ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം ഊഴത്തിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ്. എ.ഐ.സി.സി റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് തയ്യാറാക്കിയ ‘വാഗ്ദാനവും യാഥാര്‍ത്ഥ്യവും’ (Promise versus Reality) എന്ന 75 പേജുള്ള വിശദമായ രേഖ പുറത്തിറക്കിക്കൊണ്ടാണ് കോണ്‍ഗ്രസ് മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചത്.
കഴിഞ്ഞ 12 വര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ വലിയ പ്രഖ്യാപനങ്ങളും ആഡംബര പ്രസ്താവനകളും തലക്കെട്ടുകളും മാത്രമാണ് ഉണ്ടായതെന്നും, ജനങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തില്‍ അര്‍ത്ഥവത്തായ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
തൊഴിലില്ലായ്മയും യുവാക്കളുടെ പ്രതിസന്ധിയുമാണ് റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന്. ഇന്ത്യയെ ലോകത്തിന്റെ തൊഴില്‍ കേന്ദ്രമാക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം നല്‍കിയെങ്കിലും നിലവിലെ സാഹചര്യം ദയനീയമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ പത്തില്‍ നാല് ബിരുദധാരികളും രാജ്യത്ത് തൊഴിലില്ലാത്തവരാണ്. നഗരപ്രദേശങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 18.4 ശതമാനമായി ഉയര്‍ന്നു. തൊഴിലില്ലാത്ത ബിരുദധാരികളില്‍ വെറും 7 ശതമാനം പേര്‍ക്ക് മാത്രമാണ് ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥിര ശമ്പളമുള്ള ജോലി ലഭിക്കുന്നതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
പാചകവാതകവും ഉജ്ജ്വല പദ്ധതിയിലെ വെട്ടിക്കുറയ്ക്കലുകളും കൊണ്ടുവന്ന് സാധാരണക്കാരായ സ്ത്രീകളെയും കുടുംബങ്ങളെയും സര്‍ക്കാര്‍ വലിയ രീതിയില്‍ വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടില്‍ നിന്ന് നാലായി സര്‍ക്കാര്‍ വെട്ടിക്കുറച്ചു. കഴിഞ്ഞ വര്‍ഷം ഇത് ഒമ്പതാക്കി കുറച്ചിരുന്നതാണ് ഇപ്പോള്‍ നാലിലേക്ക് എത്തിച്ചിരിക്കുന്നത്.
വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പൂര്‍ണമായി ലംഘിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ്, 2014 മുതല്‍ ഇതുവരെയുള്ള വിലവര്‍ധനവിന്റെ കണക്കുകള്‍ നിരത്തിയാണ് തങ്ങളുടെ വാദത്തെ സാധൂകരിച്ചത്.
പാചകവാതക വില: 123% വര്‍ധനവ്
പെട്രോള്‍: 44% വര്‍ധനവ്
ഡീസല്‍: 73% വര്‍ധനവ്
പാല്‍: 71% വര്‍ധനവ്
പയര്‍വര്‍ഗ്ഗങ്ങള്‍: 84% വര്‍ധനവ് – എന്നിങ്ങനെയാണ് കഴിഞ്ഞ 12 വര്‍ഷത്തില്‍ വിലവര്‍ധനവുണ്ടായതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
2024ഓടെ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നെങ്കിലും, നിലവില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 4 ട്രില്യണ്‍ ഡോളറിന് താഴെയാണെന്നും ഇന്ത്യ ലോകതലത്തില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നു. വിദേശ നിക്ഷേപകര്‍ ഇന്ത്യ വിടുന്നതിനൊപ്പം ഇന്ത്യന്‍ വ്യവസായികള്‍ പോലും ഭയം കാരണം വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നടത്തുകയാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
ആഗോള ലിംഗവിവേചന സൂചികയില്‍ (Global Gender Gap Index) ഇന്ത്യ 108ാം സ്ഥാനത്ത് നിന്ന് 131ാം സ്ഥാനത്തേക്ക് വന്‍ തകര്‍ച്ച നേരിട്ടു. തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് അവസരങ്ങള്‍ കുറയുകയാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം രാജ്യത്ത് 40,000 ചെറുകിട വ്യവസായങ്ങളാണ് അടച്ചുപൂട്ടിയത്. നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും ഈ മേഖലയെ തളര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
രാജ്യത്തുടനീളം കനത്ത ജനാധിപത്യ ധ്വംസനമാണ് നടക്കുന്നത്. ഏകദേശം 6.5 കോടി വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി രാജീവ് ഗൗഡ അവകാശപ്പെട്ടു. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഏല്‍പ്പിച്ച വലിയ തിരിച്ചടിയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.
മോദി വലിയ വാഗ്ദാനങ്ങള്‍ നല്‍കിയ സ്മാര്‍ട്ട് സിറ്റികള്‍ എവിടെയും കാണാനില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. റെയില്‍വേ രംഗം വലിയ പ്രതിസന്ധികളും കോണ്‍ഗ്രസ് എണ്ണിയെണ്ണി ചൂണ്ടിക്കാട്ടി.
ട്രെയിനുകള്‍ നിരന്തരം വൈകിയോടുന്നു, അമിതമായ തിരക്ക് അനുഭവപ്പെടുന്നു. 2024-25 കാലയളവില്‍ മാത്രം 31 വലിയ റെയില്‍ അപകടങ്ങള്‍ ഉണ്ടായി. എന്‍.സി.ആര്‍.ബി കണക്കുകള്‍ പ്രകാരം 22,413 പേര്‍ പാളങ്ങളില്‍ മരിച്ചു വീണു. അപകടങ്ങള്‍ കുറയ്ക്കാനായി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ‘കവച്’ സുരക്ഷാ സംവിധാനം വെറും 2 ശതമാനം ട്രാക്കുകളില്‍ മാത്രമാണ് ഇതുവരെ നടപ്പിലാക്കിയതെന്നും പ്രതിപക്ഷ കക്ഷി വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയില്‍ നിരന്തരമായ ചോദ്യപേപ്പര്‍ ചോര്‍ച്ചയാണ് നടക്കുന്നത്. ഇതുവരെ രാജ്യത്ത് 89 ചോദ്യപേപ്പര്‍ ചോര്‍ച്ചകളും 48 പുനപരീക്ഷകളും നടന്നു കഴിഞ്ഞു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി വെച്ച് പന്താടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജി വെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സാമ്പത്തിക നയങ്ങള്‍, വിദേശനയം, കൃഷി, പരിസ്ഥിതി, സാമൂഹിക നീതി തുടങ്ങിയ വിവിധ മേഖലകളില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ 75 പേജുള്ള കുറ്റപത്രമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
Content Highlight: On the anniversary of Modi 3.0, the Congress attacked the Centre with a document titled ‘Promise and Reality’.