ഗുരുവിനെ കണ്ടതിന് ശേഷവും ഗാന്ധി ജാതിയില്‍ വിശ്വസിച്ചിരുന്നു; ഡോ. ടി.എസ്. ശ്യാംകുമാര്‍ സംസാരിക്കുന്നു
DISCOURSE
ഗുരുവിനെ കണ്ടതിന് ശേഷവും ഗാന്ധി ജാതിയില്‍ വിശ്വസിച്ചിരുന്നു; ഡോ. ടി.എസ്. ശ്യാംകുമാര്‍ സംസാരിക്കുന്നു
ശ്രീലക്ഷ്മി എസ്.
Wednesday, 12th March 2025, 10:34 pm
പക്ഷെ, പൊതുവിലുള്ള ആഖ്യാനം ഗുരുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗാന്ധിക്ക് മാറ്റങ്ങളുണ്ടായെന്നാണ്. അത് ചരിത്രപരമായി ശരിയായ കാഴ്ചപ്പാടല്ല. കാരണം, ഗുരുവിനെ കണ്ടതിന് ശേഷവും ഗാന്ധി തന്റെ വര്‍ണാശ്രമ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ട്. ഗുരുവിന്റെ സമാധിക്ക് ശേഷം ശിവഗിരിയിലും അതിന് മുമ്പ് കൂര്‍ക്കഞ്ചേരിയിലുമൊക്കെ നടന്ന സമ്മേളനങ്ങളില്‍ വര്‍ണാശ്രമ ധര്‍മം ഈശ്വരീയമാണെന്നും സാമ്പത്തിക ധര്‍മമാണെന്നും ഗാന്ധി പ്രസംഗിക്കുന്നുണ്ട്. അത്തരത്തില്‍ തന്റെ ജീവിതകാലം മുഴുവന്‍ വര്‍ണാശ്രമ ധര്‍മത്തില്‍ ഉറച്ചു നിന്നയാളാണ് ഗാന്ധി.

മഹാത്മാഗാന്ധിയുടെയും ശ്രീനാരായണ ഗുരുവിന്റെയും 1925 മാര്‍ച്ച് 12ലെ കൂടിക്കാഴ്ച ചരിത്രത്തില്‍ രേഖപ്പെടുത്തിയ സംവാദങ്ങളിലൊന്നായിരുന്നു. അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം, മതപരിവര്‍ത്തനം, തുടങ്ങി നിരവധി വിഷയങ്ങളായിരുന്നു അന്നത്തെ സംവാദത്തില്‍ ചര്‍ച്ചാവിഷയമായിരുന്നത്. കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികത്തില്‍ ഡോ. ടി.എസ് ശ്യാം കുമാര്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

ടി.എസ്. ശ്യാംകുമാര്‍ dr ts shyam kumar

ടി.എസ്. ശ്യാംകുമാര്‍

ശ്രീലക്ഷ്മി. എസ്: ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാഗാന്ധിയുടെയും കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികമാണിന്ന്. ഗുരു ചിന്തകളെ സൂക്ഷ്മമായി പിന്തുടരുന്ന ആളെന്ന നിലയില്‍ അവരുടെ ചര്‍ച്ചാ വിഷയത്തെയും കൂടിക്കാഴ്ചയെയും താങ്കള്‍ എങ്ങനെയാണ് കാണുന്നത്? എന്തൊക്കെ കാര്യങ്ങളായിരുന്നു അവരന്ന് സംസാരിച്ചത്?

ടി.എസ്. ശ്യാംകുമാര്‍: ഹിന്ദു മതം ആധ്യാത്മികമായ മോക്ഷത്തിന് പ്രാപ്തമാണോയെന്ന ഗാന്ധിയുടെ ചോദ്യത്തെയാണ് ഈ ചര്‍ച്ചയുടെ പ്രധാന വിഷയമായി ഞാന്‍ കാണുന്നത്. ആ ചോദ്യത്തിന് ഗുരു നല്‍കുന്ന മറുപടി അന്യമതങ്ങളിലും മോക്ഷമാര്‍ഗമുണ്ടല്ലോയെന്നാണ്. ഉത്തരത്തില്‍ തൃപ്തി വരാത്തത് പോലെ വീണ്ടും ഗാന്ധി ചോദിക്കുന്നത് മറ്റ് മതങ്ങളുടെ കാര്യം ഇരിക്കട്ടെ, ഹിന്ദുമതം മോക്ഷത്തിന് പര്യാപ്തമാണോയെന്നാണ്. ആ ചോദ്യത്തിന് നിലവില്‍ ഉത്തരം നല്‍കിയതാണെങ്കില്‍ കൂടിയും ചോദിച്ചത് കൊണ്ട് വീണ്ടും ഗുരുപറയുന്നത്, പര്യാപ്തം തന്നെ പക്ഷെ ലൗകികമായ സ്വാതന്ത്ര്യത്തെയാണല്ലോ ജനങ്ങള്‍ അധികവും ഇച്ഛിക്കുന്നതെന്നാണ്. അതായത് ഗുരു ഊന്നിയത് ലൗകികമായ സ്വതന്ത്ര്യത്തെയാണ്.

എന്തുകൊണ്ടെന്നാല്‍, 1925ല്‍ ഗാന്ധിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമ്പോള്‍ വൈക്കം സത്യാഗ്രഹത്തിന്റെ പശ്ചാത്തലമാണ് നിലനിന്നിരുന്നത്. പൊതുവെ അവര്‍ണരായി കണ്ടുവരുന്ന ജനവിഭാഗങ്ങള്‍ ലൗകിക സ്വാതന്ത്ര്യമില്ലാതെ, ഭൗതികാസ്പദങ്ങളില്ലാതെ, ജാതിബദ്ധമായ സാമൂഹിക വ്യവസ്ഥ സൃഷ്ടിക്കുന്ന അസമത്വത്തിന്റെ വലിയ ദുഖവും ദുരിതവും അനുവിക്കുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഗുരു ലൗകികമായ സ്വാതന്ത്ര്യത്തെയാണ് ജനങ്ങള്‍ അധികവും ഇച്ഛിക്കുന്നതെന്ന് പറഞ്ഞത്.

