെ പങ്കാളിയും കൂടിയാണ് അവർ.

ഒരിടവേളക്ക് ശേഷം മല്ലിക രാജസേനൻ സംവിധാനം ചെയ്ത മേഘസന്ദേശം സിനിമയിലൂടെ അഭിനരംഗത്ത് വീണ്ടും സജീവമായി. അമ്മക്കിളിക്കൂട്, ഛോട്ടാ മുംബൈ, തിരക്കഥ, കലണ്ടർ, ഇവർ വിവാഹിതരായാൽ എന്നിവയാണ് നടിയുടെ മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങൾ. ഇപ്പോൾ സുകുമാരനെപ്പറ്റിയും മമ്മൂട്ടിയെപ്പറ്റിയും സംസാരിക്കുകയാണ് മല്ലിക.

സുകുമാരന് അമ്മ സംഘടനയുമായി പ്രശ്‌നം വന്നപ്പോള്‍ മമ്മൂട്ടിയുടെ അടുത്ത് മാത്രമാണ് ഷെയര്‍ ചെയ്തതെന്നും അക്കാര്യം അറിയുന്നത് മമ്മൂട്ടിക്ക് മാത്രമാണെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

മമ്മൂട്ടിയും സുകുമാരനും തമ്മില്‍ വലിയ കൂട്ടായിരുന്നെന്നും മമ്മൂട്ടി മാത്രമാണ് തന്റെ കൂടെ നിന്നതെന്നും സുകുമാരന്‍ എപ്പോഴും പറയുമായിരുന്നെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ കുറച്ചുകൂടി ചെറുപ്പമായിരുന്നു അന്നെന്നും അതുകൊണ്ട് മോഹന്‍ലാലിന്റെ അടുത്ത് ഗൗരവകരമായ സംസാരമൊന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ മമ്മൂട്ടിയുമായി അങ്ങനെയല്ലെന്നും നല്ല അടുപ്പമായിരുന്നെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു അവര്‍.

‘സുകുവേട്ടന് അമ്മ സംഘടനയുമായി പ്രശ്‌നം വന്നപ്പോള്‍ ഒരു ചെറിയ വേദനയുണ്ടായി. അതൊരു പക്ഷെ എനിക്ക് തോന്നുന്നത് മമ്മൂട്ടിക്ക് മാത്രം അറിയാവുന്ന ഒരു കാര്യമാണ്. ആ പ്രശ്‌നം വന്നപ്പോള്‍ മമ്മൂട്ടിയുടെ അടുത്ത് മാത്രമാണ് സുകുവേട്ടന്‍ ഡിസ്‌കസ് ചെയ്തിട്ടുള്ളത്.

ഇവര് നമ്മില്‍ വലിയ കൂട്ടായിരുന്നു. ‘എന്തിനാണ് എന്നെ ഇങ്ങനെ കുറ്റം പറയുന്നത്, എന്നെ മാറ്റി നിര്‍ത്തിയത്, അകറ്റിനിര്‍ത്തിയത് എന്തിനാണ്? മമ്മൂട്ടി അങ്ങനെ ചെയ്തിട്ടൊന്നും ഇല്ല. അതൊരു പാവം’ എന്നിങ്ങനെയൊക്കെ പറയുമായിരുന്നു.

ലാലു കുറച്ച് കൂടി ചെറുപ്പമാണ്. ലാലുവിന്റെ അടുത്ത് കാര്യമായി ഡിസ്‌കക്ഷനോ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ മമ്മൂട്ടിയുമായി അങ്ങനെയല്ല. അവര് നമ്മില്‍ കാര്യങ്ങള്‍ ചോദിക്കുകയും, കാര്യമായി അടുപ്പവുമൊക്കെ ഉണ്ടായിരുന്നു,’ മല്ലിക പറയുന്നു.

Content Highlight: Only Mammootty knows about Sukumaran’s problem; he is the only one who stood by him: Mallika Sukumaran

We use cookies to give you the best possible experience. Learn more