ഹരിപ്പാട്: ആലപ്പുഴയില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ഹരിപ്പാട് സ്വദേശിയായ വയോധികനില്‍ നിന്നും തട്ടിപ്പ് സംഘം കോടികള്‍ തട്ടിയെടുത്തു. 8.8 കോടി രൂപയാണ് നഷ്ടമായത്.
നിലവില്‍ വയോധികന്റെ മകന്‍ നല്‍കിയ പരാതിയില്‍ ആലപ്പുഴ സൈബര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും ദേശീയ സൈബർ ക്രൈം റിപ്പോര്‍ട്ട് പോര്‍ട്ടലില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നഷ്ടമായ പണം വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങിയതായി ആലപ്പുഴ സൈബര്‍ പൊലീസ് എസ്.എച്ച്.ഒ ഏലിയാസ് പി. ജോര്‍ജ് പറഞ്ഞു.
വയോധികന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മകന്‍, ബാങ്ക് അക്കൗണ്ട് പരിശോധിക്കുകയും പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഓഹരി ഇടപാട് ഓണ്‍ലൈനായി നടത്താമെന്ന് വിശ്വസിപ്പിച്ചാണ് സംഘം പണം തട്ടിയത്.
73 തവണയായി പല ബാങ്കുകളിലൂടെയാണ് വയോധികനില്‍ നിന്നും തട്ടിപ്പ് സംഘം പണം കൈവശപ്പെടുത്തിയത്. 2025 സെപ്റ്റംബർ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.
വന്‍ ലാഭം നല്‍കാമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം. പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ പേരിനോട് സാമ്യമുള്ള പേര് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളില്‍ നിന്നും ഏഴര കോടി രൂപ ഓണ്‍ലൈന്‍ വഴി തട്ടിച്ചിരുന്നു. ഇതായിരുന്നു ജില്ലയില്‍ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും വലിയ തട്ടിപ്പ്.