രണ്ടാമതായി ഗുരു പറയുന്നത് അന്യമതങ്ങളിലും മോക്ഷ മാര്‍ഗമുണ്ടല്ലോയെന്നതാണ്. അല്ലാതെ ഹിന്ദുമതത്തില്‍ മോക്ഷമാര്‍ഗം ഉണ്ടെന്ന് അദ്ദേഹം പറയുന്നില്ല. അതിന് ഒരു കാരണമെന്നത് പൊതുവേ ഹിന്ദുമതമെന്നൊരു മതമേ ഇല്ലല്ലോയെന്നാണ്. 1925ല്‍ ഗുരുവുമായി നടന്ന സംഭാഷണത്തില്‍ സി.വി കുഞ്ഞിരാമനോട് അദ്ദേഹം പറയുന്നത്. മതമെന്നാല്‍ അഭിപ്രായമാണെന്നും ഇതിലൂടെ മതത്തെ വ്യക്തിപരമായ ആധ്യാത്മിക ബോധമായി ഗുരു സ്ഥാനപ്പെടുത്തി. അതിനെ സംഘടിത ബോധ്യമായിട്ടല്ല ഗുരു പരുവപ്പെടുത്തിയത്. അതുവഴി ഏത് മതത്തിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം വേണമെന്നും ഗുരു പറയുന്നുണ്ട്.

അതായത് ഗുരു ഊന്നിയത് ലൗകികമായ സ്വതന്ത്ര്യത്തെയാണ്.

1925ലെ കുഞ്ഞിരാമനുമായുള്ള സംഭാഷണത്തില്‍ ഗുരു വ്യക്തമാക്കുന്നത് 20 കോടി ഹിന്ദുക്കള്‍ക്ക് 20 കോടി മതമെന്നാണ്. എന്നുപറഞ്ഞാല്‍ ഓരോ വ്യക്തിക്കും ഓരോ മതമെന്നാണ്. അതില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തെയാണ് ഗുരു ഊന്നിയത്. അതുകൊണ്ടുതന്നെ അന്യമതങ്ങളിലും മോക്ഷ മാര്‍ഗമുണ്ടല്ലോയെന്ന് ഗുരു പറഞ്ഞു. അതിന്റെ ഒരു കാതല്‍ കിടക്കുന്നതും ഗുരുവിന്റെ തത്വമായ അപരപ്രിയത്വത്തിലാണ്. അതിനാലാണ് അന്യമതത്തിലും മോക്ഷമാര്‍ഗമുണ്ടല്ലോയെന്ന തത്വത്തിലേക്ക് ഗുരുവിനെ നയിക്കുന്നത്.

സി.വി. കുഞ്ഞിരാമന്‍

ഹിന്ദുമതം മോക്ഷപ്രാപ്തിക്ക് പര്യാപ്തമാണെന്ന് പറഞ്ഞാല്‍ പിന്നെ മറ്റ് മതങ്ങള്‍ക്കെതിരായ ഒരു സമീപനമായിട്ടത് മാറുമല്ലോ. തന്നെയുമല്ല ഗുരുതന്നെ മുന്നോട്ട് വയ്ക്കുന്നത് വിശ്വാസ സ്വാതന്ത്ര്യമെന്ന സങ്കല്‍പ്പമാണ്. ജാതി ഭേദം മതേദ്വേഷം ഏതുമില്ലാതെ സര്‍വരും സോതരത്വേന വാഴുന്ന മാതൃകാസ്ഥാനമെന്നത് 1888ലെ അരുവിപ്പുറത്തെ പ്രതിഷ്ഠാനന്തരം പിന്നീട് എഴുതിവെയ്ക്കുന്ന സൂക്തിയില്‍ ഉണ്ടല്ലോ. അപ്പോള്‍ മതവിശ്വാസമേതായാലും വിദ്വേഷം കൂടാതെ പരസ്പരം സഹഭാവനയോടുകൂടി സഹജീവനത്തോടുകൂടി കഴിയുന്നതിന് മതമേതായാലും മതവിശ്വാസിയല്ലെങ്കിലും അവര്‍ക്കെല്ലാം ഒരുമിച്ച് കഴിയാമെന്നും ഗുരു പറയുന്നു.

ഗുരുവിന്റെ ശിഷ്യപരമ്പര നോക്കിയാലും ഗുരുവിന്റെ ആശയം നമുക്ക് മനസിലാക്കാം. തന്റെ ആശയത്തെ ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തികൂടിയാണ് ഗുരു. യുക്തിവാദിയായിരുന്ന സഹോദരന്‍ അയ്യപ്പന്‍, ബുദ്ധമതവിശ്വാസിയായ സി.വി. കുഞ്ഞിരാമന്‍, മിതവാദി കൃഷ്ണന്‍ ഇത്തരത്തില്‍ വ്യത്യസ്തങ്ങളായ വിശ്വാസ പശ്ചാത്തലമുള്ള നിരവധി ആളുകളായിരുന്നു ഗുരുവിന്റെ ഒപ്പമുണ്ടായിരുന്നത്.

