കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. പുതിയങ്ങാടി സ്വദേശിയായ സച്ചിദാനന്ദന്‍ (72) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിനെ തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് (തിങ്കള്‍) തിരുവനന്തപുരത്ത് അമീബിക് ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചിരുന്നു.
കഴിഞ്ഞ ഒരുമാസമായി എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വെങ്ങാനൂര്‍ സ്വദേശി ഡി. സുധാകരനാണ് മരിച്ചത്.
അതേസമയം കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുടനീളം 201 പേർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചിരുന്നു. 2024ല്‍ 39 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. മരണസംഖ്യയിലും വര്‍ധനവുണ്ടായിട്ടുണ്ട്.
2024ല്‍ ഒമ്പത് മരണമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 47 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തതാണ് സംസ്ഥാന ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നത്. നിലവില്‍ സച്ചിദാനന്ദന്റെ വീട്ടിലെ കിണറിലെ വെള്ളം വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
അമീബിക് മസ്തിഷ്‌ക ജ്വരം:
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക് എന്‍സെഫലൈറ്റിസ്.
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഇത് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമല്ല.
രോഗ ലക്ഷണങ്ങള്‍:
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.
Content Highlight: One more person dies of amoebic encephalitis in the state