| Saturday, 14th June 2025, 8:22 am

പരാജയങ്ങള്‍ മാത്രമാണ് എന്റെ ജീവിതത്തില്‍ സംഭവിച്ചത്; വിജയങ്ങൾ വളരെ കുറവാണ്: മണിക്കുട്ടൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് മണിക്കുട്ടന്‍. 1999ല്‍ വര്‍ണ്ണച്ചിറകുകള്‍ എന്ന ചിത്രത്തിൽ ബാലതാരമായാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ പരമ്പരയിൽ അഭിനയിച്ചു.

2005ല്‍ വിനയന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലെ നായകവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. ചില ചിത്രങ്ങൾ പരാജയമായപ്പോൾ അദ്ദേഹം കളിയാക്കലുകൾ കേൾക്കേണ്ടി വന്നിരുന്നു. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് മണിക്കുട്ടൻ.

പരാജയങ്ങള്‍ മാത്രമാണ് എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളതെന്നും വിജയങ്ങള്‍ വളരെ കുറവാണെന്നും മണിക്കുട്ടന്‍ പറയുന്നു. ജീവിതാനുഭവങ്ങളാണ് എല്ലാക്കാര്യങ്ങളെയും ഫേസ് ചെയ്യാന്‍ പഠിപ്പിക്കുന്നതെന്നും തന്റെ പപ്പ ഒരു ഡ്രൈവറായിരുന്നുവെന്നും മണിക്കുട്ടന്‍ പറയുന്നു.

ഒരിക്കല്‍ പോയപ്പോല്‍ ഒരു വലിയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയെന്നും എന്നാല്‍ അവിടെ ഒരുപാട് സമയം ഇരുന്നിട്ടും തങ്ങള്‍ക്ക് ഭക്ഷണം തന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ നടന്ന കാര്യമാണ് ഇതെന്നും അത് ഇപ്പോഴും ഓര്‍മയുണ്ടെന്നും മണിക്കുട്ടന്‍ പറഞ്ഞു. തന്നെ സംബന്ധിച്ച് ഇതുപോലെയുള്ള ഒരുപാട് അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് പരാജയങ്ങള്‍ വരുമ്പോഴോ അല്ലെങ്കില്‍ കളിയാക്കലുകള്‍ കേള്‍ക്കുമ്പോഴോ വിഷമം വരാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പരാജയങ്ങള്‍ മാത്രമാണ് എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്, വിജയങ്ങള്‍ വളരെ കുറവാണ്. നമ്മുടെ ജീവിതത്തിന്റെ എക്‌സ്പീരിയന്‍സുകളാണല്ലോ എല്ലാകാര്യങ്ങളെയും ഫേസ് ചെയ്യാന്‍ പഠിപ്പിക്കുന്നത്.

പപ്പ ഒരു ഡ്രൈവറായിരുന്നു. സ്‌കൂള്‍ അവധിയായിരിക്കുമ്പോള്‍ എന്നേം കൂട്ടി ടൂര്‍ പോകാറുണ്ട്. ഞങ്ങളൊരു സ്ഥലത്ത് ടൂര്‍ പോയപ്പോള്‍ ഒരു വലിയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. അവിടെ ചെന്ന് ഞങ്ങള്‍ ഇരുന്ന സമയത്ത നമുക്ക് ആഹാരം അവര്‍ തന്നില്ല. ഡ്രസ് ഒക്കെ മുഷിഞ്ഞതായിരുന്നു. ബാക്കി എല്ലാവര്‍ക്കും ഭക്ഷണം ഒക്കെ കൊടുക്കുന്നുണ്ട്. നമ്മളിലേക്ക് മാത്രം വരുന്നില്ല.

ഞാന്‍ അന്ന് ഒന്നാം ക്ലാസ് കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. എനിക്കത് ഇപ്പോഴും ഓര്‍മയുണ്ട്. പിന്നെ ഞങ്ങളെണീറ്റ് പോയി. അപ്പോള്‍ എന്നെ സംബന്ധിച്ച് ഇങ്ങനെയുള്ള ജീവിത അനുഭവങ്ങൾ ഒരുപാട് ഉണ്ട്. ഇതൊരു പരാജയമാണ്. അതുകൊണ്ട് പരാജയങ്ങള്‍ വരുമ്പോഴോ, കളിയാക്കലുകള്‍ കേള്‍ക്കുമ്പോഴോ എനിക്ക് വിഷമം വരാറില്ല,’ മണിക്കുട്ടൻ പറയുന്നു.

Content Highlight: Only failures have happened in my life; successes are very few says Manikuttan

We use cookies to give you the best possible experience. Learn more