തന്നെയുമല്ല, ക്രിസ്തുമതത്തിലേക്ക് തന്നെ പരിവര്‍ത്തിപ്പിക്കാന്‍ എത്തിയ ആളോട് ഗുരു പറഞ്ഞത്, നാമെന്നേ ക്രിസ്തുവിലാണല്ലോയെന്നാണ്. ക്രിസ്തുമതത്തിന്റെ സാരം സ്നേഹമാണെന്ന് ഗുരു 1925ല്‍ പറയുന്നുണ്ട്. ആ സാരത്തെ കണ്ടെത്തുകയും അത് ജീവിതത്തില്‍ ഗുരു പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിങ്ങളുടെ കൂടെ ഏറെ നാള് സഹവസിച്ചതായും അവരുടെ കുട്ടികളെ എടുക്കുകയും അവര്‍ക്ക് ചോറ് വാരി കൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗുരു പറയുന്നുണ്ട്. ഒരു മുസ്ലിം വനിത തന്റെ അവധൂത കാലത്ത് പുട്ടും മീന്‍കറിയും നല്‍കിയതിനെ കുറിച്ചും ഗുരു അനുസ്മരിക്കുകയും അവര്‍ക്ക് വേണ്ടത് ചെയ്ത് കൊടുക്കണമെന്ന് തന്റെ ശിഷ്യന്മാരോട് ഏല്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. ഹിന്ദുക്കള്‍ ആവശ്യപ്പെട്ടിട്ടാണ് അവര്‍ക്ക് ക്ഷേത്രങ്ങള്‍ നിര്‍മിച്ചുനല്‍കിയതെന്നും മുസ്ലിങ്ങള്‍ക്ക് വേണ്ടി പള്ളികള്‍ നിര്‍മിക്കുന്നതില്‍ തനിക്ക് മടിയില്ലെന്നും ഗുരു പറയുന്നുണ്ട്.

1925ലെ കുഞ്ഞിരാമനുമായുള്ള സംഭാഷണത്തില്‍ ഗുരു വ്യക്തമാക്കുന്നത് 20 കോടി ഹിന്ദുക്കള്‍ക്ക് 20 കോടി മതമെന്നാണ്.

ഇത്തരത്തില്‍ അപരപ്രിയമുണ്ടെങ്കില്‍ മാത്രമേ ലൗകിക സ്വതന്ത്ര്യമുണ്ടാകുകയുള്ളൂ. നമ്മള്‍ വിചാരിക്കുന്നത് എല്ലാ സുഖവും സൗകര്യവും നമുക്ക് ഉണ്ടായിരുന്നെങ്കില്‍ സ്വസ്ഥമായി കഴിയാമെന്നാണ്. എന്നാല്‍ അങ്ങനെയല്ല, എല്ലാവര്‍ക്കും സുഖമുണ്ടെങ്കിലേ നമുക്ക് സമാധാനം ഉണ്ടാവുകയുള്ളൂ. നീതിയില്ലെങ്കില്‍ ലോകത്ത് സമാധാനമുണ്ടാകില്ലെന്ന്‌ഡോ. ബി.ആര്‍. അംബേദ്ക്കര്‍ പറയുന്നുണ്ട്. ലൗകികമായ സ്വാതന്ത്ര്യം ഒരു കൂട്ടം മനുഷ്യര്‍ക്കില്ലെങ്കില്‍ ആ സമൂഹത്തില്‍ സമാധാനമുണ്ടാകില്ല. അതുകൊണ്ടാണ് അന്യമതങ്ങളിലും മോക്ഷമാര്‍ഗമുണ്ടല്ലോയെന്ന് ഗുരു പറയുന്നത്.

ബി.ആര്‍. അംബേദ്ക്കര്‍ br ambedkar

ബി.ആര്‍. അംബേദ്ക്കര്‍

ഇത്തരത്തില്‍ നിരവധി വിഷയങ്ങള്‍ ഗാന്ധിയും ഗുരുവുമായുള്ള സംഭാഷണത്തില്‍ കടന്നുവരുന്നുണ്ട്. എന്നാല്‍ ഇന്നത്തെ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ്ലിം പള്ളികള്‍ ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുകയും മറ്റ് ചില സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനത്തെ പാപമായി കാണുന്ന തരത്തില്‍, കടുത്ത മതപരിവര്‍ത്തന നിയമങ്ങളും നടപ്പിലാക്കുന്നുണ്ട്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നത്‌ പാതകമായി ഹിന്ദുത്വ ഭരണകൂടം കാണുകയും മുസ്ലിം ദേവാലയങ്ങള്‍ക്ക് നേരെയുള്ള കടുത്ത ആക്രമണം, അവര്‍ക്കെതിരെയുള്ള വംശഹത്യാ ആഹ്വാനങ്ങള്‍, ഇവയെല്ലാം തെളിയിക്കുന്നത്, ഇന്നത്തെ കാലത്ത് ആ സംഭാഷണത്തിലെ ഏറ്റവും പ്രസക്തമായിട്ടുള്ള കാര്യം അന്യമതങ്ങളിലും മോക്ഷ മാര്‍ഗമുണ്ടല്ലോയെന്ന ഗുരുവിന്റെ പ്രധാനപ്പെട്ട നിരീക്ഷണമാണ്.

ബ്രാഹ്‌മണ ഹിന്ദുമതം ലൗകിക സ്വാതന്ത്ര്യത്തെ തടയുന്ന ഒന്നാണെന്ന് ഗുരു അഗാധമായി തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടല്‍ മാണിക്യത്തില്‍ നമ്മള്‍ കാണുന്നതും അതുതന്നെയാണ്. കഴകക്കാരനായിട്ട് പോലും ഒരു ഈഴവന് ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. തന്നെയുമല്ല, ഇന്ന് കൗമുദി പത്രം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ക്ഷേത്രത്തിലെ പുല്ല് വെട്ടേണ്ടത് ഒരു പിഷാരടിയാണെന്നും പറയുന്നുണ്ട്.

