| Saturday, 17th January 2026, 12:30 pm

രണ്ട് സൂപ്പര്‍ ഓവര്‍, ശ്വാസം നിലച്ച മത്സരത്തില്‍ ഇന്ത്യക്ക് ജയം; ഒപ്പം രോഹിത്തിന്റെ സെഞ്ച്വറിയും; OTD in 2024

ആദര്‍ശ് എം.കെ.

രണ്ട് വര്‍ഷം മുമ്പ് ഇതേ ദിവസം, രണ്ട് സൂപ്പര്‍ ഓവറുകളില്‍ വിധിയെഴുതിയ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ പരമ്പര ക്ലീന്‍ സ്വീപ് ചെയ്തത് ഇന്ത്യന്‍ ആരാധകര്‍ അത്ര പെട്ടന്നൊന്നും മറക്കാനിടയില്ല. ഇന്ത്യ ഉയര്‍ത്തിയ റണ്‍മല താണ്ടിയെത്തിയ അഫ്ഗാനിസ്ഥാന്‍ വീരോചിതമായാണ് പരാജയപ്പെട്ടത്.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരവും വിജയിച്ച് പരമ്പര നേടിയ ഇന്ത്യ, സീരീസ് ക്ലീന്‍ സ്വീപ്പിനാണ് ബെംഗളൂരുവിലിറങ്ങിയത്.

പരമ്പര നേടിയ ഇന്ത്യന്‍ ടീം ട്രോഫിയുമായി. Photo: BCCI/x.com

ക്യാപ്റ്റന് രോഹിത് ശര്‍മയുടെ അപരാജിത സെഞ്ച്വറി കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി. 69 പന്ത് നേരിട്ട ഹിറ്റ്മാന്‍ പുറത്താകാതെ 121 റണ്‍സാണ് അടിച്ചെടുത്തത്. 39 പന്തില്‍ പുറത്താകാതെ 69 റണ്‍സുമായി റിങ്കു സിങ്ങും തിളങ്ങി.

സെഞ്ച്വറി നേടിയ രോഹിത്. Photo: BCCI/x.com

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനും 212 റണ്‍സ് അടിച്ചെടുത്തു. ഗുല്‍ബദീന്‍ നയീബ്, റഹ്‌മാനുള്ള ഗുര്‍ബാസ്, ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യ ഉയര്‍ത്തിയ റണ്‍മലയ്ക്ക് നെറുകയിലെത്തിയത്.

അവസാന ഓവറില്‍ വിജയിക്കാന്‍ 19 റണ്‍സ് വേണമെന്നിരിക്കെ 18 റണ്‍സാണ് അഫ്ഗാനിസ്ഥാന് കണ്ടെത്താന്‍ സാധിച്ചത്.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ കരുത്തില്‍ 16 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനറങ്ങിയ ഇന്ത്യയ്ക്കും 16 റണ്‍സാണ് കണ്ടെത്താന്‍ സാധിച്ചത്. രണ്ട് സിക്‌സറുമായി രോഹിത് ശര്‍മയാണ് ഇന്ത്യയെ പരാജയത്തില്‍ നിന്നും കരകയറ്റിയത്.

റഹ്‌മാനുള്ള ഗുര്‍ബാസ്

രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സ് നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ഒരു റണ്ണിന് പുറത്തായി.

സ്‌കോര്‍

ഇന്ത്യ: 212/4
അഫ്ഗാനിസ്ഥാന്‍: 212/6

സൂപ്പര്‍ ഓവര്‍ 1

അഫ്ഗാനിസ്ഥാന്‍: 16/1
ഇന്ത്യ: 16/1

സൂപ്പര്‍ ഓവര്‍ 2

ഇന്ത്യ: 11/2
അഫ്ഗാനിസ്ഥാന്‍: 1/2

രോഹിത്. Photo: BCCI/x.com

ഈ മത്സരത്തില്‍ രോഹിത് എണ്ണമറ്റ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു.

– അഞ്ച് അന്താരാഷ്ട്ര ടി-20 സെഞ്ച്വറി നേടുന്ന ആദ്യ താരം

– ഏറ്റവുമധികം അന്താരാഷ്ട്ര സെഞ്ച്വറി (3) നേടുന്ന ക്യാപ്റ്റന്‍ – ജോയിന്റ് റെക്കോഡ്

– അന്താരാഷ്ട്ര ടി-20യില്‍ ഒരു ഇന്ത്യന്‍ നായകന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍

– 250 ടി-20 വിജയം നേടുന്ന ആദ്യ ഇന്ത്യന്‍ താരം

– ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ക്യാപ്റ്റന്‍ (ഒയിന്‍ മോര്‍ഗനെ മറികടന്നുള്ള നേട്ടം)

– ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ഓപ്പണര്‍ (ഒമാര്‍ട്ടിന്‍ ഗപ്ടിലിനെ മറികടന്നുള്ള നേട്ടം)

ഈ മത്സരത്തിലെ വിജയത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുത്തതും രോഹിത് ശര്‍മയെ തന്നെയായിരുന്നു. ശിവം ദുബെയാണ് പരമ്പരയിലെ താരം.

Content Highlight: On This Day in 2024, India defeated Afghanistan in super over

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more