ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവമാകുമെന്ന് പലരും പ്രവചിച്ച ഒഡീസി പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ഗ്രീക്ക് ഇതിഹാസകാവ്യത്തിന് ഹോളിവുഡ് മാന്ത്രികന്‍ ക്രിസ്റ്റഫര്‍ നോളന്‍ ഒരുക്കിയ ചലച്ചിത്രഭാഷ്യം വാക്കുകള്‍ക്കതീതമാണ്. പൂര്‍ണമായും ഐമാക്‌സ് ക്യാമറയില്‍ ചിത്രീകരിച്ച ആദ്യചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്.
പ്രേക്ഷക പ്രശംസക്കൊപ്പം തന്നെ ബോക്‌സ് ഓഫീസിലും മികച്ച മുന്നേറ്റമാണ് ഒഡീസി നടത്തുന്നത്. ആദ്യദിനം റെക്കോഡ് കളക്ഷനാണ് ഒഡീസി സ്വന്തം പേരിലാക്കിയത്. 50 മില്യണ്‍ (414 കോടി) വേള്‍ഡ്‌വൈഡായി ഒഡീസി സ്വന്തമാക്കി. ഒരു ‘R’ റേറ്റഡ് ചിത്രത്തിന്റെ ഏറ്റവുമുയര്‍ന്ന ഫസ്റ്റ് ഡേ കളക്ഷനാണിതെന്ന് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നു.
ആദ്യ വീക്കെന്‍ഡില്‍ 117 മില്യണ്‍ (949 കോടി) കളക്ഷനാണ് ഒഡീസി ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള ഐമാക്‌സ് സ്‌ക്രീനുകളില്‍ പലതും ഒഡീസിയുടെ തേരോട്ടമാണ്. പലയിടത്തും ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിക്കപ്പെടുന്നത്. ആദ്യ വീക്കെന്‍ഡില്‍ റെക്കോഡ് കളക്ഷന്‍ തന്നെ ചിത്രം നേടുമെന്ന് ഉറപ്പാണ്.
ഇന്ത്യയിലും മികച്ച വരവേല്പാണ് ഒഡീസിക്ക് ലഭിക്കുന്നത്. 20.7 കോടിയാണ് ഇന്ത്യയില്‍ നിന്ന് ഒഡീസി ആദ്യദിനം നേടിയത്. 8500നടുത്ത് ഷോസാണ് ആദ്യദിനം ഒഡീസിയുടേതായി ഉണ്ടായിരുന്നത്. ഐമാക്‌സ് സ്‌ക്രീനുകളില്‍ തന്നെയാണ് ചിത്രത്തിന് ഏറ്റവുമധികം ഡിമാന്‍ഡ്. പല വമ്പന്‍ സിനിമകളെക്കാളും വലിയ കളക്ഷനാണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടുന്നത്.
കേരളത്തില്‍ നിന്ന് 1.32 കോടിയാണ് ഒഡീസിക്ക് നേടാനായത്. ഒരു ഹോളിവുഡ് സിനിമക്ക് നേടാവുന്നതില്‍ വെച്ച് മികച്ച ഫസ്റ്റ് ഡേ കളക്ഷനാണിത്. അവതാര്‍ ഫയര്‍ ആന്‍ഡ് ആഷും കേരളത്തില്‍ നിന്ന് ആദ്യദിനം 1.3 കോടിയോളം നേടിയിരുന്നു. പ്രീമിയം സ്‌ക്രീനിങ് ഡിമാന്‍ഡ് ചെയ്യുന്നതിനാല്‍ സാധാരണ സ്‌ക്രീനുകളില്‍ ഒഡീസി വലിയ ചലനമുണ്ടാക്കുന്നില്ല.
ഡാര്‍ക്ക് നൈറ്റ് റൈസസിന് ശേഷം ക്രിസ്റ്റഫര്‍ നോളന്റെ അടുത്ത വണ്‍ ബില്യണ്‍ ക്ലബ്ബ് ഒഡീസിയിലൂടെ സാധ്യമാകുമെന്നാണ് കണക്കുകൂട്ടലുകള്‍. ബാര്‍ബിയുമായുള്ള ക്ലാഷ് കാരണം തലനാരിഴക്കാണ് ഓപ്പന്‍ഹൈമറിന് വണ്‍ ബില്യണെന്ന സ്വപ്‌നനേട്ടം സ്വന്തമാക്കാന്‍ സാധിക്കാത്തത്. ഒഡീസി ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്നാകുമെന്ന് ഉറപ്പാണ്.
Content Highlight: Odyssey made an opening of 50 million in Worldwide box office