അപ്പോള്‍ എത്രമാത്രം കൃത്യമായൊരു ശ്രേണികൃതത്വമാണ് കൂടല്‍മാണിക്യത്തില്‍ നടക്കുന്നത്. ഇതെല്ലാം ലൗകിക സ്വാതന്ത്ര്യത്തെ തടയുന്നതാണ്. മോക്ഷത്തേക്കാള്‍ പ്രാധാന്യം ലൗകിക സ്വാതന്ത്ര്യമാണെന്നാണ് ഗുരു പറഞ്ഞുവെക്കുന്നത്. ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്നും പാല്‍പായസം വെച്ചാല്‍ കോരി കുടിക്കണമെന്നും പന്തിയിലിരിക്കണമെന്നും ഒരുമിച്ച് ഭക്ഷിക്കണമെന്നും ബാരിക്കേഡ് കെട്ടിയാല്‍ അത മറികടക്കണമെന്നുമെല്ലാം വൈക്കം സത്യാഗ്രഹ സമയത്ത് ഗുരു പറഞ്ഞിട്ടുണ്ട്.

Balu wrote a letter to the Devaswom demanding his removal from the post of Kazhaga

1925ല്‍ ഗാന്ധി വൈക്കത്ത് വരുന്ന സമയത്ത് അന്നത്തെ പൊലീസ് മേധാവിയായിരുന്ന പിറ്റ് തയ്യാറാക്കിയ റിപ്പോട്ടിലും നാരായണ ഗുരു സ്വാമികള്‍ തന്റെ ജനതയ്ക്ക് എല്ലാതരത്തിലുള്ള സ്വാതന്ത്ര്യവും വേണമെന്ന് ആഗ്രഹിച്ചുവെന്ന് പറയുന്നുണ്ട്. ഇവയെല്ലാം പരിശോധിക്കുമ്പോഴും ശ്രീനാരായണ ഗുരു ലൗകിക സ്വാതന്ത്ര്യത്തിന് പ്രധാന്യം കൊടുത്തിട്ടുണ്ടെന്നും പറയുന്നു. അടിസ്ഥാനപരമായി ഉന്നതമായ മാനവിക നീതി മൂല്യങ്ങളെയാണ് ഗുരു മതത്തിന്റെ തത്വമായി ദര്‍ശിച്ചത്. ആ തത്വത്തെ ജീവിത ദര്‍ശനമായും പ്രായോഗികമായും പരിവര്‍ത്തിപ്പിക്കാനും ശ്രമിച്ചാണ് അന്യമതങ്ങളും മോക്ഷമാര്‍ഗമുണ്ടല്ലോയെന്നതിലൂടെ ഗുരു പറഞ്ഞുവെച്ചത്.

ശ്രീലക്ഷ്മി.എസ്: മഹാത്മഗാന്ധിയുടെയും ശ്രീനാരായണ ഗുരുവിന്റെയും കൂടിക്കാഴ്ചയ്ക്ക് ഇന്നത്തെ സാമൂഹിക സാഹചര്യത്തിലുള്ള പ്രസക്തി കൂടുതല്‍ വിശദീകരിക്കാമോ?

ടി.എസ്. ശ്യാംകുമാര്‍: നേരത്തെ സൂചിപ്പിച്ചത് പോലെ വലിയ രീതിയിലുള്ള അപരമതവിദ്വേഷം നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതിലേറ്റവും കൂടുതല്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കും മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കും എതിരായിട്ടുള്ള വിദ്വേഷമാണ്. മുസ്ലിം വംശഹത്യാ ആഹ്വാനങ്ങള്‍ നിലനില്‍ക്കുന്നു. അതുപോലെ തന്നെ മാംസം കയ്യില്‍ സൂക്ഷിച്ചതിന്റെ പേരിലും കഴിക്കുന്നതിന്റെ പേരിലുമെല്ലാം ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ട്. എന്നാല്‍  തന്റെ സഹോദരന്‍ മിന്‍കറി കൂട്ടിയേ ചോറ് കഴിക്കൂവെന്ന് കരുതി അദ്ദേഹം ശിവഗിരി മഠത്തിന് താഴെയുള്ള ഹോട്ടലില്‍ പോവുകയും മീന്‍കറിക്കായി മുന്‍കൂട്ടി പൈസ കൊടുക്കുകയും ചെയ്ത ആളാണ് നാരായണ ഗുരു.

ബ്രാഹ്‌മണ ഹിന്ദുമതം ലൗകിക സ്വാതന്ത്ര്യത്തെ തടയുന്ന ഒന്നാണെന്ന് ഗുരു അഗാധമായി തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടല്‍ മാണിക്യത്തില്‍ നമ്മള്‍ കാണുന്നതും അതുതന്നെയാണ്.

വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവരുടെ വിവാഹം നടത്തിക്കൊടുക്കുകയും, അന്യോന്യ വിവാഹവും പന്തി ഭോജനവും ചെയ്യുന്നതില്‍ യാതൊരു ദോഷവും ഇല്ലെന്ന് എഴുതിക്കൊടുക്കുകയും ചെയ്ത വ്യക്തിയും കൂടിയാണ് ഗുരു. അപ്പോള്‍ അന്യമതങ്ങളിലും മോക്ഷ ഭാഗം ഉണ്ടെന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ദര്‍ശനമാണ്. കാരണം മതപരിവര്‍ത്തന നിയമം നമ്മുടെ സമൂഹത്തില്‍ വളരെ ശക്തമായി നില്‍ക്കുന്നുണ്ട്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മതപരിവര്‍ത്തനം നിരോധിച്ചിരിക്കുകയാണ്. അത് കൊണ്ടുതന്നെ ഈ ഒരു കാലഘട്ടത്തില്‍ ഇതരമതവിഭാഗത്തില്‍ പെട്ടവരെ ഒഴിവാക്കി നിര്‍ത്തുന്ന സാഹചര്യമാണുള്ളത്. സര്‍വോപരി ഗോള്‍വാള്‍ക്കറിന്റെ ബെഞ്ച് ഓഫ് തോട്ട്സില്‍ മുസ്‌ലിങ്ങളും ക്രിസ്ത്യാനികളുമെല്ലാം രാജ്യത്തിന്റെ ശത്രുക്കളാണെന്നാണ് പറയുന്നത്. അവരെ അപരരായിട്ട് സ്ഥാനപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്.

എന്നാല്‍ ഗുരുവിന്റെ ദര്‍ശന പ്രകാരം ആരെയും അപരരായി കാണുന്നില്ല. അപരപ്രിയമാണ് ഗുരുവിന്റെ തത്വം. ഇത്തരത്തില്‍ അപരപ്രിയമാണ് എല്ലാവരും ഉയര്‍ത്തിപ്പിടിക്കേണ്ടത്.

കൂടാതെ ഇന്നത്തെ സമൂഹത്തില്‍ ലൗകിക സ്വാതന്ത്ര്യവും ഇല്ലാത്ത നിലയിലാണ്. ഉണ്ടായിരുന്നെങ്കില്‍ മതകലഹങ്ങളും വിദ്വേഷങ്ങളുമൊന്നും ഒരിക്കലും ഉണ്ടാവില്ലായിരുന്നു. ഇതൊക്കെ തന്നെ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ വളരെയധികം പ്രാധാന്യമുണ്ടെന്നാണ് തെളിയിക്കുന്നത്.

ശ്രീലക്ഷ്മി.എസ്: മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും തമ്മില്‍ അയിത്തത്തെ കുറിച്ചും മതത്തെ കുറിച്ചുമുള്‍പ്പടെ ചര്‍ച്ച ചെയ്ത വിഷയങ്ങളില്ലെല്ലാം ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ എന്തെങ്കിലും വ്യത്യാസങ്ങള്‍ ഉണ്ടായതായി വിലയിരുത്താന്‍ കഴിയുമോ?

ടി.എസ്. ശ്യാംകുമാര്‍: അയിത്തം പരിഹരിക്കപ്പെട്ടുവെന്ന് നമുക്ക് ഒരിക്കലും വിചാരിക്കാന്‍ കഴിയില്ല. പരിഹരിച്ചിരുന്നുവെങ്കില്‍ കൂത്താട്ടുകുളത്ത് പ്രശ്നങ്ങള്‍ ഉണ്ടാവുമായിരുന്നില്ല. കൂത്താട്ടുകുളത്ത് വളരെ കൃത്യമായി ജാതി വ്യവസ്ഥ നിലനില്‍ക്കുകയും അതുപോലെ ശബരിമലയില്‍ മേല്‍ശാന്തിയാവാന്‍ ഒരു അവര്‍ണ വിഭാഗത്തില്‍ ഉള്‍പ്പെട്ട വ്യക്തിക്ക് കഴിയുന്നില്ല, ഇവയെല്ലാം നമ്മുടെ സമൂഹത്തില്‍ നിന്നും അയിത്തം പോയിട്ടില്ലെന്നാണ് തെളിയിക്കുന്നത്.

വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവരുടെ വിവാഹം നടത്തിക്കൊടുക്കുകയും, അന്യോന്യ വിവാഹവും പന്തി ഭോജനവും ചെയ്യുന്നതില്‍ യാതൊരു ദോഷവും ഇല്ലെന്ന് എഴുതിക്കൊടുക്കുകയും ചെയ്ത വ്യക്തിയും കൂടിയാണ് ഗുരു.

ഗുരുവായൂര്‍ അമ്പലത്തില്‍ പാചകക്കാരനായി ഒരു ബ്രാഹ്‌മണന്‍ തന്നെ വേണമെന്നാണ് പറയുന്നത്. മലയാളികള്‍ വായിക്കുന്ന പത്രങ്ങളിലെ വിവാഹ പരസ്യങ്ങളില്‍ വളരെ കൃത്യമായി ജാതി പരിപാലിച്ച് പോരുന്നവരാണ് മലയാളികള്‍ എന്ന് മനസിലാക്കാം. ഇതൊക്കെയും വിവേചനത്തിന്റെ അസമത്വ രൂപമെന്ന അയിത്ത സാമൂഹിക വ്യവസ്ഥ നമ്മുടെ സമൂഹത്തില്‍ വളരെ കൃത്യമായി നിലനില്‍ക്കുന്നുണ്ടെന്നാണ് തെളിയിക്കുന്നത്.

ഗുരു അയിത്തത്തിനെതിരായ കാര്യങ്ങള്‍ പറഞ്ഞ് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാവുമ്പോഴും സമൂഹം കൂടുതല്‍ ജാതീയമായി പരിവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. പുറമേക്ക് പുരോഗമനകാരികളായി വേഷം കെട്ടുമ്പോഴും അകത്ത് മലയാളികള്‍ ഇപ്പോഴും ഒരു ബ്രാഹ്‌മണ്യ ജീവിതമാണ് നയിക്കുന്നത്. അയിത്തം എവിടെയും പോയിട്ടില്ല.

അയിത്തം കേരളത്തിലെ ക്ഷേത്രങ്ങളില്‍ സുരക്ഷിതമായി തന്നെയുണ്ട്. അതുകൊണ്ടാണ് വരുമാനമുള്ള ക്ഷേത്രങ്ങളിലൊക്കെ ഇപ്പോഴും ബ്രാഹ്‌മണര്‍ തന്നെ പൂജിക്കുന്നതും. പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍ ഈഴവ സമുദായത്തില്‍പ്പെട്ട വിഷ്ണു നാരായണനെന്ന പൂജാരി അയാള്‍ക്ക് ശരിമലയില്‍ മേല്‍ശാന്തി തസ്തികയിലേക്ക് അപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച വേളയില്‍ അദ്ദേഹത്തിനെതിരായി കേസ് ഫയല്‍ ചെയ്തത് അഖില കേരള തന്ത്രി സമാജമെന്ന ബ്രാഹ്‌മണ തന്ത്രിമാരുടെ കൂട്ടായ്മയാണ്.

ബ്രാഹ്‌മണര്‍ മാത്രമേ പൂജാരിയാവാന്‍ പാടുള്ളൂവെന്ന് തന്ത്ര സമുച്ചയവും കുഴിക്കാട്ട് പച്ചയും പ്രയോഗ മഞ്ജരിയും ഉള്‍പ്പെടെയുള്ള ഗ്രന്ഥങ്ങള്‍ പറയുന്നുവെന്ന് ഉദ്ധരിച്ച് കൂട്ടായ്മ റിട്ട് പെറ്റീഷന്‍ നല്‍കിയിരുന്നു. ഇതൊക്കെ പരോക്ഷമായും മറ്റ് ചിലയിടങ്ങളില്‍ പ്രത്യക്ഷമായും തുടരുന്നുവെന്നാണ് തെളിയിക്കുന്നത്.

സത്യാഗ്രഹം നടന്ന വൈക്കത്ത് പോലും ജാതി താലപ്പൊലികള്‍ നടക്കുന്നുണ്ട്. ജാതി തിരിച്ചുള്ള താലപ്പൊലികള്‍, വൈക്കത്തെ ശ്രീകോവിലില്‍ ഇപ്പോഴും പൂജിക്കുന്നത് ബ്രാഹ്‌മണന്‍ തന്നെയാണ്. ഇത്തരത്തില്‍ സത്യാഗ്രഹം നടന്ന സ്ഥലത്ത് പോലും വിപ്ലവകരമായ മാറ്റം ഉണ്ടായിട്ടില്ല. മറ്റ് പല മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും ശ്രീകോവിലിനകത്തേക്ക് ആ വിപ്ലവം പ്രവേശിച്ചിട്ടില്ല. ആചാരത്തിന്റെയും പാരമ്പര്യത്തിന്റെയുമൊക്കെ പേരില്‍ ജാതി കൃത്യമായി തന്നെ നമ്മുടെ സമൂഹത്തില്‍ തുടരുകയാണ്. ജാതിയാണ് ആചാരം അതാണ് അതില്‍ തെളിഞ്ഞുനില്‍ക്കുന്നതും.

ശ്രീലക്ഷ്മി.എസ്: ശ്രീനാരായണ ഗുരുവും ഗാന്ധിയും വിഭാവനം ചെയ്ത പോലെ എല്ലാ മനുഷ്യരെയും ഒന്നായി കാണുകയും പരിഗണിക്കുകയും ചെയ്യുന്ന നിലയിലേക്ക് സമൂഹം എത്തിയിട്ടുണ്ടോ??

ടി.എസ്. ശ്യാംകുമാര്‍: ഗാന്ധിയും ശ്രീനാരായണ ഗുരുവും മനുഷ്യരെ ഒരു പോലെ കാണാന്‍ പറഞ്ഞിരുന്നു എന്ന് തുടങ്ങുന്ന ചോദ്യത്തില്‍ തന്നെ വൈരുദ്ധ്യമുണ്ട്. കാരണം, ഗാന്ധി മനുഷ്യരെ എല്ലാവരെയും ഒരു പോലെ കണ്ടിരുന്നോ എന്നതാണ്. ഗാന്ധി വര്‍ണാശ്രമ ധര്‍മത്തില്‍ വിശ്വസിച്ചിരുന്ന ആളാണ്. വര്‍ണാശ്രമമെന്ന് പറയുന്നത് മനുഷ്യരെ ശ്രേണീകരിക്കുന്ന, മനുഷ്യരെ നാലായി തരംതിരിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയാണ്.

1936ല്‍ കാസ്റ്റ് മസ്റ്റ് ഗോ എഴുതുമ്പോള്‍ അതിലെ ആദ്യ വാചകമായി ഗാന്ധി എഴുതിയത് താന്‍ വര്‍ണാശ്രമ ധര്‍മത്തില്‍ വിശ്വസിക്കുന്നു എന്നാണ്. വര്‍ണാശ്രമ ധര്‍മം അടിസ്ഥാനമായി മനുഷ്യരെ ഒന്നായി കാണുന്നില്ല. മനുഷ്യരെ നാലായി തരം തിരിച്ച് മേലോട്ട് പോകുമ്പോള്‍ ആഢ്യത്തം വര്‍ധിക്കുകയും താഴോട്ട് പോകുമ്പോള്‍ അടിമത്വം വര്‍ധിക്കുകയും ചെയ്യുന്ന വ്യവസ്ഥയാണ് വര്‍ണാശ്രമെന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥ. ആ ധര്‍മത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒരിക്കലും മനുഷ്യരെ തുല്യരായി കാണാന്‍ കഴിയില്ല.

ഗാന്ധി ഹരിജന്‍ എന്ന് വിളിച്ചതില്‍ തന്നെ ചില പ്രശ്നങ്ങളുണ്ട്. അംബേദ്കര്‍ ഉള്‍പ്പടെ അത് അംഗീകരിച്ചിരുന്നില്ല. ഇത്തരം പല പ്രശ്നങ്ങളും അതിലുണ്ട്. ദൈവത്തിന്റെ മക്കളായി ദളിതരെ പരിഗണിക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് പുറന്തള്ളല്‍ ഹിംസയെ വര്‍ധിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ മാവിന്റെ ഇല കടിച്ചുനോക്കി അതിലെ സത്തകള്‍ എല്ലാം ഒന്നാണെന്ന് കാണിച്ച് കൊണ്ട് ഇതുപോലെ മനുഷ്യരെല്ലാം ഒന്നാണെന്ന് ഗാന്ധിയെ ഗുരു ബോധ്യപ്പെടുത്തുന്നുണ്ട്.

മലയാളികള്‍ വായിക്കുന്ന പത്രങ്ങളിലെ വിവാഹ പരസ്യങ്ങളില്‍ വളരെ കൃത്യമായി ജാതി പരിപാലിച്ച് പോരുന്നവരാണ് മലയാളികള്‍ എന്ന് മനസിലാക്കാം

പക്ഷെ, പൊതുവിലുള്ള ആഖ്യാനം ഗുരുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗാന്ധിക്ക് മാറ്റങ്ങളുണ്ടായെന്നാണ്. അത് ചരിത്രപരമായി ശരിയായ കാഴ്ചപ്പാടല്ല. കാരണം, ഗുരുവിനെ കണ്ടതിന് ശേഷവും ഗാന്ധി തന്റെ വര്‍ണാശ്രമ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ട്. ഗുരുവിന്റെ സമാധിക്ക് ശേഷം ശിവഗിരിയിലും അതിന് മുമ്പ് കൂര്‍ക്കഞ്ചേരിയിലുമൊക്കെ നടന്ന സമ്മേളനങ്ങളില്‍ വര്‍ണാശ്രമ ധര്‍മം ഈശ്വരീയമാണെന്നും സാമ്പത്തിക ധര്‍മമാണെന്നും ഗാന്ധി പ്രസംഗിക്കുന്നുണ്ട്. അത്തരത്തില്‍ തന്റെ ജീവിതകാലം മുഴുവന്‍ വര്‍ണാശ്രമ ധര്‍മത്തില്‍ ഉറച്ചു നിന്നയാളാണ് ഗാന്ധി.

പക്ഷെ, ശ്രീനാരായണ ഗുരു തുടക്കം മുതല്‍ തന്നെ ഈ വര്‍ണാശ്രമ ധര്‍മത്തെ നിരാകരിക്കുകയും ചാതുര്‍വര്‍ണ്യ ധര്‍മത്തെയും അതിന്റെ ഉത്പത്തി കഥയെയും പരിഹസിക്കുന്നുമുണ്ട്. അത്തരം ഒരു സമീപനമായിരുന്നില്ല ഗാന്ധിയില്‍ നിന്നുണ്ടായത്. ഗാന്ധി വര്‍ണാശ്രമ ധര്‍മത്തില്‍ അഗാധമായി വിശ്വസിച്ചിരുന്നു. അത് കൊണ്ട് തന്നെ രണ്ട് വീക്ഷണ ഗതികള്‍ ഇതിനകത്ത് അന്തര്‍ലീനമായിട്ടുണ്ട്. അത് നമ്മള്‍ പരിഗണിക്കണം.

ശ്രീലക്ഷ്മി.എസ്: കേരളത്തിലെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമാണ് ക്ഷേത്ര പ്രവേശന വിളംബരം പോലെയുള്ള നവോത്ഥാന സമരങ്ങള്‍. എന്നാല്‍ ഇന്ന് ക്ഷേത്രങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും അയിത്തം പ്രകടമാവുകയല്ലേ?

ടി.എസ്. ശ്യാംകുമാര്‍: കേരളത്തിലെ ക്ഷേത്രങ്ങളില്‍ വളരെ കൃത്യമായി ജാതി പ്രാക്ടീസ് ചെയ്യപ്പെടുന്നുണ്ട്. അതിന്റെ ഒന്നാമത്തെ ഉദാഹരണമാണ് പൂജാരിമാര്‍ ഭക്തരെ തൊടാതെ തൊട്ടുകൂടായ്മ പുലര്‍ത്തുന്നത്. എന്ത് കൊണ്ടാണ് കേരളത്തിലെ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ മറ്റു മനുഷ്യരെ തൊടാത്തത്. ദേവസ്വം മന്ത്രിയായിരുന്നു കെ. രാധാകൃഷ്ണന്റെ കയ്യില്‍ എന്ത് കൊണ്ടാണ് കൊടി വിളക്ക് കൊടുക്കാത്തത്. ആചാരത്തിന്റെ പേരിലാണെന്നാണ് പറയുന്നത്. ജാത്യാചാരമാണത്, തൊട്ടുകൂടായ്മയാണത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഇപ്പോഴും പ്രസാദം എറിഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നത്.

ഇത്തരത്തില്‍ ആത്മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടമാണ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രപ്രവേശന സമരങ്ങള്‍.

എന്ത് കൊണ്ടാണ് ടി.കെ. മാധവന്റെയും സഹോദരന്‍ അയ്യപ്പന്റെയും നാരാണയ ഗുരുവിന്റെയും നേതൃത്വത്തില്‍ കേരളത്തില്‍ ക്ഷേത്ര പ്രവേശന സമരങ്ങള്‍ നടന്നത്. അത് ആത്മാഭിമാനിത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും വീണ്ടെടുപ്പും വിളംബരവുമായിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങള്‍ മനുഷ്യരെ തുല്യരായിട്ടായിരുന്നില്ല പരിഗണിച്ചിരുന്നത്. വ്യത്യസ്തരായിട്ടാണ് പരിഗണിച്ചിരുന്നത്. കടുത്ത വിവേചനമാണ് പുലര്‍ത്തിയിരുന്നത്.

കുഴിക്കാട്ട് പച്ച എന്ന തന്ത്ര ഗ്രന്ഥത്തില്‍ കേരളത്തില്‍ സവര്‍ണര്‍ ഒഴിച്ചുള്ള എല്ലാ അമ്പലവാസികളെയും അയിത്തക്കാരായും അവര്‍ അമ്പലത്തില്‍ കയറിയാല്‍ ക്ഷേത്രം അശുദ്ധമാകുമെന്നാണ് എഴുതിയത്. തന്ത്രസമുച്ഛയം, ശേഷസമുച്ഛയം, പ്രയോഗമഞ്ചരി തുടങ്ങി ഇരുന്നൂറിലധികം തന്ത്രഗ്രന്ഥങ്ങളില്‍ ഐത്തക്കാരായ ആളുകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അശുദ്ധമാകും എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

അവര്‍ണരായ മനുഷ്യരെല്ലാം ആത്മാഭിമാനമില്ലാത്ത അഴുക്ക് ജനങ്ങളാണെന്നാണ് ബ്രാഹ്‌മണ്യം വിധിയെഴുതിയത്. ആ ബ്രാഹ്‌മണ്യ വിധിക്കെതിരെയാണ് നാരായണഗുരു സ്വാമികളുടെയും ടി.കെ. മാധവന്റെയും നേതൃത്വത്തില്‍ കേരളത്തില്‍ വലിയ പോരാട്ടം അരങ്ങേറിയത്. സമത്വത്തിനും സാഹോദര്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരമായിരുന്നു.

വിനോഭഭാവെ കേരളത്തില്‍ വന്നപ്പോള്‍ നാരായണ ഗുരുവുമായിട്ടുള്ള സംഭാഷണത്തില്‍ ഗുരു ചോദിക്കുന്നുണ്ട്, താങ്കളൊരു വൈഷ്ണവനല്ലേ, താങ്കളുടെ വിശ്വാസ പ്രകാരം ഒരാള്‍ക്ക് ദൂരത്ത് നിന്ന് ക്ഷേത്രം കാണാനും ക്ഷേത്രം കണ്ടാല്‍ അകത്ത് പ്രവേശിക്കാനും അകത്ത് പ്രവേശിച്ചാല്‍ വിഗ്രഹം കാണാനും വിഗ്രഹം കണ്ടാല്‍ ശ്രീകോവിലിനകത്ത് പ്രവേശിക്കാനും തോന്നുന്നതില്‍ തെറ്റുണ്ടോ എന്ന്. ഈ ചോദ്യം വിനോക്ക് തീരെ ഇഷ്ടപ്പെട്ടില്ലെന്ന് നടരാജഗുരു എഴുതിയിട്ടുണ്ട്.

ഇത്തരത്തില്‍ ആത്മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടമാണ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രപ്രവേശന സമരങ്ങള്‍. അത്തരം ആത്മാഭിനാത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളെ നമ്മള്‍ എവിടെയെത്തിച്ചു എന്നുള്ളതിന്റെ ഉദാഹരണമാണ് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നിന്ന് നമ്മളിപ്പോള്‍ കാണുന്നത്. അവിടുത്തെ തന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് കഴിയാത്തത് ബ്രാഹ്‌മണപ്പേടി നമ്മുടെ സമൂഹത്തെ ബാധിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണ്.

ബ്രാഹ്‌മണരെയും ബ്രാഹ്‌മണ്യത്തെയും വല്ലാത്ത ഭയന്നാണ് സമൂഹത്തിന്. ഭരണഘടനാപരമായ സമത്വത്തെയും സാഹോദര്യത്തെയും സ്വാതന്ത്ര്യത്തെയും ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം അയിത്തത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിലേക്ക് അറിഞ്ഞോ അറിയാതെയോ നമ്മുടെ സമൂഹം എത്തപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ഒരു ബ്രാഹ്‌മണന്‍ തന്നെ പൂജാരിയാകണമെന്ന് സമൂഹം ആഗ്രഹിക്കുന്നത്.

സുരേഷ് ഗോപി

അതുപോലെ തന്നെ നമ്മുടെ ഒരു ജനപ്രതിനിധി പറഞ്ഞത് അടുത്ത ജന്മത്തില്‍ തനിക്ക് ബ്രാഹ്‌മണനായി ജനിക്കണമെന്നാണ്. ബ്രാഹ്‌മണനായി തനിക്ക് ജനിക്കണമെന്ന് പറഞ്ഞതിലൂടെ ഭരണഘടന മുന്നോട്ടുവെക്കുന്ന സാഹോദര്യവും സമത്വവും സ്വാതന്ത്ര്യവും അംഗീകരിക്കുന്നില്ല എന്നാണ്.

കാരണം ബ്രാഹ്‌മണ്യത്തിന്റെ ശ്രേണീകരണ യുക്തിയനുസരിച്ച് ബ്രാഹ്‌മണനാണ് ഏറ്റവും മുകളില്‍. അങ്ങനെ ഉന്നതകുല ജാതനായി ജനിക്കുക എന്ന് പറയുന്ന തിര്‍ത്തും ജനാധിപത്യ വിരുദ്ധമായ ഒരു സങ്കല്‍പമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ഈ നിലയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നിരിക്കുന്നു. അത് അടിസ്ഥാനപരമായി ഹിന്ദുത്വത്തിന് വളരാനുള്ള വളക്കൂറുള്ള മണ്ണ് സൃഷ്ടിക്കുമെന്നാണ് തിരിച്ചറിയേണ്ടത്.


ഡോ. ടി.എസ്.ശ്യാം കുമാറുമായി ഡൂള്‍ന്യൂസ് നേരത്തെ നടത്തിയ അഭിമുഖത്തിന്റെ മൂന്ന് ഭാഗങ്ങള്‍ താഴെയുള്ള ലിങ്കുകളില്‍ ക്ലിക് ചെയ്ത് കാണാം

ഭാഗം ഒന്ന്

ഭാഗം രണ്ട്

ഭാഗം മൂന്ന്‌


content highlights: On the occasion of the 100th anniversary of the meeting between Gandhi and Sree Narayana Guru, Interview with Dr. T.S.  Shyam Kumar

ശ്രീലക്ഷ്മി എസ്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം